ഉടമകള്‍ ആരെന്ന് മറച്ചുപിടിച്ച് പ്രിസാഡിയോ ടെക്‌നോളജീസ്, ദുരൂഹതക്ക് കനംവെക്കുന്നു

ഡയറക്ടര്‍ രാംജിത്ത് മുഖ്യമന്ത്രിയുടെ ബന്ധുക്കളുടെ അടുത്ത ആള്‍
 

കോഴിക്കോട്- എ ഐ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് ഉപകരാര്‍ ലഭിച്ച കോഴിക്കോട്ടെ പ്രിസാഡിയോ ടെക്‌നോളജീസിന്റെ ഉടമസ്ഥര്‍ അണിയറയില്‍ നിന്ന് ഇതുവരെയും പുറത്തുവരാന്‍ തയ്യാറാകാത്തത് ദൂരൂഹത സൃഷ്ടിക്കുന്നു. പ്രിസാഡിയോ ടെക്‌നോളജീസിന്റെ വെബ്‌സൈറ്റില്‍ കമ്പനി ഡയറക്ടര്‍മാരുടെ യോഗ്യതകളും പരിചയസമ്പന്നതയും വിവരിക്കുന്നുണ്ടെങ്കിലും ഇവരുടെ പേരോ വിലാസമോ ചിത്രങ്ങളോ ഉള്‍പ്പെടുത്താത്തതാണ് ഒറ്റ നോട്ടത്തില്‍ ഈ കമ്പനി ആരുടെയോ ബിനാമിയാണെന്ന സംശയം സൃഷ്ടിക്കുന്നത്. എ ഐ ക്യാമറ പദ്ധതിക്ക് തുടക്കം കുറിച്ച 2018ല്‍ തന്നെയാണ് പ്രിസാഡിയോ കമ്പനിയും നിലവില്‍ വന്നത് എന്നതും ദുരൂഹത ശക്തമാക്കുന്നുണ്ട്.

കമ്പനി രജിസ്ട്രാറുടെ പക്കലുള്ള വിവരങ്ങളനുസരിച്ച് ഓലഞ്ചേരി ഭാസ്‌കരന്‍ മകന്‍ രാംജിത്, നെല്ലിക്കോമത്ത് ജിതിന്‍ കുമാര്‍, നെല്ലിക്കോമത്ത് സുരേന്ദ്രകുമാര്‍, കിഴുപ്പടവളപ്പില്‍ അനീഷ് എന്നിവരാണ് കമ്പനിയുടെ ഡയറക്ടര്‍മാര്‍. എന്നാല്‍ എന്തുകൊണ്ടാണ് ഇവരുടെ വിവരങ്ങള്‍ കമ്പനിയുടെ സ്വന്തം വെബ്‌സൈറ്റില്‍ ഇല്ലാത്തത് എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചിട്ടില്ല. എഞ്ചിനീയറിംഗ്, ടെക്‌നോളജി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി ഉടമസ്ഥരുടെ പേരും വിലാസവും മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നത് എന്തുകൊണ്ട് എന്നത് എ ഐ ക്യാമറ വിവാദത്തില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് ബലം പകരുന്നതാണ്.


കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ വെറ്ററന്‍ ബിസിനസുകാരനാണെന്നും 40 വര്‍ഷം കണ്‍സ്ട്രക്ഷന്‍, വിദ്യാഭ്യാസം, ആരോഗ്യം, ടെക്‌നോളജി, എഞ്ചിനീയറിംഗ് മേഖലയില്‍ പ്രവര്‍ത്തിച്ചുപരിചയമുണ്ടെന്നും ഒമാനിലെ പ്രശസ്തമായ ഒരു കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പിന്റെ സ്ഥാപക ഡയറക്ടറാണെന്നും പ്രിസാഡിയോയുടെ വെബ്‌സൈറ്റിലുണ്ട്. പക്ഷെ ആള്‍ ആരാണെന്ന് മാത്രം പറയുന്നില്ല. ആരാണ് എം ഡി എന്ന എന്ന കാര്യം എന്തുകൊണ്ട് രഹസ്യമാക്കിവെക്കുന്നുവെന്ന ചോദ്യത്തിന് പ്രിസാഡിയോ മറുപടി പറയേണ്ടിവരും.

ഓപ്പറേഷന്‍സ് ഡയറക്ടറായ രണ്ടാമന്‍ മെഴ്‌സിഡസ്, വോള്‍വോ, ഹ്യുണ്ടായ് തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളില്‍ 20 വര്‍ഷത്തെ പരിചയമുള്ള ആളാണെന്ന് പറയുന്നു. ഇത് കമ്പനി രജിസ്ട്രാറുടെ രേഖകളിലുള്ള രാംജിത് ആണ്. രാംജിത്തിന്റെ ഫേസ്ബുക്ക് പേജില്‍ പ്രിസാഡിയോ ടെക്‌നോളജീസ് ഡയറക്ടര്‍ ഓഫ് ഓപ്പറേഷന്‍സ് എന്നാണ് കാണിച്ചിട്ടുള്ളത്. ഫേസ്ബുക്ക് സൗഹൃദപ്പട്ടികയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യാപിതാവ് പ്രകാശ് ബാബുവും ഭാര്യ അമൃത പ്രകാശും പിണറായിയുടെ മകന്‍ വിവേകിന്റെ ഭാര്യ ദീപയും ഉള്‍പ്പെട്ടിട്ടുണ്ട്. ദീപയുടെ പ്രൊഫൈലില്‍ ബിസിനസ് സംരംഭക എന്നാണ് കാണിച്ചിട്ടുള്ളത്. രാംജിത് പ്രകാശ് ബാബുവിന്റെ ബന്ധുവോ ബിനാമിയാണോ എന്നതാണ് പ്രതിപക്ഷം ഉയര്‍ത്തുന്ന ഒരു ചോദ്യം.

മൂന്നാമന്‍ ബഹ്‌റൈനില്‍ ബിസിനസ് നടത്തുന്ന യുവസംരംഭകനാണെന്നാണ് വെബ്‌സൈറ്റിലുള്ളത്. നാലാമത്തെ ആളും ഒമാനിലെ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പിലെ ഡയറക്ടറാണെന്ന് പറയുന്നു. എല്ലാവരുടെയും യോഗ്യതകള്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ടെങ്കിലും ഇവര്‍ ആരെന്നു  മാത്രം വെബ്‌സൈറ്റിലില്ല.