ഓര്‍മ്മകളുടെ റീലില്‍ നിത്യഹരിത നായകന്‍; പ്രേം നസീറിന്റെ ഓര്‍മ്മകള്‍ക്ക് 34 വയസ്സ്

 

ആതിര പികെ

നായക വേഷത്തില്‍ മലയാള സിനിമാ ലോകത്ത് നിരവധിപ്പേര്‍ വന്ന് പോയിട്ടുണ്ടെങ്കിലും മലയാളികള്‍ക്ക് എന്നും നിത്യഹരിത നായകന്‍ ഒരാള്‍ മാത്രമാണ്. വെളിത്തിരയിലെ ആദ്യ സൂപ്പര്‍സ്റ്റാര്‍ പ്രേംനസീര്‍. മലയാളിയുടെ കാമുക സങ്കല്‍പങ്ങളുടെ ആദ്യ രൂപം. ചലചിത്രലോകത്ത് വിസ്മയം തീര്‍ത്ത് ആ അതുല്ല്യ കലാകാരന്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ട് ഇന്നേക്ക് 34 വര്‍ഷങ്ങള്‍ പിന്നിടുമ്പോളും മലയാളികളുടെ മനസ്സില്‍ പ്രേംനസീര്‍ മായാത്ത നക്ഷത്രമായി ഇന്നും നിലകൊള്ളുന്നു.

ക്യാമ്പസ് കാലഘട്ടത്തിലെ നാടകമത്സരം  ചിറയിന്‍കീഴ് അബ്ദുല്‍ ഖാദര്‍ എന്ന ഇരുപത്തിരണ്ടുകാരന്  ചലചിത്രലോകത്തേക്കുള്ള വഴികൂടിയായിരുന്നു തുറന്നുനല്‍കിയത്. സിനിമാ ലോകത്ത് എത്തിയപ്പോള്‍ മലയാളത്തിലെ ആദ്യ സൂപ്പര്‍താരം എന്നറിയപ്പെടുന്ന തിക്കുറിശ്ശി സുകുമാരന്‍ നായരാണ് അദ്ദേഹത്തെ നസീര്‍ എന്ന് പുനര്‍നാമകരണം ചെയ്യുന്നത്. എന്നാല്‍  തിക്കുറിശ്ശി അപ്പോള്‍ ചിന്തിച്ചിട്ട് പോലുമുണ്ടാവില്ല താന്‍ തിരുത്തുന്നത് മലയാള സിനിമ നാളെ അറിയപ്പെടാന്‍പോകുന്ന പേരാകുമെന്ന്.

1952ല്‍ പുറത്തിറങ്ങിയ 'മരുമകള്‍' എന്ന ചിത്രത്തിലൂടെയായിരുന്നു പ്രേം നസീറിന്റെ അരങ്ങേറ്റം എന്നാല്‍ പിന്നീട് പുറത്തിറങ്ങിയ 'വിശപ്പിന്റെ വിളി' എന്ന ചിത്രമാണ് അദ്ദേഹത്തെ താരപ്പകിട്ടിലേയ്ക്കുയര്‍ത്തിയത്. അഭ്രപാളിയില്‍ അന്നുവരെ കണ്ടിട്ടില്ലായിരുന്ന അഭിനയശൈലിയും സൗന്ദര്യവും പ്രേംനസീറിനെ വളരെ പെട്ടന്നുതന്നെ ജനപ്രിയതാരമാക്കി മാറ്റി. പിന്നീടങ്ങോട്ട് അമ്പതുകളിലെയും അറുപതുകളിലെയും മലയാള സിനിമയില്‍ കണ്ടത് പ്രേംനസീര്‍ തിളക്കമായിരുന്നു.

