‘കാഞ്ചി വലിക്കാന്‍ വിരല്‍ ഇല്ലെങ്കില്‍ ലാത്തിപിടിക്കാന്‍ കയ്യുണ്ടാവില്ല’; കാക്കിയിട്ട ചില കഴുകന്മാര്‍ അറിയണം സൈന്യത്തിന്റെ വില!

 

ജീവന്‍ പോലും ത്യജിച്ച് രാപ്പകലില്ലാതെ രാജ്യത്തെ ജനങ്ങളുടെ സുരക്ഷയ്ക്കായി നിലകൊള്ളുന്ന സൈനികനെ ക്രൂരമായി മര്‍ദ്ദിക്കാനും, ശേഷം മര്‍ദ്ദനത്തില്‍ ജീവന്‍ നഷ്ടമായാല്‍ ഒരു സല്ലൂട്ട് നല്‍കുമെന്ന് പറയാനും മാത്രം അധപ്പതിച്ചുപോയോ കേരളാപോലീസ്? ഒര് സൈനികന് ഇതാണ് അവസ്ഥയെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും?

കിളികൊല്ലൂരില്‍ സൈനികനേയും സഹോദരനേയും പോലീസ് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ സൈന്യം അന്വേഷണം തുടങ്ങിയതോടെ നാണിച്ച് തലതാഴ്ത്തുന്നത് കോരള ജനത ഒന്നടങ്കമാണ്. ജീവന്‍ പോലും ത്യജിച്ച് രാപ്പകലില്ലാതെ രാജ്യത്തെ ജനങ്ങളുടെ സുരക്ഷയ്ക്കായി നിലകൊള്ളുന്ന സൈനികനെ ക്രൂരമായി മര്‍ദ്ദിക്കുകയും, ശേഷം മര്‍ദ്ദനത്തില്‍ ജീവന്‍ നഷ്ടമായാല്‍ ഒരു സല്ലൂട്ട് നല്‍കുമെന്ന് പറയാനും മാത്രം അധപ്പതിച്ചുപോയോ കേരളാപോലീസ്? ഒര് സൈനികന് ഇതാണ് അവസ്ഥയെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും?

സൈന്യത്തിന്റെ നിര്‍ണായക ഇടപെടല്‍

എന്നാല്‍ സര്‍വ്വീസിലിരിക്കുന്ന ഒരു സൈനികനെതിരെ അക്രമം നടത്തിയിട്ട് പോലീസിന് എത്രനാള്‍ സ്വാതന്ത്ര്യത്തോടെ നടക്കാന്‍ കഴിയും. കാക്കിയിട്ടുകൊണ്ട് കണ്ണില്ലാക്രൂരത നടത്തിയ ക്രിമിനലുകള്‍ക്കെതിരെ നടപടി വരാനിരിക്കുന്നതേയുള്ളു. ഇതിന്റെ തുടക്കം മാത്രമാണ് സൈന്യത്തിന്റെ ഇടപെടല്‍. സൈനികനായ വിഷ്ണുവിന്റെ വീട്ടില്‍ പാങ്ങോട് സൈനിക ക്യാമ്പിലെ ഉദ്യോഗസ്ഥരെത്തി വിവരങ്ങള്‍ ശേഖരിച്ചിരിക്കുകയാണ്. പൊലീസില്‍ നിന്നുണ്ടായ അക്രമത്തെപറ്റിയും വ്യാജ കേസിന്റെ വിശദാംശങ്ങളുമാണ് ഉദ്യോഗസ്ഥര്‍ പ്രധാനമായും ചോദിച്ചറിഞ്ഞത്. സംഭവത്തില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപി വഴി പ്രതിരോധമന്ത്രിക്ക് പരാതി നല്‍കാനാണ് സൈനികന്റെ കുടുംബത്തിന്റെ തീരുമാനം.

