ഹിമാചൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന് അനുരാഗ് താക്കൂർ

 

ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ഒരു സീറ്റ് പോലും നേടില്ലെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അനുരാഗ് താക്കൂർ അവകാശപ്പെട്ടു.

ന്യൂഡൽഹി : ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒരു മാസം ശേഷിക്കെ വാക്പോര് ആരംഭിച്ച് രാഷ്ട്രീയ പാർട്ടികൾ. സംസ്ഥാനത്ത് എഎപി സർക്കാർ രൂപീകരിക്കാനുള്ള സാധ്യതകളെ പരിഹസിച്ചാണ് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ രംഗത്തെത്തിയത്. ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എഎപിക്ക് ഒരു സീറ്റ് പോലും നേടാൻ കഴിയില്ലെന്നും ഹിമാചലിൽ സർക്കാർ രൂപീകരിക്കുമെന്നും അനുരാഗ് താക്കൂർ അവകാശപ്പെട്ടു.

“ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം രേഖപ്പെടുത്തും. അതിനെക്കുറിച്ച് ആത്മവിശ്വാസമുള്ളതിനാൽ രേഖാമൂലം നൽകാം” താക്കൂർ ഉറപ്പിച്ചു പറഞ്ഞു.”പ്രേം കുമാർ ധുമാൽ വളരെക്കാലമായി സംസ്ഥാനത്തിന് വേണ്ടി പ്രവർത്തിക്കുന്നു, ഓരോ ബിജെപി പ്രവർത്തകനും അദ്ദേഹത്തെ ആരാധിക്കുന്നു. ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂട്ടായ പരിശ്രമത്തിലൂടെ ബിജെപി വിജയിക്കും,” താക്കൂർ അഭിപ്രായപ്പെട്ടു.

“ധൻതേരാസ് വേളയിൽ 75,000 യുവാക്കൾക്ക് ജോലി നൽകി – ഇത് ഒരു വലിയ സമ്മാനമാണ്. ആം ആദ്മി പാർട്ടിയെ സംബന്ധിച്ചിടത്തോളം അതിന്റെ വിദ്യാഭ്യാസ മന്ത്രി അഴിമതിയിൽപ്പെട്ടിരിക്കുകയാണ്. പഞ്ചാബിലെ ക്രമസമാധാന നില പൂർണ്ണമായും തകർന്നിരിക്കുന്നു,” താക്കൂർ കൂട്ടിച്ചേർത്തു.ഹിമാചൽ നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 12 നടക്കുക. ഫലം ഡിസംബർ 8 ന് പ്രഖ്യാപിക്കും.