ഡോളി എന്ന ചെമ്മരിയാടി​ന്റെ സ്രഷ്ടാവ്  ഇയാൻ വിൽമുട്ട് അന്തരിച്ചു

 

1996 ൽ ലോകത്താദ്യമായി ക്ളോണിങ്ങിലൂടെ ഡോളി എന്ന ചെമ്മരിയാടി​ന്റെ സൃഷ്ടിയിൽ കേന്ദ്രബിന്ദുവായിരുന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ഇയാൻ വിൽമട്ട് 79-ാം വയസ്സിൽ അന്തരിച്ചു. പാർക്കിൻസൺസ് രോഗത്തിന് ചികിത്സയിലിരിക്കയാണ്  അദ്ദേഹത്തിന്റെ മരണം ക്ളോണിങ്ങിലൂടെ ഭൂമിയിലേക്ക് ജനിച്ചുവീണ ചെമ്മരിയാട്ടിൻകുട്ടിയെ അവർ L6443 എന്ന് നാമകരണം ചെയ്തത്. 

"ജനിതകമാറ്റം വരുത്തിയ ആടുകളെ നിർമ്മിക്കാൻ ഉപയോഗിക്കാവുന്ന ക്ലോണിംഗ് അല്ലെങ്കിൽ ന്യൂക്ലിയർ ട്രാൻസ്ഫർ ടെക്നിക്കുകൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾക്കാണ് അദ്ദേഹം നേതൃത്വം നൽകിയത്. ഈ ശ്രമങ്ങളാണ് 1995-ൽ മേഗന്റെയും മൊറാഗിന്റെയും തുടർന്ന് 1996-ൽ ഡോളിയും  ജനനത്തിലേക്ക് നയിച്ചത് എന്നു  യൂണിവേഴ്സിറ്റി പ്രസ്താവനയിൽ പറഞ്ഞു. 

എഡിൻബർഗ് സർവകലാശാലയിലെ സ്കോട്ടിഷ് സെന്റർ ഫോർ റീജനറേറ്റിവ് മെഡിസിൻ ചെയർമാനായിരുന്നു വിൽമുട്ട്. 1944 ജൂലൈ ഏഴിന് ഇംഗ്ലണ്ടിലെ ഹാംപ്‌ടൺ ലൂസിയിൽ ജനിച്ച ഇയാന് അഞ്ചാം വയസ്സിൽ ക്രിസ് പോൾഗ് എന്ന ശാസ്‌ത്രജ്‌ഞനുമായുണ്ടായ സൗഹൃദമാണ് ഗവേഷണമേഖലയിൽ താൽപര്യമുണ്ടാക്കിയത്. ജീവകോശങ്ങൾ ശീതീകരിച്ചു സൂക്ഷിച്ചു വീണ്ടും ഉപയോഗിക്കുന്നതിനുള്ള മാർഗം കണ്ടെത്തിയ ക്രിസ് പോൾഗിനെ പിന്തുടർന്നു ജീവശാസ്ത്രജ്ഞനായി.

ഗവേഷണത്തിനു കേംബ്രിജ് യൂണിവേഴ്‌സിറ്റിയിലേക്കു പോയ വിൽമട് ആദ്യം പരീക്ഷിച്ചത് ക്രിസ് പോൾഗിന്റെ സങ്കേതമായിരുന്നു. ശീതീകരിച്ചു സൂക്ഷിച്ച ഭ്രൂണത്തിൽ നിന്ന് അദ്ദേഹം ‘ഫ്രോസ്‌റ്റി’ എന്ന പശുക്കിടാവിനെ സൃഷ്‌ടിച്ചു. പിന്നീട്, സ്‌കോട്‌ലൻഡിലെ റോസ്‌ലിൻ ഇൻസ്‌റ്റിറ്റ്യൂട്ടിലെത്തുന്നതോടെയാണു ‘ഡോളി’യുടെ ജനനത്തിൽ പങ്കാളിയാവുന്നത്.

മനുഷ്യൻ ഉൾപ്പെടുന്ന സസ്തനികൾ പുതുതലമുറയ്ക്ക് ജന്മം നൽകുന്ന ലൈംഗിക പ്രത്യുൽപാദന രീതിക്കു പകരം ആണിന്റെ സാന്നിധ്യം ഇല്ലാതെ 3 പെൺചെമ്മരിയാടുകളുടെ അണ്ഡകോശങ്ങൾ ക്ലോൺ ചെയ്ത് ഡോളിയെ സൃഷ്ടിച്ചതു ചരിത്രമായി. മനുഷ്യ ക്ലോണിങ് നടത്താൻ 2005 ൽ ബ്രിട്ടിഷ് ഗവൺമെന്റിന്റെ അനുമതി വിൽമടിനു ലഭിച്ചെങ്കിലും ഗവേഷണം കാര്യമായി നീങ്ങിയില്ല.