മര്‍ദ്ദനത്തിന് പുറമെ പോലീസ് ഉദ്ദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകളും പരിശോധിക്കുന്നുണ്ട്. ഒരു സൈനികനെ അറസ്റ്റ് ചെയ്താല്‍ 24 മണിക്കൂറിനകം വിവരം സൈന്യത്തെ അറിയിക്കേണ്ടതാണ്. എന്നാല്‍ വിഷ്ണുവിനെ ഓഗസ്റ്റ് 25ന് അറസ്റ്റ് ചെയ്തെങ്കിലും വൈകിയാണ് സൈനിക ക്യാമ്പില്‍ പൊലീസ് വിവരമറിയിച്ചത്. സൈനികന്‍ അവധിയിലാണെങ്കിലും അയാള്‍ ഡ്യൂട്ടിയിലാണെന്നാണ് സൈന്യം കണക്കാക്കുക. ഏതെങ്കിലും കേസില്‍ സൈനികന്‍ പ്രതിയായാല്‍ സമീപത്തെ റെജിമന്റിനെ അറിയിക്കണമെന്നാണ് നിയമം. അതിനാല്‍ തിരുവനന്തപുരം പാങ്ങോട് റെജിമന്റിലാണ് അറിയിക്കേണ്ടത്. ഇതുണ്ടായില്ല. സംഭവം സൈന്യത്തെ അറിയിക്കുന്നതില്‍ പൊലീസിന് വീഴ്ചപറ്റിയിരിക്കുകയാണ്. ഇക്കാര്യങ്ങളെല്ലാം സൈന്യം പരിശോധിക്കും.

തിരിച്ചടിയായി സിസിടിവി ദൃശ്യങ്ങള്‍

അതേസമയം സംഭവത്തെ ന്യായീകരിച്ചുകൊണ്ടെത്തിയ പോലീസ് കൂടുതല്‍ കുരുക്കിലേക്ക് നീങ്ങിയിരിക്കുകയാണ് ഇപ്പോള്‍. കേസില്‍ നിന്നും തടിയൂരാനായി വിഷ്ണുവിനെയും സഹോദരന്‍ വിഘ്നേഷിനെയും മര്‍ദിച്ചിട്ടില്ലെന്ന് വരുത്താന്‍ പൊലീസ് പുറത്തുവിട്ട വീഡിയോ അവര്‍ക്കുതന്നെ തിരിച്ചടിയായെന്നാണ് തെളിയുന്നത്. സസ്പെന്‍ഷനിലായ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ നടത്തിയ നീക്കമാണ് അവര്‍ക്കുതന്നെ തിരിച്ചടിയാകുന്നത്.

പൊലീസുകാരന്‍ തന്നെയാണ് സൈനികനെ അകാരണമായി ആദ്യം അടിച്ചതെന്ന് പുറത്തുവിട്ട ദൃശ്യങ്ങളില്‍ വ്യക്തമാണ്. പൊലീസുകാരനായ പ്രകാശ് ചന്ദ്രന്‍, വിഷ്ണുവിന്റെ മുഖത്തടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. വിഷ്ണു പ്രതിരോധിക്കുന്നതും പിടിവലിയില്‍ ഇരുവരും താഴെവീഴുന്നതും വീഡിയോയിലുണ്ട്. പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ സിസിടിവി ദൃശ്യവും പുറത്തു വന്നിട്ടില്ല. ഇതു മുഴുവന്‍ പൊലീസിനോട് സൈന്യം ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്.

എഎസ്‌ഐ പ്രകാശ് ചന്ദ്രനെ മാത്രം കുറ്റക്കാരനാക്കി സിഐ അടക്കമുള്ള മറ്റ് പൊലീസുകാരെ സംരക്ഷിക്കാന്‍ വേണ്ടി ഉന്നത ഉദ്യോഗസ്ഥരാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്നാണ് ഒരു വിഭാഗം പൊലീസുകാരുടെ ആരോപണം. അതേസമയം സ്റ്റേഷനിലെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും നല്‍കണമെന്നാവശ്യപ്പെട്ട് വിഘ്നേഷ് കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ വിവരാവകാശ രേഖ സമര്‍പ്പിക്കും. മര്‍ദ്ദനവുമായി ബന്ധപ്പെട്ട ആഭ്യന്തര അന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇന്ന് യുവാവിന്റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തും. വീഡിയോ പുറത്തു വന്നതോടെ എഫ് ഐ ആര്‍ വ്യാജമെന്നും തെളിഞ്ഞിരിക്കുകയാണ്.

