ആരാധകരെ നോക്കി ചിരിച്ചും കൈ വീശിയും ജഗതി; ഹാസ്യ സാമ്രാട്ടിനെ സ്വീകരിയ്ക്കാന്‍ ഉര്‍വശിയും

 

ലയാളത്തിന്റെ ഹാസ്യ മുഖം എന്ന് കേള്‍ക്കുമ്പോള്‍ ഏതൊരു മലയാളിയുടേയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് ജഗതി ശ്രീകുമാറിന്റെ മുഖമാണ്. അതുകൊണ്ടുതന്നെ
ചലചിത്ര ലോകത്തിന് തന്നെ വലിയൊരു അടിയായിരുന്നു നടന്‍ ജഗതി ശ്രീകുമാര്‍ അപകടത്തില്‍പ്പെട്ട് സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. ഏത് കഥാപാത്രവും ചേരുന്ന പ്രതിഭ പെട്ടന്നൊരു സുപ്രഭാതത്തില്‍ മിണ്ടാതെയായപ്പോള്‍ സിനിമപ്രവര്‍ത്തകര്‍ മാത്രമല്ല ആരാധകരും ഒരുപാട് സങ്കടപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ പൂര്‍വാധികം ശക്തിയോടെ അദ്ദേഹം തിരിച്ച് വരികയാണ്.

അപകടത്തെ തുടര്‍ന്ന് സിനിമാ ജീവിതത്തില്‍ നിന്ന് ഇടവേളയെടുത്ത ജഗതി ശ്രീകുമാര്‍ കുറേ നാളുകള്‍ക്ക് ശേഷം ഒരിക്കല്‍ കൂടി ആരാധര്‍ക്കിടയില്‍ പ്രത്യക്ഷപ്പെട്ടു. നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‌മണ്യന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചാള്‍സ് എന്റര്‍പ്രൈസസ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വേദിയായ തിരുവനന്തപുരം ലുലുമാളിലാണ് അദ്ദേഹം എത്തിയത്. തങ്ങളുടെ പ്രിയപ്പെട്ട ജഗതിചേട്ടനെക്കാണാന്‍ നിരവധി ആരാധകരും മാളില്‍ എത്തിയിരുന്നു.

2012 ലെ അപകടത്തിന് ശേഷം വിശ്രമത്തിലുള്ള ജഗതി വളരെ ചുരുക്കം പരിപാടികളിലെ പങ്കെടുത്തിരുന്നുള്ളൂ.ഏറെ നാളുകള്‍ക്ക് ശേഷമാണ് മറ്റൊരു പൊതു പരിപാടിയില്‍ താരം എത്തുന്നത്.  ഉര്‍വശി, ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലഭിനയിക്കുന്നത്. വീല്‍ചെയറിലായിരുന്ന ജഗതിയെ ഉര്‍വശി നേരിട്ടെത്തിയാണ് മാളിനകത്തേക്ക് സ്വീകരിച്ചത്. ഒരു കാലത്തെ തന്റെ  സഹതാരത്തെ കണ്ടതോടെ ജഗതിയുടെ മുഖത്ത് ചെറുപുഞ്ചിരിയും വിടര്‍ന്നു.

ആരാധകരെ നോക്കി ചിരിച്ച് കൈവിശി കാണിച്ചായിരുന്നു താരത്തിന്റെ പ്രവേശനം. പരിചയമുള്ള മുഖങ്ങള്‍ക്ക് നേരെയും ആ ചിരി നീണ്ടു. ഗുരു തുല്യനായ ജഗതിയോടൊപ്പമുള്ള അഭിനയ മുഹൂര്‍ത്തങ്ങള്‍ ഉര്‍വശി ഓര്‍ത്തെടുത്തു. വീണ്ടും ജഗതിയോടൊപ്പം അഭിനയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ പങ്കുവെച്ച ഉര്‍വശിയുടെ വാക്കുകള്‍ ഒരു നിമിഷം ഇടറി. ജഗതിയുടെ കുടുംബാംഗങ്ങളും മാളിലെത്തിയിരുന്നു.

2012 മാര്‍ച്ചില്‍ മലപ്പുറം തേഞ്ഞിപ്പലത്ത് വെച്ചുണ്ടായ വാഹനാപകടത്തെ തുടര്‍ന്നാണ് ജഗതി അഭിനയരംഗത്ത് നിന്ന് വിട്ട് നിന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം വര്‍ഷങ്ങള്‍ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്.

അടുത്തിടെ പുറത്തിറങ്ങിയ സിബിഐ 5ല്‍ അദ്ദേഹം വളരെ ചെറിയ സീനുകളില്‍ പ്രത്യക്ഷപ്പെട്ടത് ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിയിരുന്നു. മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് അഭിനയലോകത്ത് സജീവമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