38 വര്‍ഷത്തെ അഭിനയജീവിതത്തില്‍ 542 മലയാളം സിനിമകളില്‍ നായകനായി അഭിനിയച്ചിതിന്റെ പേരിലും130 സിനിമകളില്‍ ഒരേ നായിക ഷീലയ്ക്കൊപ്പം അഭിനയിച്ചിതിന്റെ പേരിലും രണ്ട് ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡുകളാണ് നസീര്‍ സ്വന്തമാക്കിയിട്ടുള്ളത്. എണ്‍പത് നായികമാര്‍ക്കൊപ്പം അഭിനയിച്ചതിനും ഒരേ വര്‍ഷം 30 സിനിമകളില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചതിലും പേരിലും മറ്റ് രണ്ട് അഭിനയ റെക്കോര്‍ഡുകളും അദ്ദേഹം നേടി.അതുകൊണ്ടൊന്നും അവസാനിക്കുന്നില്ല അദ്ദേഹം നേടിയെടുത്ത അംഗീകാരങ്ങള്‍. അങ്ങനെ 1983 ല്‍ രാജ്യം പദ്മഭൂഷണ്‍ നല്‍കി ആ അനശ്വര നടനെ ആദരിച്ചു. പിന്നെയും എഴുത്തുകാരനായും, കര്‍ഷകനായും, കുറ്റാന്വേഷകനായും, കുടുംബനാഥനായും, വീരനായും, റൊമാന്റിക് ഹീറോ ആയുമൊക്കെ പ്രേക്ഷക മനസ്സുകള്‍ കീഴടക്കി അദ്ദേഹം അങ്ങനെ യാത്ര തുടര്‍ന്നു.

1950 കളില്‍ ഒരു താരമായി ഉയര്‍ന്നുവന്ന അദ്ദേഹം 1950 മുതല്‍ മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത സൂപ്പര്‍താരങ്ങളിലൊരാളായിത്തീര്‍ന്നിരുന്നു. ഒരു റൊമാന്റിക് നായകനെന്ന നിലയില്‍ അദ്ദേഹം ഏറെ പ്രശസ്തനാണ്. 1985 ന് ശേഷം, മറ്റ് കലാകാരന്മാരെപ്പോലെ എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യാന്‍ ആഗ്രഹിച്ചതിനാല്‍ നായക വേഷങ്ങളില്‍ നിന്ന് മറ്റു കഥാപാത്രങ്ങളിലേക്ക് അദ്ദേഹം മനപൂര്‍വ്വം വഴിമാറി സഞ്ചരിച്ചു.

ബ്ലാക്ക് ആന്റ് വൈറ്റില്‍ നിന്ന് കളര്‍ സിനിമകളിലേക്ക് എത്തിയപ്പോളും നസീര്‍ പ്രഭാവം അവസാനിച്ചിരുന്നില്ല. ശേഷവും മികച്ച ഒരുപിടി നല്ല കഥാ പാത്രങ്ങള്‍ സമ്മാനിച്ചുകൊണ്ടാണ് 1989 ജനുവരി 16ന് 63 വയസ് തികയും മുമ്പേ സംഭവിച്ച അപ്രതീക്ഷിത വിയോഗത്തിലൂടെ മലയാള ചലചിത്രലോകത്തിന് തങ്ങളുടെ നിത്യഹരിതനായകനെ നഷ്ടമാകുന്നത്.

ആദ്യഘട്ടത്തില്‍ സത്യന്‍, മധു തുടങ്ങിയ സമകാലികര്‍,  പിന്നെ ജയന്‍, സോമന്‍, സുകുമാരന്‍.. ഒടുവില്‍ ഇപ്പോള്‍ മമ്മൂട്ടി, മോഹന്‍ലാല്‍.. അങ്ങനെ തലമുറകള്‍ മാറിമാറി വന്നാലും നസീര്‍ എന്നത് മലയാളസിനിമയിലെ പകരം വയ്ക്കാനില്ലാത്ത പേരായി തന്നെ നിലനില്‍ക്കും. ഓര്‍മ്മകളുടെ റീലില്‍ ഇന്നും പ്രേം നസീര്‍ നിത്യഹരിതനായകന്‍ തന്നെയാണ്.