വേട്ടക്കാരനോ ഇരയോ 'റിപ്പര്‍' ജയാനന്ദന്‍? ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍ പുറത്ത്

ജയാനന്ദനെതിരെ പോലീസ് കൊണ്ടുവന്ന തെളിവുകളെല്ലാം കെട്ടിച്ചമച്ചതോ

 

കൊച്ചി- കോള്‍ഡ് ബ്ലഡഡ് സീരിയല്‍ കില്ലര്‍ റിപ്പര്‍ ജയാനന്ദനെ മാത്രമേ മലയാളിക്ക് അറിയൂ. ഈ കൊലപാതകങ്ങളത്രയും ചെയ്തത് താനല്ലെന്ന് നിരന്തരം വാദിക്കുകയും ചിലതിലെങ്കിലും ജയിക്കുകയും ചെയ്ത ജയാനന്ദനനെ നമുക്കറിയില്ല. കോടതി വ്യവഹാരങ്ങളെക്കുറിച്ച് പ്രാഥമികമായ അറിവു പോലുമില്ലാത്ത ജയാനന്ദന്റെ ഭാര്യയെ അഭിഭാഷകന്‍ ലൈംഗികപീഢനത്തിനിരയാക്കിയത് അറിയില്ല. പോലീസ് അന്വേഷിക്കുന്ന സീരിയല്‍ കില്ലര്‍ അതുവരെ യാതൊരു ക്രിമിനല്‍ കേസിലും പെട്ടിട്ടില്ലാത്ത, എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള നിര്‍ധനകുടുംബി സമുദായത്തില്‍ പെട്ട ജയാനന്ദനാണെന്ന് പോലീസിന് ആദ്യം വിവരം നല്‍കിയ തമ്പി എന്ന ക്രിമിനലിനെ അറിയില്ല. റിപ്പര്‍ ജയാനന്ദനുമായി ബന്ധപ്പെട്ട് മലയാളികള്‍ ഇതുവരെയും വാര്‍ത്തകളിലൊന്നും കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ഞെട്ടിക്കുന്ന രഹസ്യങ്ങള്‍ അനാവരണം ചെയ്യുന്ന സമഗ്രമായ അന്വേഷണാത്മക റിപ്പോര്‍ട്ട് 'ദി ന്യൂസ് മിനിറ്റി'ലൂടെ പുറത്തുകൊണ്ടുവന്നിരിക്കുന്നത് എം കെ നിധീഷ് എന്ന പത്രപ്രവര്‍ത്തകനാണ്. 
എറണാകുളം ജില്ലയിലെ അതിര്‍ത്തി ഗ്രാമമായ പുത്തന്‍വേലിക്കരയില്‍ ദേവകി എന്ന 50 വയസ്സുകാരി വീട്ടമ്മ തലക്കടിയേറ്റ് ക്രൂരമായി കൊല്ലപ്പെടുകയും വിമുക്തഭടനായ ഭര്‍ത്താവിന് തലക്കേറ്റ അടിയില്‍ മാരകമായി പരിക്കേല്‍ക്കുകയും ചെയ്ത 2006 ഒക്ടോബര്‍ രണ്ടിന് ശേഷം ഗ്രാമമാകെ ഭീതിയുടെ മുള്‍മുനയിലായിരുന്നു. ക്രൂരനായ കൊലയാളിയെ വലയിലാക്കാന്‍ നാട്ടിലെ ചെറുപ്പക്കാര്‍ ഉറക്കമിളച്ച് കാവലിരുന്നു. രാത്രി സംശയകരമായി റോഡില്‍ കാണപ്പെട്ട ചിലരെ നാട്ടുകാര്‍ കൈകാര്യം ചെയ്തു. ഒരുമാസമായിട്ടും പ്രതിയെക്കുറിച്ച് ഒരു തുമ്പും കണ്ടെത്താന്‍ കഴിയാതെ പോലീസിന്റെ ആത്മവീര്യം ചോര്‍ന്നു നിന്ന സമയം. ആ സമയത്താണ് പുത്തന്‍വേലിക്കരയില്‍ നിന്നും പത്തുകിലോമീറ്റര്‍ മാത്രം അകലെ തൃശൂര്‍ ജില്ലയിലെ കൃഷ്ണന്‍കോട്ടയിലുള്ള മോഷണ കേസ് പ്രതിയായ തമ്പിയില്‍ നിന്നും പോലീസിന് ആ നിര്‍ണായക വിവരം ലഭിക്കുന്നത്. തന്നോടൊപ്പം ഷാപ്പില്‍ കള്ളു കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ പൊയ്യ ചെന്തുരുത്തി സ്വദേശിയായ ജയാനന്ദന്‍ എന്ന കൂലിപ്പണിക്കാരന്‍ വെളിപ്പെടുത്തിയതെന്ന് അവകാശപ്പെട്ടുകൊണ്ടാണ് കൊലനടത്തിയത് ജയാനന്ദനാണെന്ന സൂചന തമ്പി നല്‍കുന്നതും ഒരു തുമ്പിനു വേണ്ടി കാത്തിരുന്ന പോലീസ് ഞൊടിയിടയില്‍ ജയാനന്ദനെ കസ്റ്റഡിയിലെടുക്കുന്നതും. ദേവകി വധക്കേസില്‍ ആദ്യം സംശയത്തിന്റെ നിഴലില്‍ നിന്നയാളാണ് നിരവധി കേസുകളില്‍ പ്രതിയായിരുന്ന തമ്പി. തമ്പിയാണ് കൃത്യം നടത്തിയതെന്ന സംശയത്തില്‍ പോലീസ് ഇയാളെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് ജയാനന്ദനാണ് കൊല