അമേരിക്കന്‍ പ്രസിഡന്റായി ഒരു മലയാളി വന്നാല്‍ എങ്ങനെ ഉണ്ടാവും, ചിലപ്പോള്‍ സംഭവിക്കാട്ടോ, അതിനുള്ള തയ്യാറെടുപ്പിലാണ് മലയാളിയായ വിവേക് രാമസ്വാമി....

 


2024ലാണ് അമേരിക്കയില്‍ അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുക. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിത്വത്തിനായി മത്സരിക്കാന്‍ മലയാളിയായ ഇന്ത്യന്‍ വംശജനും തയ്യാറെുക്കുകയാണ്. ബയോടെക് സംരംഭകനും ഫാര്‍മസി മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളുമായ വിവേക് രാമസ്വാമി എന്ന 37കാരനാണ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനുള്ള ശ്രമം ആരംഭിച്ചത്.

ഇയോവ സംസ്ഥാനത്തുനിന്നാണ് വിവേക് പ്രചാരണം ആരംഭിക്കുന്നതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥിത്വത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ശ്രദ്ധ നേടാനുള്ള ശ്രമമല്ലെന്നും വിവേക് രാമസ്വാമി വ്യക്തമാക്കി. അതേസമയം പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനായി നിക്കി ഹാലി നേരത്തെ തന്നെ പ്രചാരണം ആരംഭിച്ചിരുന്നു.

തിരുവനന്തപുരത്തുനിന്ന് അമേരിക്കയിലേക്ക് കുടിയേറിയ വിവേക് ഗണപതിയുടെയും ഡോ. ഗീതയുടെയും മകനായി 1985ല്‍ ഒഹായോയിലെ സിന്‍സിനാറ്റിയിലാണ് വിവേക് രാമസ്വാമിയുടെ ജനനം. ഇന്ത്യന്‍- അമേരിക്കന്‍ വംശജയായ ഡോ. അപൂര്‍വയാണ് ഭാര്യ. രണ്ട് മക്കളുണ്ട്. അമേരിക്കയിലെ യുവസംരംഭകരില്‍ ശ്രദ്ധേയനായ വിവേക് രാമസ്വാമി, ബയോടെക് മേഖലക്കൊപ്പം മരുന്നുകളുടെ കണ്ടുപിടിത്തം, ഉല്‍പാദനം എന്നിവയിലും പ്രവര്‍ത്തിക്കുന്നുണ്ട്. അഞ്ച് മരുന്നുകള്‍ക്ക് യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്. 500 ദശലക്ഷം ഡോളറിന്റെ സ്വത്തുണ്ടെന്നാണ് കണക്കുകൂട്ടല്‍.

കോഴിക്കോട് ആര്‍.ഇ.സിയില്‍നിന്ന് ബിരുദം നേടിയ വിവേര് രാമസ്വാമിയുടെ അച്ഛന്‍ വിവേക് ഗണപതി ജനറല്‍ ഇലക്ട്രിക്കില്‍ എന്‍ജിനീയറായാണ് പ്രവര്‍ത്തിച്ചിരുന്നത്. ഡോ. ഗീത ജെറിയാട്രിക് സൈക്യാട്രിസ്റ്റാണ്. 2016ലെ ഫോര്‍ബ്‌സ് മാഗസിന്‍ പട്ടികയില്‍ 40 വയസ്സില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ അമേരിക്കയിലെ 24ാമത് സമ്പന്നനും ആയിരുന്നു.