താല്‍ക്കാലിക വന്ധ്യത, ഗര്‍ഭം അലസിപ്പോകല്‍, വൈകല്യം;ബ്രഹ്‌മപുരത്തെ ഈ പുക വില്ലനാണ്!

 
തുടര്‍ച്ചയായി പിഎം 2.5 രാസമാലിന്യം വായുവിലൂടെ ശ്വാസകോശത്തിലെത്തുന്നത് പുരുഷന്മാരുടെ ബീജത്തിന്റെ ചലനശേഷിയെ പ്രതികൂലമായി ബാധിക്കും. സ്ത്രീകളില്‍ 2 മാസം തികയും മുന്‍പ് ഗര്‍ഭം അലസുന്നതിനും രാസമാലിന്യം കാരണമാവും. ഈ സാഹചര്യം മറികടന്നു മാസം തികയാതെ ജനിക്കുന്ന കുട്ടികളില്‍ ആജീവനാന്ത ആരോഗ്യപ്രശ്നങ്ങള്‍ക്കും രാസമാലിന്യം ഇടയാക്കുമെന്നും ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പു നല്‍കുന്നു.

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തത്തില്‍ ദിവസങ്ങളായി കൊച്ചി നഗരം ഒന്നടങ്കം ദുരിതത്തിലാണ്. വിഷപുകയില്‍ മൂടിയിരിക്കുകയാണ് ഇവിടം. പ്ലാന്റിലെ തീ അണയ്ക്കാനായെങ്കിലും ഇപ്പോഴും പുക ഉയരുകയാണ്. 30 ഫയര്‍ യൂണിറ്റുകളും, 125 അഗ്‌നി രക്ഷാ സേനാംഗങ്ങളും ചേര്‍ന്ന് അഞ്ച് ദിവസം നീണ്ടു നിന്ന ദൗത്യത്തിനൊടുവിലാണ് തീ അണച്ചത്. പുക ശമിപ്പിക്കുന്നതിനായി വ്യോമസേനയുടെ ഹെലികോപ്ടറുകള്‍ ശ്രമം തുടങ്ങി

മാലിന്യത്തിന്റെ അടിയില്‍ നിന്നും പുക ഉയരുന്ന സാഹചര്യത്തില്‍ ഇത് ശമിപ്പിക്കുന്നതിനായുള്ള ശ്രമം നാളെയും തുടരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. എന്നാല്‍ ഈ സാഹചര്യത്തില്‍ വലിയൊരു ആശങ്കകൂടി ഉയരുന്നുണ്ട്. ബ്രഹ്‌മപുരത്തെ വിഷപുകയുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ പഠനറിപ്പോര്‍ട്ടാണ് വലിയ ആശങ്ക സൃഷ്ടിക്കുന്നത്.

രാസബാഷ്പ കണികാമാലിന്യം (പിഎം 2.5) തുടര്‍ച്ചയായി ശ്വസിക്കാന്‍ ഇടവരുന്നതു പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും താല്‍ക്കാലിക വന്ധ്യതയുണ്ടാക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. രാസബാഷ്പ കണികാമാലിന്യത്തിന്റെ (പിഎം 2.5) അളവ് ഒരു ദിവസത്തെ ശരാശരി കണക്കിലെടുക്കുമ്പോള്‍ 50 പോയിന്റില്‍ കുറവായിരിക്കണം. എറണാകുളം ജില്ലയുടെ പലഭാഗങ്ങളിലും ശരാശരി നൂറിനും നൂറ്റിയന്‍പതിനും ഇടയിലാണു ശരാശരി രാസബാഷ്പ മാലിന്യത്തിന്റെ അളവ്. രാത്രി കൊച്ചി നഗരത്തിനും ചുറ്റുവട്ടത്തും ഇതിന്റെ അളവ് പലദിവസങ്ങളിലും 300 കടക്കുന്നുണ്ട്.

തുടര്‍ച്ചയായി പിഎം 2.5 രാസമാലിന്യം വായുവിലൂടെ ശ്വാസകോശത്തിലെത്തുന്നത് പുരുഷന്മാരുടെ ബീജത്തിന്റെ ചലനശേഷിയെ പ്രതികൂലമായി ബാധിക്കും. സ്ത്രീകളില്‍ 2 മാസം തികയും മുന്‍പ് ഗര്‍ഭം അലസുന്നതിനും രാസമാലിന്യം കാരണമാവും. ഈ സാഹചര്യം മറികടന്നു മാസം തികയാതെ ജനിക്കുന്ന കുട്ടികളില്‍ ആജീവനാന്ത ആരോഗ്യപ്രശ്നങ്ങള്‍ക്കും രാസമാലിന്യം ഇടയാക്കുമെന്നും ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പു നല്‍കുന്നു.

ആധുനിക കാലത്ത് പുരുഷന്മാരിലും സ്ത്രീകളിലും വന്ധ്യതാ നിരക്കു വര്‍ധിക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. മുന്‍കാലങ്ങളില്‍ ജനിതക കാരണങ്ങളും ജീവിതശൈലിയും വന്ധ്യതയ്ക്കു വഴിയൊരുക്കുമെന്നു കണ്ടെത്തിയിട്ടുണ്ട്.എന്നാല്‍ ഏറ്റവും പുതിയ ചില പഠനങ്ങള്‍ നഗരവല്‍ക്കരണവും അന്തരീക്ഷ മലിനീകരണവും വന്ധ്യതയ്ക്കു കാരണമാവുന്നതായി ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഗര്‍ഭം അലസുന്നതിനും മാസം തികയാതെയുള്ള പ്രസവത്തിനും കുട്ടികളുടെ ബുദ്ധിവികാസ കുറവിനും വായുമലിനീകരണം കാരണമാവുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഗര്‍ഭകാലത്ത് വായുമലിനീകരണം കുറഞ്ഞ ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍ അതിന്റെ ഗുണഫലങ്ങളും കാണാന്‍ കഴിയുന്നുണ്ട്.

അതേസമയം ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് മാലിന്യത്തിന്റെ അടിയില്‍നിന്ന് ഉയരുന്ന പുക ശമിപ്പിക്കുന്നതിന് നാലു മീറ്റര്‍ വരെ താഴ്ചയില്‍ മാലിന്യം ജെസിബി ഉപയോഗിച്ച് നീക്കി വലിയ പമ്പ് ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. തീപിടിത്തത്തെ തുടര്‍ന്ന് ആരോഗ്യപരമായ മുന്‍കരുതലിന്റെ ഭാഗമായി ഇന്നും സ്‌കൂളുകള്‍ക്ക് നിയന്ത്രിത അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

വടവുകോട് - പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം, കുന്നത്തുനാട് ഗ്രാമപഞ്ചായത്തുകള്‍, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് മുനിസിപ്പാലിറ്റികള്‍, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ അങ്കണവാടികള്‍, കിന്റര്‍ഗാര്‍ട്ടണ്‍, ഡേ കെയര്‍ സെന്ററുകള്‍ എന്നിവയ്ക്കും സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളിലെ ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും അവധിയാണ്.