നടത്തിയതെന്നും തന്നോടൊപ്പം ഷാപ്പില്‍ കള്ളുകുടിക്കുന്നതിനിടെ ജയാനന്ദന്‍ ഇക്കാര്യം വെളിപ്പെടുത്തിയെന്നും തമ്പി പറയുന്നത്. തമ്പിയുടെ മൊഴി പൂര്‍ണമായും വിശ്വസിച്ച പോലീസ് ജയാനന്ദനെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് പറവൂര്‍ കണ്ണന്‍കുളങ്ങരയിലെ ഒരു രഹസ്യകേന്ദ്രത്തില്‍ മൂന്നു ദിവസം നിരന്തരം ഭേദ്യം ചെയ്ത് കുറ്റം സമ്മതിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നടന്ന സമാനസ്വഭാവമുള്ള കൊലപാതക കേസുകളെല്ലാം ജയാനന്ദനു മേല്‍ ചുമത്തപ്പെട്ടു. ജയാനന്ദനാണ് ദേവകി വധക്കേസില്‍ പോലീസ് തിരയുന്ന റിപ്പര്‍ എന്ന കാര്യം പോലീസിനെ അറിയിച്ച തമ്പി എന്ന മോഷ്ടാവിനെ പോലീസ് കോടതിയില്‍ നിന്നും സമര്‍ഥമായി മറച്ചു പിടിച്ചു. 
ഒരു മോഷ്ടാവിനെ പിടികൂടിയാല്‍ സമീപ സ്ഥലങ്ങളില്‍ നടന്ന എല്ലാ മോഷണക്കേസുകളും അവന്റെ തലയില്‍ വെച്ചു കെട്ടുന്ന പോലീസ് അന്വേഷണ രീതിയെക്കുറിച്ച് നമ്മള്‍ ഒരുപാട് കേട്ടിട്ടുണ്ട്. ഒരു കൊലപാതക കേസില്‍ അറസ്റ്റ് ചെയ്തയാളെ സീരിയല്‍ കില്ലറാക്കി ഒരുപാട് കേസുകള്‍ ചാര്‍ത്തിക്കൊടുത്ത് വധശിക്ഷ വാങ്ങിക്കൊടുക്കുന്ന അന്വേഷണ രീതി നമുക്ക് അത്ര പരിചിതമല്ല. ജയാനന്ദന്റെ കേസില്‍ സംഭവിച്ചത് അതാണെന്ന് കേസുകളുടെ നാള്‍വഴികള്‍ കാണിച്ചു തരുന്നു.
പുത്തന്‍വേലിക്കര ദേവകി വധക്കേസില്‍ അറസ്റ്റിലായ ജയാനന്ദന്‍, മാള ഇരട്ടക്കൊലപാതക കേസിലും പെരിഞ്ഞനം ഇരട്ടക്കൊലപാതക കേസിലും മാളയില്‍ തന്നെ സെക്യൂരിറ്റിക്കാരനെ തലക്കടിച്ചുകൊന്ന കേസിലും വടക്കേക്കര ഏലിക്കുട്ടി വധക്കേസിലും എറണാകുളം പോണേക്കരയില്‍ വൃദ്ധ ദമ്പതികളെ തലക്കടിച്ചുകൊന്ന കേസിലും പ്രതിയായി. പെരിഞ്ഞനം ഇരട്ടക്കൊലപാതക കേസില്‍ അന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജായിരുന്ന ബി കെമാല്‍പാഷയും ദേവകി വധക്കേസില്‍ സി ബി ഐ സ്‌പെഷ്യല്‍ കോടതിയും ജയാനന്ദന് വധശിക്ഷ വിധിച്ചു. എന്നാല്‍ വധശിക്ഷ വിധിച്ച പെരിഞ്ഞനം ഇരട്ടക്കൊലപാതക കേസില്‍ ജയാനന്ദനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. സുപ്രീം കോടതി ഈ വിധി ശരിവെച്ചു. ദേവകി വധക്കേസില്‍ വധശിക്ഷ ജീവപര്യന്തമായി കുറച്ചു. മാള ഇരട്ടക്കൊലപാതക കേസിലും സെക്യൂരിറ്റിക്കാരനെ കൊന്ന കേസിലും വിചാരണ കോടതി തന്നെ ജയാനന്ദനെതിരെ തെളിവില്ലെന്ന് കണ്ടെത്തി വെറുതെ വിട്ടു. പോണേക്കര ഇരട്ടക്കൊലക്കേസിന്റെ വിചാരണ ആരംഭിച്ചിട്ടില്ല. ജയാനന്ദന്‍ കുറ്റക്കാരനെന്ന് വിചാരണ കോടതികളും മേല്‍ക്കോടതികളും വിധിച്ചത് ദേവകി വധക്കേസിലും ഏലിക്കുട്ടി വധക്കേസിലുമാണ്. പോലീസ് ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ജയാനന്ദനെ ശിക്ഷിച്ചത്. എന്നാല്‍ പോലീസ് കോടതിയില്‍ ഹാജരാക്കിയതത്രയും കെട്ടിച്ചമച്ച തെളിവുകളാണെന്ന് ഇവയെ പിന്തുടര്‍ന്ന് രണ്ടുവര്‍ഷമെടുത്ത് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായതായി നിധീഷ് പറയുന്നു.
