ജീവനക്കാരെ പുറത്താക്കുന്ന നടപടി ടെക് കമ്പനികള്‍ തുടരുന്നു, കഴിഞ്ഞ വര്‍ഷം മാത്രം പുറത്താക്കിയത് ഒരു ലക്ഷം ജീവനക്കാരെ. 2023 ജനുവരിയില്‍ മാത്രം പിരിച്ചുവിടപ്പെട്ടത് 30000 പേര്‍. 

 

വന്‍കിട ടെക് കമ്പനികള്‍ അവരുടെ ജീവനക്കാരെ കുറക്കുന്നതിന്റെ ഭാഗമായുള്ള നടപടികള്‍ ഈ വര്‍ഷവും തുടരുന്നു. കഴിഞ്ഞ വര്‍ഷം മാത്രം വിവിധ കമ്പനികളില്‍ നിന്നായി ഒരു ലക്ഷം ജീവനക്കാരെയാണ് പുറത്താക്കിയത്.ഈ വര്‍ഷം ജനുവരിയില്‍ മാത്രം 30000 പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. 2023ല്‍ ടെക് മേഖലയില്‍ നിന്നും പ്രതിദിനം 1600 പേര് പുറത്തു പോകുന്നതായാണ് കണക്ക്.

കോവിഡിന് ശേഷമുളള വിപണിയിലെ ആഘാതം, വരുമാന വളര്‍ച്ചയിലെ കുറവ്, സാമ്പത്തിക മാന്ദ്യം എന്നീ പ്രതിസന്ധികളെ മറികടക്കാനായാണ് വിവിധ കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിടുന്നതെന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും ഒടുവില്‍ ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റാണ് ജീവനക്കാരെ വെട്ടിക്കുറയ്ക്കല്‍ പ്രഖ്യാപിച്ചത്. ആറ് ശതമാനത്തിലധികം ജീവനക്കാരെ കുറയ്ക്കുന്നതുവഴി കുറഞ്ഞത് 12000 പേര്‍ തൊഴില്‍രഹിതരാകും. കമ്പനിയുടെ ലാഭം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 27 ശതമാനം കുറഞ്ഞതായാണ് കമ്പനിയുടെ വിശദീകരണം.

ലോകത്തിലെ ഏറ്റവും വലിയ സോഫ്‌റ്റ്വെയര്‍ കമ്പനിയായ മൈക്രോസോഫ്റ്റും പിരിച്ചുവിടല്‍ നടപടികളിലാണ്. ആമസോണ്‍ (18000), സെയില്‍സ്‌ഫോഴ്‌സ് (8000), ട്വിറ്റര്‍ (3700), കോയിന്‍ബേസ് (950), സിസ്‌കോ (700) തുടങ്ങിയ സ്ഥാപനങ്ങളും ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയാണ്. ഇതിനുപുറമേ ബ്ലോക് ചെയിന്‍.കോം, ക്യാപിറ്റല്‍ വണ്‍, ക്രിപ്‌ടോ.കോം, ജെനസിസ്, ഷെയര്‍ചാറ്റ്, സ്റ്റിച്ച് ഫിക്‌സ്, യൂണിറ്റി സോഫ്‌റ്റ്വെയര്‍, വിമിയോ തുടങ്ങിയ സ്ഥാപനങ്ങളും പിരിച്ചുവിടല്‍ നടപടികള്‍ തുടരുകയാണ്.