പ്രോട്ടോക്കോൾ പ്രകാരം നിപ്പ ബാധിച്ച് മരിച്ച യുവാവിൻ്റെ മൃതദേഹം സംസ്കരിച്ചു

 

 കോഴിക്കോട്: നിപ്പ ബാധിച്ച് മരിച്ച യുവാവിൻ്റെ മൃതദേഹം സംസ്കരിച്ചു. വടകര കടമേരി ജുമാ മസ്ജിദ് ഖബറിസ്ഥാനിലാണ് ചടങ്ങ് നടന്നത്. കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യ പ്രവർത്തകരാണ് നിപ പ്രോട്ടോക്കോൾ പ്രകാരം ഖബറടക്കിയത്. രാത്രി 12.30ഓടെ സംസ്കാരം നടന്നു.

അതേസമയം ജില്ലയിൽ ഇതുവരെ നാല് പേർക്കാണ് നിപ്പ സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ കോഴിക്കോടും സമീപ ജില്ലകളിലും അതീവ ജാഗ്രത. കോഴിക്കോട് ജില്ലയില്‍ മരിച്ച രണ്ട് പേര്‍ക്കും സമ്പര്‍ക്കമുണ്ടായിരുന്ന രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്ന ഒമ്പത് വയസുകാരനും നിപ സ്ഥിരീകരിച്ചവരില്‍ ഉൾപ്പെട്ടിട്ടുണ്ട്.

127 ആരോഗ്യപ്രവര്‍ത്തകരടക്കം 168 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് മേഖലകളും ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.