'എന്നാ ഞാനൊരു സത്യം പറയട്ടെ- എനിക്കൊന്നും ഓര്‍മയില്ല'

 

കിലുക്കത്തിലെ ജസ്റ്റിസ് പിള്ളയുടെ വീട് എത്രമാത്രം ബോറാവുമായിരുന്നു അവിടെ കിട്ടുണ്ണി ഇല്ലായിരുന്നുവെങ്കില്‍.. സ്‌നേഹത്തില്‍ ചാലിച്ച വിദ്വേഷം കാത്തു സൂക്ഷിച്ച കിട്ടുണ്ണിയെ എന്തെല്ലാം പറഞ്ഞാണ് ജസ്റ്റിസ് ദേഷ്യപ്പെടുന്നത്. പക്ഷേ തിലകനും ഇന്നസെന്റും രേവതിയും മത്സരിച്ചഭിനയിച്ച ആ സീനുകള്‍ മലയാളത്തിലെ എവര്‍ഗ്രീന്‍ ആയി മാറിയത് എത്ര പെട്ടന്നാണ്. കിട്ടുണ്ണിയേട്ടാ ഇതുവരെ ശരിയാണോ

ഇതുവരെ വളരെ വളരെ ശരിയാണ്... മംംം കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട് കിട്ടുണ്ണി ഇത് കുറേ കേട്ടിട്ടുണ്ട് എന്ന് പറഞ്ഞു ജസ്റ്റിനെ മൂക്കുകൊണ്ട് ക്ഷ ഞ്ഞ ണ്ട ഠ എന്നെഴുക്കുമെന്ന് പ്രതിജ്ഞ ചെയ്ത് പോയ കിട്ടുണ്ണി പറ്റിക്കപ്പെട്ടുവെന്ന് മനസ്സിലാക്കി തിരികെ വരുമ്പോള്‍ അങ്ങേയറ്റം നിഷ്‌കളങ്കമായി പറയുന്നുണ്ട് ന്നാ ഞാനൊരു സത്യ പറയട്ടെ എനിക്കൊന്നും ഓര്‍മയില്ലെന്ന്.. മറ്റൊരു നടനെ പകരം വെച്ച് ഈ കഥാപാത്രം ചിന്തിക്കാന്‍ പോലും മലയാളികള്‍ക്കാവില്ല.

കാര്‍ന്നോരെ ഞാന്‍ കുത്തും കുടയാണ് എന്റെ കയ്യിലിരിക്കുന്നെ.. ഇവിടുത്തെ ഭാസുരേടെ ഭര്‍ത്താവാണ് എന്ന് പറഞ്ഞ് ഭയത്തിലും ചിരി കലര്‍ത്തിയ ഉണ്ണിത്താന്‍ ചേട്ടന്‍.
തട്ടാന്‍ ഭാസ്‌കരനെ ഒരുമയവുമില്ലാതെ പറ്റിക്കുന്ന പണിക്കരാശാന്‍. ഒരു ബെന്‍സിന് ഇപ്പോ എന്ത് വിലവരും എന്ന് നിഷ്‌കളങ്കമായി അന്വേഷിക്കുന്ന മഴവില്‍ കാവടിയിലെ ശങ്കരന്‍കുട്ടിമേനോന്‍
ദേവാസുരത്തിലെയും രാവണപ്രഭുവിലെയും വാര്യരമ്മാവന്‍ ചന്ദ്രലേഖയിലെ കോണ്ടസ, വിയറ്റ്‌നാം കോളനിയിലെ ജോസഫ്. ഇല്ല എണ്ണിയാലൊടുങ്ങിയ ആ കഥാപാത്രങ്ങള്‍. 

മറ്റൊരാളെ പകരം കാണിക്കാനില്ലാത്തെ എത്രയെത്ര കഥാപാത്രങ്ങളാണ് ഇന്നസെന്റ് എന്ന അന്വര്‍ഥമാക്കിയത്.  തമാശക്ക് പോലും ആ വേഷം മറ്റൊരാള്‍ ചെയ്തിരുന്നുവെങ്കില്‍ എന്ന് ചിന്തിക്കാനിട നല്‍കാത്ത വിധം ജനമനസ്സുകളില്‍ ഇടം പിടിച്ചവ. കെ പി എ സി ലളിത ഇന്നസെന്റ് കോമ്പിനേഷന്‍ അസാധാരണ മൈലേജാണ് നേടിയത്. രണ്ട് പേരും സ്‌ക്രീനില്‍ ഒന്നിച്ചെത്തിയാല്‍ ആ ചിത്രം പാതിവിജയിച്ചുവെന്നാണ് വസ്തുത. ജോഡികളല്ലാതിരുന്നിട്ടും വിയറ്റ്‌നാം കോളനിപൊലെയുള്ള സിനിമകളില്‍ എത്ര മനോഹരമായിരുന്നു ആ നിറഞ്ഞാട്ടങ്ങള്‍. തൊണ്ണൂറുകളിലെ ഹിറ്റ് ജോഡിയായി മാറിയവര്‍ കൂടിയാണ് ഇവര്‍.  കോട്ടയം കുഞ്ഞച്ചന്‍, മണിച്ചിത്രത്താഴ്, ശുഭയാത്ര, പൊന്‍മുട്ടയിടുന്ന താറാവ്,ഗജകേസരിയോഗം, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ അങ്ങനെ പോവുന്നു ആ പട്ടിക. ചില ചിത്രങ്ങളില്‍ കെ പി എ സി ലളിത കൂട്ടായി വേണമെന്ന് ഇന്നസെന്റ് പറയാറുണ്ടായിരുന്നുവത്രെ. ഗോഡ്ഫാദര്‍ പോലുള്ള ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചത് അങ്ങനെയായിരുന്നു പോലും.. 