സൈനികനോടും സഹോദരനോടും ചെയ്തത് കണ്ണില്ലാ ക്രൂരത

എംഡിഎഎ കേസിലുള്ളയാളെ ജാമ്യത്തിലിറക്കാന്‍ വിളിച്ചുവരുത്തിയ ശേഷമാണ് പേരൂര്‍ സ്വദേശികളായ വിഘ്നേഷിനെയും വിഷ്ണുവിനെയും പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ഹരി കടത്ത് കേസില്‍ പ്രതികളെ കാണാനായി എത്തിയ രണ്ട് യുവാക്കള്‍ പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറി എഎസ്ഐ ആക്രമിക്കുന്നു എന്ന തരത്തില്‍ വാര്‍ത്ത പുറത്തു വിടുകയും പിന്നാലെ കേസെടുക്കുകയും ആയിരുന്നു.

സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മണികണ്ഠന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് എംഡിഎംഎ ലഹരിക്കേസുമായി ബന്ധപ്പെട്ട പ്രതിക്ക് ജാമ്യം നില്‍ക്കാനെന്നു പറഞ്ഞ് വിഘ്നേഷിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. ജാമ്യം നില്‍ക്കാന്‍ കഴിയില്ല എന്ന് അറിയിച്ച വിഘ്‌നേഷ് സ്റ്റേഷനില്‍നിന്ന് തിരികെപ്പോകാന്‍ ശ്രമിച്ചു. ഇതിനിടെ വിഘ്നേഷിനെ തിരക്കി സ്റ്റേഷനിലേക്ക് എത്തിയ ജ്യേഷ്ഠനുമായി മഫ്തി വേഷത്തില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും സൈനികനെ സ്റ്റേഷനിനുള്ളിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോകുകയുമായിരുന്നു.

ഈ പൊലീസുകാരന്‍ മദ്യപിച്ചിരുന്നു എന്ന് സ്റ്റേഷനില്‍ പരാതി പറയാന്‍ ശ്രമിച്ച ഇവരെ പൊലീസുകാര്‍ സ്റ്റേഷനുള്ളില്‍ പൂട്ടിയിട്ട് ആക്രമിക്കുകയായിരുന്നു. പിടിവലിയെത്തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതോടെ മര്‍ദനം മാരകമായി. വിഘ്‌നേഷിനെ കൈവിലങ്ങ് അണിയിച്ച് ശരീരമാസകലം ലാത്തിയും ബൂട്ടും ഉള്‍പ്പെടെ ഉപയോഗിച്ച് മര്‍ദിച്ചു. വിഘ്‌നേഷിന് ഈ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് എംഡിഎംഎ കേസിലെ പ്രതികളെ മോചിപ്പിക്കാന്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു എന്ന തരത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നു. വിഘ്‌നേഷിനെയും സഹോദരനെയും ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തി റിമാന്‍ഡ് ചെയ്യുകയായിരുന്നു.

എന്നാല്‍ ഇതൊരു ഒറ്റപ്പെട്ട സംഭവമായ കാണാനാവില്ല. അധികാരം കയ്യിലുണ്ടെന്ന് കരുതി എന്തും ചെയ്യാമെന്ന് കരുതുന്ന കാക്കിക്കുള്ളിലെ ക്രിമിനലികള്‍ക്ക് ഇതൊരു പാടമായിരിക്കട്ടെ. ജനങ്ങളെ സേവിക്കുന്ന, ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന എത്രയോ നല്ല പോലീസുകാര്‍ക്കിടയില്‍ നെല്ലിലെ പതിരുപോലെ ഉയര്‍ന്നുവരുന്ന ഇത്തരം ഉദ്യോഗസ്ഥര്‍ കേരള പോലീസിന്റെ സല്‍പേര് കളയാന്‍ ഇനി ഉണ്ടാവാതിരിക്കട്ടെ.