എറണാകുളത്തെ ഭക്ഷ്യവിഷബാധ; 70ലധികം പേര്‍ ചികിത്സ തേടി; ഇറച്ചിയും മയോണൈസും വില്ലന്‍

 
പറവൂര്‍ ടൗണിലെ മജ്‌ലീസ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇന്നലെ വൈകീട്ട് ഹോട്ടലില്‍ നിന്നും കുഴിമന്തിയും, അല്‍ഫാമും, ഷവായിയും മറ്റും കഴിച്ചവര്‍ക്കാണ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്. മയോണൈസും പലരും കഴിച്ചിരുന്നു

കൊച്ചി: എറണാകുളത്തെ ഭക്ഷ്യവിഷബാധയില്‍ പരിക്കേറ്റവരുടെ എണ്ണം വര്‍ധിക്കുന്നു. കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം ഉയരുന്നു.എഴുപതോളം പേര്‍ ഇതിനോടകം ചികിത്സ തേടിയതായാണ് റിപ്പോര്‍ട്ട്. 28 പേര്‍ പറവൂര്‍ താലൂക്ക് ആശുപത്രിയിലും 20 പേര്‍ സ്വകാര്യ ആശുപത്രിയിലും മൂന്ന് പേര്‍ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബാക്കിയുള്ളവര്‍ തൃശൂര്‍, കോഴിക്കോട് ആശുപത്രികളിലുമാണ് ചികിത്സയിലുള്ളത്. ഇതില്‍ ഒരു യുവതിയുടെ നില ഗുരുതരവുമാണ്.

പറവൂര്‍ ടൗണിലെ മജ്‌ലീസ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇന്നലെ വൈകീട്ട് ഹോട്ടലില്‍ നിന്നും കുഴിമന്തിയും, അല്‍ഫാമും, ഷവായിയും മറ്റും കഴിച്ചവര്‍ക്കാണ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്. മയോണൈസും പലരും കഴിച്ചിരുന്നു. രാവിലെ മൂന്ന് വിദ്യാര്‍ത്ഥികളെയാണ് ആദ്യം പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം അതിവേഗം ഉയര്‍ന്നു.ചര്‍ദിയും,വയറിളക്കവും,കടുത്ത ക്ഷീണവുമാണ് എല്ലാവര്‍ക്കും അനുഭവപ്പെട്ടത്.

കുഴിമന്തിയുടെ റൈസ് മാത്രം കഴിച്ചവര്‍ക്ക് പ്രശ്‌നവും ഉണ്ടായില്ല.ഇറച്ചിയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റതെന്നാവാമെന്നാണ് സൂചന.സംഭവത്തിന് പിന്നാലെ ഹോട്ടല്‍ നഗരസഭ ആരോഗ്യവിഭാഗം അടപ്പിച്ചു.മജിലിസ് ഹോട്ടലുടമസ്ഥര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വധശ്രമത്തിനാണ് പറവൂര്‍ പൊലീസ് കേസെടുത്തിട്ടുള്ളത്.

പിന്നാലെ പറവൂരില്‍ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത മജ്ലിസ് ഹോട്ടലിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് നടപടി.ഇന്ന് ആകെ 189 സ്ഥാപനങ്ങളിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്. വൃത്തിഹീനമായി പ്രവര്‍ത്തിച്ചതും ലൈസന്‍സ് ഇല്ലാതിരുന്നതുമായ 2 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു. 37 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

അതേസമയം സംസ്ഥാനത്ത് ഭക്ഷ്യവിഷബാധകള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തുടര്‍ച്ചയായി ഉണ്ടാകുന്ന ഭക്ഷ്യവിഷബാധകള്‍ ജനങ്ങളെ ഭീതിപ്പെടുത്തുന്നതാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ആരോഗ്യ, ഭക്ഷ്യ സുരക്ഷാ വകുപ്പുകളുടെ നിഷ്‌ക്രിയത്വമാണ് വ്യക്തമാക്കുന്നതെന്ന് സതീശന്‍ വിമര്‍ശിച്ചു. പറവൂരിലെ മജിലിസ് ഹോട്ടലില്‍ നിന്നും ഭക്ഷ്യവിഷബാധയേറ്റ എഴുപതോളം പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സംഭവം അറിഞ്ഞപ്പോള്‍ തന്നെ ആരോഗ്യ-ഭക്ഷ്യ സുരക്ഷാ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട്, ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരിക്കുന്നവര്‍ക്ക് മതിയായ ചികിത്സ നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആരുടെയും ആരോഗ്യസ്ഥിതിയില്‍ പേടിക്കേണ്ടതൊന്നും ഇല്ലെന്നാണ് നിലവിലെ വിവരം. ഭക്ഷ്യവിഷബാധയ്ക്കിടയാക്കിയ ഹോട്ടല്‍ നഗരസഭ പൂട്ടിച്ചിട്ടുണ്ട്. മേഖലയില്‍ പരിശോധന ശക്തമാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.