ഇതുവരെയില്ല, ഇനി ഉണ്ടാവുകയുമില്ല ഇതു പോലൊരു ജനനായകന്‍

അവസാനമായി യാത്ര പറയാന്‍ രാത്രി പകലാക്കി മഴയും വെയിലും മഞ്ഞും വകവെക്കാത  മുദ്രാവാക്യം വിളിച്ചവര്‍, വിങ്ങിപ്പൊട്ടി കരഞ്ഞവര്‍, അവരൊന്നും രാഷ്ട്രീയക്കാരായിരുന്നില്ല.. സ്‌നേഹത്തിന്റെ നൂലില്‍ ഹൃദയം കൊരുത്തുവെച്ച സാധാരണക്കാരില്‍ സാധാരണക്കാരായിരുന്നു അവരിലേറെയും..

 

കഴിഞ്ഞ അരനൂറ്റാണ്ടുകാലം  പുതുപ്പള്ളിയുടെ ജീവനും ശ്വാസവും ശബ്ദവുമായി ആ വെള്ളക്കുപ്പായക്കാരന്‍.കഴിഞ്ഞ അന്‍പത് വര്‍ഷത്തിലധികമായി തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് ഉമ്മന്‍ചാണ്ടി കടന്നുപോയത് മൂന്ന് മണിക്കൂറിനുള്ളിലാണ്.  ആ എം സി റോഡിലൂടെ ഇന്നലെ ഒരിക്കല്‍ കൂടി ഉമ്മന്‍ചാണ്ടി കടന്നുപോയി.. ആ യാത്ര പക്ഷേ ഒരു പകലും രാത്രിയും  പിന്നിട്ടാണ് പുതുപ്പള്ളിയിലെത്തിയത്..അതിവേഗം ബഹുദൂരം ജനഹൃദയങ്ങളിലൂടെ തേരോട്ടം നടത്തിയാണ് ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി ഹൗസില്‍ നിന്ന് പുതുപ്പള്ളിയിലേക്ക് മടങ്ങിയത്.. അന്‍പത്തിമൂന്ന് വര്‍ഷം മുന്‍പ് ഒരു ഇരുപത്തിയേഴുകാരന്‍ പുതുപ്പള്ളിയെ മനസ്സില്‍ ആവാഹിച്ച് നിയമസഭയിലേക്കെത്തി.

കേരളം അടുത്തെങ്ങും ഇത്ര മേല്‍ ഒരു നേതാവിനെയും ഇത്രമേല്‍ നെഞ്ചിലേറ്റിയിട്ടില്ല. മന്ത്രിയായും പ്രതിപക്ഷനേതാവായും മുഖ്യമന്ത്രിയായുമെല്ലാം അദ്ദേഹം പകര്‍ന്നാട്ടം നടത്തിയപ്പോഴും അടിസ്ഥാനപരമായി അയാളൊരു പുതുപ്പള്ളിക്കാരനായിരുന്നു. എല്ലാ ഞായറാഴ്ചയും പുതുപ്പള്ളി പള്ളിയില്‍ എത്തും നാട്ടുകാരുടെ പ്രശ്‌നങ്ങള്‍ കണ്ടും കേട്ടും പരിഹരിച്ചും ഒരു ചെറുചിരിയോടെ ആശ്വാസവാക്കുകളുമായി നാട്ടുകാരില്‍ ഒരാളായി തുടരും.. പുതുപ്പള്ളിയെന്ന സ്ഥലപ്പേര് പേരിനൊപ്പം ചേര്‍ത്ത നേതാവല്ലായിരുന്നില്ല ഉമ്മന്‍ചാണ്ടി.  പക്ഷേ പുതുപ്പള്ളിയെന്നാല്‍ ഉമ്മന്‍ചാണ്ടിയും ഉമ്മന്‍ചാണ്ടി എന്നാല്‍ പുതുപ്പള്ളിയുമായി.