സിനിമയുടെ തിരശ്ശീലക്കപ്പുറത്തെ നിറം മങ്ങിയ ജീവിതത്തെ നിറം ചാലിച്ചു പറഞ്ഞു കടന്നുപോയവരുടെ തലമുറയാണ് ഇല്ലാതാവുന്നത്. ജീവിതത്തിലെ തോല്‍വിയും ജയവും വേദനയും സന്തോഷവുമെല്ലാം നര്‍മത്തില്‍ ചാലിച്ച് ആവര്‍ത്തിച്ചു പറയുക എന്നത് കലയാണ്. ആ കല ആവോളം കനിഞ്ഞനുഗ്രഹിച്ച കലാകാരനാണ് കടന്നു പോവുന്നത്. കൊച്ചിയിലെ രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയിത്തില്‍ അനക്കമില്ലാതെ ചില്ലുകൂട്ടില്‍ കിടക്കുമ്പോഴും ആ മനുഷ്യന്‍ ചുറ്റുമുള്ള ലോകത്തെ നോക്കി ഊറിയൂറിച്ചിരിക്കുന്നുണ്ടായിരിക്കും. ഓരോരുത്തരെയും കുറിച്ചുള്ള പുതിയ കഥകള്‍ മെനയാനുള്ള തയ്യാറെടുപ്പോടെ. സലിം കുമാര്‍ പറഞ്ഞതുപോല അങ്ങകലെയുള്ള ഷൂട്ടിങ്ങ് ലൊക്കേഷനിലേക്ക് പോവാനുള്ള ഒരുക്കത്തിലായിരിക്കും അപ്പോഴും ഇന്നസെന്റ്.

വെള്ളിത്തരക്ക് അകത്തും പറത്തും നര്‍മം വിടാതെ പിന്തുടര്‍ന്ന ഇന്നസെന്റ് അര്‍ബുദത്തെ പോലും ചിരിച്ചു തോല്‍പ്പിച്ചു. ഒരിക്കലല്ല പല തവണ. രോഗത്തിന്റെ എല്ലാ ഭീകരതയും അറിഞ്ഞ അദ്ദേഹം ജനപ്രതിനിധിയായി പാര്‍ലമെന്റില്‍ എത്തിയപ്പോഴും രോഗത്തെ മുതലെടുക്കുന്ന മരുന്നുമാഫിയയെ കുറിച്ചും അദ്ദേഹം വാചാലനായി. ഇടതുപക്ഷത്തെ പ്രതിനിധീകരിച്ച് പാര്‍ലമെന്റില്‍ എത്തിയപ്പോഴും സ്വതസിദ്ധമായ ശൈലി പിന്തുടര്‍ന്നത് രാഷ്ട്രീയ പ്രതിയോഗികള്‍ തുടക്കത്തില്‍ വിമര്‍ശിച്ചുവെങ്കിലും കേരളത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ ഉറച്ചു വാക്കുകള്‍ക്ക് അവര്‍ നിലപാട് മാറ്റുകയായിരുന്നു. രാഷ്ട്രീയക്കാരനായാലും ബിസിനസുകാരനായാലും അഭിനേതാവായാലും താന്‍ അടിമുടി കൊമേഡിയനാണെന്നാണ് അദ്ദേഹം സ്വയമേവ വിശ്വസിച്ചിരുന്നത്. അത് വെറു വിശ്വാസമായിരുന്നില്ല. മലയാളത്തിലെ മൂന്ന് തലമുറയെ തലതല്ലിച്ചിരിപ്പിക്കാന്‍ പ്രേരിപ്പിച്ച , അതിന് അവസരമൊരുക്കിയ അസാധാരണ വ്യക്തിത്വം കൂടിയാണ് പടിയിറങ്ങിയത്. പക്ഷേ താരങ്ങള്‍ പ്രകാശിച്ചുകൊണ്ടേയിരിക്കും. എത്ര അകലെയായാലും. ഇതുവരെ ചെയ്ത കഥാപാത്രങ്ങള്‍ മാത്രം മതി ചിരിയുടെ അമിട്ടുപൊട്ടിച്ച് തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് ഈ നര്‍മ വിസ്മയം ചേക്കേറാന്‍