പ്രധാന കേസായ പുത്തന്‍വേലിക്കര ദേവകി വധക്കേസില്‍ ജയാനന്ദനാണ് കൃത്യം നടത്തിയതെന്ന് സ്ഥാപിക്കാനായി പോലീസ് ഹാജരാക്കിയ തെളവുകളെല്ലാം വ്യാജമായിരുന്നുവെന്നാണ് നിധീഷിന്റെ പ്രധാന കണ്ടെത്തല്‍. വ്യാജ തെളിവുണ്ടാക്കിയും വ്യാജസാക്ഷിമൊഴികള്‍ എഴുതിപ്പിടിപ്പിച്ചുമാണ് ജയാന്ദനെതിരെ പോലീസ് കുറ്റപത്രം തയ്യാറാക്കിയതെന്ന് ഇവയുടെയെല്ലാം ആധികാരികത അന്വേഷിച്ചറിഞ്ഞതിലൂടെ ബോധ്യപ്പെട്ടതായി തെളിവുകള്‍ നിരത്തി നിധീഷ് വ്യക്തമാക്കുന്നു. ജയാനന്ദന്റെ രക്തം പുരണ്ട കാവിമുണ്ട് തെളിവുകളില്‍ പ്രധാനപ്പെട്ടതായിരുന്നു. എന്നാല്‍ രാസപരിശോധനയില്‍ കാവിമുണ്ടില്‍ രക്തം പുരണ്ടിട്ടില്ലെന്നാണ് കണ്ടെത്തിയത്. ദേവകിയുടെ ആഭരണങ്ങള്‍ കവര്‍ച്ച ചെയ്ത് ചാലക്കുടിയിലെ സ്വര്‍ണപ്പക്കടയില്‍ വിറ്റുവെന്നതിനും പോലീസ് തെളിവുണ്ടാക്കി. എന്നാല്‍ ഇത് വ്യാജമായി ഉണ്ടാക്കിയതാണെന്ന് സ്ഥാപനത്തിലെ ജീവനക്കാരന്‍ തന്നെ സാക്ഷ്യപ്പെടുത്തി. അടിക്കാനുപയോഗിച്ച ആയുധം ജയാനന്ദനെകൊണ്ട് വീണ്ടെടുപ്പിച്ചതടക്കം പോലീസിന്റെ തിരക്കഥയായിരുന്നുവെന്ന് യഥാര്‍ഥ സാക്ഷികളെ മുന്നില്‍ നിര്‍ത്തി  നിധീഷ് സ്ഥാപിക്കുന്നു. പോലീസ് ഹാജരാക്കിയ തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് ദേവകി വധക്കേസിലും ഏലിക്കുട്ടി വധക്കേസിലും ജയാനന്ദനെ കോടതി ശിക്ഷിക്കുന്നത്. എന്നാല്‍ ഈ തെളിവുകളെല്ലാം വ്യാജമായിരുന്നുവെന്ന് വരുന്നതോടെ ജയാനന്ദന്‍ വേട്ടക്കാരനോ ഇരയോ എന്ന ചോദ്യമാണ് മുഴങ്ങുന്നത്.കേസിന്റെ വിചാരണക്കിടെയാണ് ജയാനന്ദന്റെ ഭാര്യയെ അഭിഭാഷകന്‍ കാറില്‍ വെച്ച് പീഢിപ്പിച്ച സംഭവമുണ്ടായത്. പിന്നീട് അവര്‍ കോടതിയില്‍ പോയിട്ടില്ല. ഇതേക്കുറിച്ച് ജയാനന്ദനോട് പറഞ്ഞപ്പോള്‍ ഇനി വക്കീലന്‍മാരുടെ അടുത്തും കോടതിയിലും പോകേണ്ടെന്നായിരുന്നു ജയാനന്ദന്റെ പ്രതികരണം. ജയാനന്ദന്റെ മൂത്ത മകള്‍ കീര്‍ത്തി ഇപ്പോള്‍ അഭിഭാഷകയും രണ്ടാമത്തെ മകള്‍ കാശ്മീര മെഡിക്കല്‍ വിദ്യര്‍ഥിയുമാണ്. ജയാനന്ദന്‍ അറസ്റ്റിലാകുമ്പോള്‍ 11 ഉം ഏഴും വയസ്സായിരുന്നു ഇവരുടെ പ്രായം.