കോണ്‍ഗ്രസും യു ഡി എഫും രാഷ്ട്രീയ പ്രതിസന്ധി നേരിട്ടപ്പോഴൊക്കെ സൌമ്യ സാന്നിധ്യമായി പാര്‍ട്ടിക്കുമുന്നില്‍ സഹ്യനെപ്പോലെ തലയെടുപ്പില്‍ ഉമ്മന്‍ചാണ്ടി തലയുയര്‍ത്തി നിന്നു. രാഷ്ട്രീയ സമവാക്യങ്ങള്‍ മാറി മറഞ്ഞപ്പോഴും ഗ്രൂപ്പ് പോരുകള്‍ മുറുകിയ കാലത്തും ശബ്ദമുയര്‍ത്തി പറഞ്ഞിട്ടില്ല ഉമ്മന്‍ചാണ്ടി. ശത്രുക്കളെ പോലും സ്വതസിദ്ധമായ ചിരിയോടെ മറികടക്കാന്‍ ആര്‍ജവം നേടുകയായിരുന്നു അദ്ദേഹം.. മുഖ്യമന്ത്രിക്കാലത്ത് കേരളമുടനീളം നടന്ന് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിഞ്ഞ് പരിഹാരം കണ്ട ആ ജനകീയ നേതാവിന്  യാത്ര പറയുകയാണ് നാട്..

അവസാന യാത്രയില്‍ തിരുവനന്തപുരത്ത് നിന്ന് കോട്ടയം തിരുനക്കരയെത്താന്‍ എടുത്തത് 25 മണിക്കൂറിലധികം സമയം.  യാത്ര പറയാന്‍ രാത്രി പകലാക്കി മഴയും വെയിലും മഞ്ഞും വകവെക്കാത കാത്ത് നിന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാത്രമായിരുന്നില്ല. എം സി റോഡിനിരുവശവും കാത്തു നിന്ന് മുദ്രാവാക്യം വിളിച്ചവര്‍, വിങ്ങിപ്പൊട്ടി കരഞ്ഞവര്‍, അവരൊന്നും രാഷ്ട്രീയക്കാരായിരുന്നില്ല.. സ്‌നേഹത്തിന്റെ നൂലില്‍ ഹൃദയം കൊരുത്തുവെച്ച സാധാരണക്കാരില്‍ സാധാരണക്കാരായിരുന്നു അവരിലേറെയും.. ഇതുപോലൊരു യാത്രയപ്പ് സമീപ കാലത്തൊന്നും കേരളം കണ്ടിട്ടില്ല.

കാലങ്ങളായി ഞായറാഴ്ചകളില്‍ എത്തിയ പുതുപ്പള്ളി വലിയ പള്ളിയില്‍ ഒരിക്കല്‍ കൂടി കുഞ്ഞൂഞ്ഞ് എത്തുകയാണ്. ഇനിയൊരു വരവില്ലാത്ത യാത്ര പക്ഷേ ഞായറാഴ്ചയല്ല പ്രകൃതി കണ്ണീര്‍ പൊഴിക്കുന്ന കര്‍ക്കടമാസത്തിലെ വിറങ്ങലിച്ച വ്യാഴാഴ്ചയാണ്.. ദുഃഖവെള്ളി കടന്നു വരുന്ന ഞായറാഴ്ച ഉയിര്‍ത്തെഴുന്നേല്‍പ്പില്ലെന്ന് ഉറപ്പിച്ച് വലിയപള്ളി സെമിത്തേരിയിലെ പ്രത്യേക കല്ലറയില്‍ അന്ത്യവിശ്രമം.. വിശ്രമില്ലാതെ അഹോരാത്രം ജനങ്ങള്‍ക്ക് വേണ്ടി ഓടിയോടി തളര്‍ന്ന കേരള രാഷ്ട്രീയത്തിലെ അതികായന് രാഷ്ട്രീയ പാഠപുസ്തകത്തിന് ഇനി വിശ്രമകാലമാണ്..