പൊങ്കല്‍ കത്തുമായി ഗവര്‍ണര്‍, ഗെറ്റ് ഔട്ട് പോസ്റ്ററുമായി ഡിഎംകെ; തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് രൂക്ഷം

 

ചെന്നൈ: നയപ്രഖ്യാപന പ്രസംഗത്തിന്റെ പേരില്‍ തുടങ്ങിയ പോര് തമിഴ്‌നാട് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തുറന്ന യുദ്ധത്തിന് വഴിമാറിയിരിക്കുകയാണ്. തമിഴ്‌നാടിന്റെ പേര് 'തമിഴകം' എന്നാക്കണമെന്ന ഗവര്‍ണറുടെ നിലപാടിന്റെ പേരിലാണ് പുതിയ വിവാദം. തമിഴ് മണ്ണ്, തമിഴ് രാജ്യം എന്നാണ് തമിഴ്‌നാട് എന്നതിന്റെ അര്‍ഥം. തമിഴകം എന്നാല്‍ തമിഴ് ജനതയുടെ ഭൂമി എന്നാണെന്നും ഇതാണു പരമ്പരാഗത പേരെന്നുമാണു ഗവര്‍ണറുടെ വാദം.


                                                                            
തമിഴകം എന്ന് ഗവര്‍ണര്‍ വിശേഷിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഡിഎംകെയുടെ സഖ്യകക്ഷികളായ കോണ്‍ഗ്രസ്, വിസികെ, ഇടതു പാര്‍ട്ടികള്‍, മുസ്ലിം ലീഗ് എന്നിവയുടെ അംഗങ്ങള്‍ നിയമസഭയില്‍ നിന്ന് പ്രസംഗത്തിന്റെ തുടക്കത്തില്‍തന്നെ പ്രതിഷേധ മുദ്രാവാക്യം വിളിച്ച് ഇറങ്ങിപ്പോക്ക് നടത്തിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ പൊങ്കല്‍ ആഘോഷത്തിന്റെ ക്ഷണക്കത്തിനെ രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണു ഗവര്‍ണര്‍. ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലെ പൊങ്കല്‍ ആഘോഷത്തിനു മുഖ്യമന്ത്രിയെ ക്ഷണിച്ചുള്ള തമിഴ് ഭാഷയിലുള്ള കത്തില്‍ തമിഴകം എന്നാണ് രേഖപ്പെടുത്തിയത്. തമിഴ്‌നാട് സര്‍ക്കാരിന്റെ മുദ്ര ഇല്ലാതെ കേന്ദ്ര സര്‍ക്കാരിന്റെ മുദ്ര മാത്രമാണു ക്ഷണകത്തില്‍ പതിച്ചിരിക്കുന്നത്. അതേസമയം, ക്ഷണക്കത്തിന്റെ ഇംഗ്ലിഷ് പരിഭാഷയില്‍ തമിഴ്നാട് എന്ന് ഉപയോഗിച്ചിട്ടുമുണ്ട്. തമിഴ് ഭാഷയിലുള്ള കത്തില്‍ തന്നെ തമിഴകം എന്ന് വിശേഷിപ്പിച്ചത് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും സഖ്യകക്ഷികള്‍ക്കുമുള്ള ഗവര്‍ണറുടെ മറുപടിയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. മുഖ്യമന്ത്രിക്ക് ലഭിച്ച ക്ഷണകത്ത് ഡിഎംകെ പ്രവര്‍ത്തകരെ ചൊടിപ്പിക്കുന്നതായി.


                                                             
ബിജെപിയുടെയും ആര്‍എസ്എസിന്റെയും അജന്‍ഡ നടപ്പാക്കുകയാണ് ഗവര്‍ണറെന്ന് ഡിഎംകെയും സഖ്യകക്ഷിയായ കോണ്‍ഗ്രസും ആരോപിച്ചു. പൊതുനിരത്തുകളില്‍ ഗെറ്റ് ഔട്ട് രവി എന്ന  പോസ്റ്ററുകളും ചുമരെഴുത്തുകളും ഡിഎംകെ പതിച്ചു.  സമൂഹമാധ്യമങ്ങളിലും 'ഗെറ്റ് ഔട്ട് രവി' പ്രചാരണമുണ്ട്. സിപിഎമ്മും കടുത്ത പ്രതിഷേധം അറിയിച്ച് രംഗത്തെത്തി. ഗവര്‍ണറെ മാറ്റണമെന്ന് സിപിഎം എംപി സു. വെങ്കടേശന്‍ ആവശ്യപ്പെട്ടു.
                                            
നേരത്തെ സര്‍ക്കാര്‍ തയാറാക്കി നല്‍കിയ നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കിയാണു സഭയില്‍ ഗവര്‍ണര്‍ വായിച്ചത്. ഇതിനെതിരെ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പ്രമേയം അവതരിപ്പിച്ചതോടെ ദേശീയഗാനത്തിനു കാത്തുനില്‍ക്കാതെ ഗവര്‍ണര്‍ ഇറങ്ങിപ്പോയിരുന്നു. ഗവര്‍ണര്‍  സ്ഥാനമേറ്റ മുതല്‍ സര്‍ക്കാരുമായി ഭിന്നതയുണ്ടെങ്കിലും സഭയില്‍ ഇത്ര ശക്തമായ പരസ്യ ഏറ്റുമുട്ടല്‍ ഇതാദ്യമാണ്.