ഇന്ധന നികുതി വര്‍ധനയില്‍ സമരം കടുപ്പിക്കുകയാണ് കോണ്‍ഗ്രസ്; ഇനി രാപ്പകല്‍ സമരം...

 

ബഡ്ജറ്റില്‍ നികുതി വര്‍ധനവ് പ്രഖ്യാപിച്ചതിന് പിന്നാലെ സമരരംഗത്താണ് കോണ്‍ഗ്രസ്. സംസ്ഥാനത്തൊട്ടാകെ സമരം നടത്തുന്ന കോണ്‍ഗ്രസ് ഇനി യുഡിഎഫിന്റെ നേതൃത്വത്തില്‍ രണ്ട് ദിവസത്തെ രാപകല്‍ സമരത്തിലേക്കാണ് പോകുന്നത്. ഇന്ന് വൈകീട്ട് മുതല്‍ തിരുവന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റ് ജില്ലകളില്‍ കളക്ട്രേറ്റിന് മുന്നിലുമായാണ് സമരം നടത്തുക. ഇന്ധന നികുതി സെസ് ഏര്‍പ്പെടുത്തിയത് പിന്‍വലിക്കുക എന്നതാണ് സമരം മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യം. 

ഇന്ന് വൈകീട്ട് നാല് മുതല്‍ 14ന് രാവിലെ 10 വരെയാണ് സമരം. സമരത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോട് കളക്ട്രേറ്റിന് മുന്നില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നിര്‍വഹിക്കും. സെക്രട്ടേറിയറ്റിന് മുന്നില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനും തൃശ്ശൂരില്‍ ചെന്നിത്തലയും മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയും ഉദ്ഘാടനം നിര്‍വഹിക്കും. 

രാഹുല്‍ ഗാന്ധി വയനാട് സന്ദര്‍ശനം നടത്തുന്നതിനാല്‍ വയനാട്ടിലെ സമരം മറ്റൊരു ദിവസം നടക്കും. മുസ്ലിം ലീഗിന്റെ ജില്ലാ സമ്മേളനം നടക്കുന്നതിനാല്‍ കണ്ണൂരിലെ രാപകല്‍ സമരം 16,17 തീയതികളിലായിരിക്കും നടക്കുക. 

കഴിഞ്ഞ കുറേ ദിവസമായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പ്രതിപക്ഷം നടത്തുന്ന സമരങ്ങളില്‍ പോലീസുമായി നിരന്തരം ഏറ്റുമുട്ടലിലാണ് അവസാനിക്കുന്നത്. ഇതൊന്നും സമരത്തിന്റെ വീര്യം കെടുത്തില്ലെന്നും വര്‍ധിപ്പിച്ച ഇന്ധന സെസ് പിന്‍വലിക്കുന്നത് വരെ ഏതറ്റം വരെയും സമരം ചെയ്യുമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. രാപകല്‍ സമരത്തിന് ശേഷവും നികുതിയില്‍ കുറവ് വരുത്തിയില്ല എങ്കില്‍ പിന്നീട് ഏത് രീതിയിലായിരിക്കും സമരം എന്നത് യുഡിഎഫ് ചേര്‍ന്നായിരിക്കും തീരുമാനിക്കുക.