സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നാലാം ശനി അവധി നല്‍കുമോ? ചര്‍ച്ച ഇന്ന്

 
ചീഫ് സെക്രട്ടറി ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് യോഗം വിളിച്ചത്. ഓണ്‍ലൈനായി യോഗം നടക്കും

സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാസത്തിലെ നാലാം ശനിയാഴ്ച്ച അവധി നല്‍കുമോ എന്ന കാര്യത്തില്‍ അന്തിമ ചര്‍ച്ച ഇന്ന് നടക്കും. കൂടാതെ ആശ്രിത നിയമനത്തില്‍ നിയന്ത്രണം കൊണ്ടു വരുന്നതും ഇന്ന് ചര്‍ച്ചയാകും. ചീഫ് സെക്രട്ടറി ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് യോഗം വിളിച്ചത്. ഓണ്‍ലൈനായി യോഗം നടക്കും.

സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നാലാം ശനിയാഴ്ച്ച അവധി നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം. അങ്ങനെയെങ്കില്‍ ജീവനക്കാരുടെ ഡ്യൂട്ടി സമയത്തിലും മാറ്റം വരും. നാലാം ശനിയാഴ്ച്ച അവധി നല്‍കിയാല്‍ മറ്റ് പ്രവൃത്തി ദിവസങ്ങളിലെ ജോലി വര്‍ധിപ്പിക്കുന്നതും ചര്‍ച്ചയാകും. സര്‍വ്വീസ് സംഘടനകളുടെ അഭിപ്രായം പരിഗണിച്ചാകും അന്തിമ തീരുമാനം ഉണ്ടാവുക.

അതേസമയം, ആശ്രിത നിയമനം അഞ്ച് ശതമാനമായി പരിമിതപ്പെടുത്താനാണ് ആലോചിക്കുന്നത്. സര്‍ക്കാര്‍ സര്‍വ്വീസിലിരിക്കെ മരിച്ചയാളുടെ ആശ്രിതരില്‍ യോഗ്യതയുള്ള ഒരാള്‍ ഒരു വര്‍ഷത്തിനകം ജോലി സ്വീകരിക്കാമെന്ന് സമ്മത പത്രം കൊടുത്താല്‍ മതിയെന്നാണ് നിര്‍ദേശം. നിയമനം ലഭിക്കാത്തവര്‍ക്ക് സമാശ്വാസമായി പത്ത് ലക്ഷം രൂപ ആശ്രിത ധനം നല്‍കാനും തീരുമാനമുണ്ടായേക്കും.