ആദിത്യയാൻ ദൗത്യം ഉടൻ; അടുത്ത ലക്ഷ്യം ചൊവ്വയും ശുക്രനും : ISRO ചെയർമാൻ എസ് സോമനാഥ്

 

ചന്ദ്രയാൻ മൂന്നിൽ നിന്ന് വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ കിട്ടുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ചന്ദ്രയാൻ മൂന്ന് ദൗത്യത്തിനുശേഷം ആദ്യമായി കേരളത്തിലെത്തിയ സോമനാഥ് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ശുക്രനിലേക്കുമൊക്കെ നമ്മൾ സഞ്ചരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചൊവ്വയും ശുക്രനും വരും ലക്ഷ്യങ്ങളാണ്, ആദിത്യയാൻ ദൗത്യവും ഉടനുണ്ടാകും, അതിനുള്ള ആത്മവിശ്വാസമുണ്ടെന്നും ISRO ചെയർമാൻ ചൂണ്ടികാട്ടി. 

സൗര പര്യവേക്ഷണം ആദിത്യ L1 ലോഞ്ച് സെപ്റ്റംബർ ആദ്യവാരമുണ്ടാകും. തീയതി രണ്ട് ദിവസത്തിനുള്ളിൽ താൻ അനൗൺസ് ചെയ്യും.ചന്ദ്രയാൻ 
 നൂറു ശതമാനം വിജയകരമായ ദൗത്യമാണ്. ചന്ദ്രയാനിൽ നിന്ന് കൂടുതൽ  നല്ല ചിത്രങ്ങൾ പിന്നാലെ വരും.ഇത് ശാസ്ത്രലോകത്തിന് നൽകുന്ന സംഭാവന വലുതാണ്. വലിയ ആത്മവിശ്വാസമാണ് ഇസ്രോക്കും ഇതിലൂടെ ലഭിക്കുന്നത്. നിരവധി ദൗത്യങ്ങളാണ് വരാനിരിക്കുന്നതെന്നും ജപ്പാനുമായി ചേർന്നുള്ള ലൂപക്‌സ് പദ്ധതി അടക്കം വൈകാതെ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ചന്ദ്രയാൻ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ബെംഗ്ലൂരുവിൽ നേരിട്ടെത്തി ശാസ്ത്രജ്ഞരെ അഭിനന്ദിച്ചിരുന്നു