ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎമ്മിനെ വെട്ടിലാക്കിയ ശ്രീധരനെ മാറ്റി ചിന്തിപ്പിച്ചത് എന്ത്?

 
കോണ്‍ഗ്രസ് വിടുന്നതിന് ഒട്ടേറെ കാരങ്ങളുണ്ടെന്നാണ് ശ്രീധരന്‍ തന്നെ പറയുന്നത്. കോണ്‍ഗ്രസ് പാര്‍ടിയുടെ ദേശീയ, സംസ്ഥാന നേതൃത്വങ്ങളുടെ നിലപാടുകളും അതിലൊന്നാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പം തന്നെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പല നിലപാടുകളിലും വിയോജിപ്പുണ്ടെന്നും, അനുരജ്ഞ ശ്രമങ്ങള്‍ ഉണ്ടായിരുന്നതായും എന്നാല്‍ താന്‍ തന്റെ നിലപടുകളില്‍ ഉറച്ചുനിന്നതായും അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.  

ഴിഞ്ഞമാസമായിരുന്നു കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി വൈസ് പ്രസിഡന്റുമായ സി കെ ശ്രീധരന്റെ ആത്മകഥ പ്രകാശനം ചെയ്യാന്‍ മുഖ്യമന്ത്രി പിറണായി വിജയന്‍ നേരിട്ട് കാസര്‍ഗോട്ടേക്ക് എത്തുന്നത്. പാര്‍ട്ടി നേതൃത്വവുമായി അകന്ന് നില്‍ക്കുന്ന സി കെ ശ്രീധരന്റെ ആത്മകഥ പ്രകാശനത്തിന് മാത്രമായി തിരുവനന്തപുരത്ത് നിന്നും പിണറായി വിജയന്‍ കാഞ്ഞങ്ങാട്ടേക്ക് എത്താന്‍ തീരുമാനിച്ചപ്പോള്‍ മുതല്‍ തന്നെ ചില രാഷ്ട്രീയ അഭ്യൂഹങ്ങളും ഉയര്‍ന്നുവന്നിരുന്നു. അത് മാത്രവുമല്ല കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തുടങ്ങിയ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നുംതന്നെ ചടങ്ങിനെത്തിയില്ലെന്നതും ശ്രദ്ദേയമായിരുന്നു. എന്നാല്‍ അഭ്യൂഹങ്ങളും, അടക്കിപ്പറച്ചിലുകളും ഒന്നും തെറ്റിയില്ല, ഒടുക്കം ഇതാ കാസര്‍ഗോട്ടെ കോണ്‍ഗ്രസ് മുഖം സികെ ശ്രീധരന്‍ സിപിഎമ്മിലേക്ക് എത്തുകയാണ്. 

നമുക്കറിയാം സിപിഎമ്മിനെതിരെ എല്ലാക്കാലത്തും ശക്തമായ ആരോപണങ്ങള്‍ ഉയര്‍ത്തുകയും, ചെറുത്തുനില്‍ക്കുകയും ചെയ്ത കോണ്‍ഗ്രസ്സിന്റെ കരുത്തുറ്റ ശബ്ദമായിരുന്നു സികെ ശ്രീധരന്‍. എന്നാല്‍ സികെ ശ്രീധരനെ കൂടുതല്‍ അറിയുന്നത് ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിട്ടാണ്. അതേസമയം സിപിഎം പ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ ശിക്ഷ വാങ്ങിക്കൊടുത്തുകൊണ്ട് സിപിഎമ്മിനെതിരെ ആഞ്ഞടിച്ച സികെ ശ്രീധരന്‍ സിപിഎമ്മിലേക്ക് എത്തണമെങ്കില്‍ എന്തൊക്കെ ഘടകങ്ങളാകും അദ്ദേഹത്തെ മാറ്റി ചിന്തിപ്പിച്ചിട്ടുണ്ടാവുക എന്നതാണ് പരിശോധിക്കേണ്ടത്. 

കോണ്‍ഗ്രസ് വിടുന്നതിന് ഒട്ടേറെ കാരങ്ങളുണ്ടെന്നാണ് ശ്രീധരന്‍ തന്നെ പറയുന്നത്. കോണ്‍ഗ്രസ് പാര്‍ടിയുടെ ദേശീയ, സംസ്ഥാന നേതൃത്വങ്ങളുടെ നിലപാടുകളും അതിലൊന്നാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പം തന്നെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പല നിലപാടുകളിലും വിയോജിപ്പുണ്ടെന്നും, അനുരജ്ഞ ശ്രമങ്ങള്‍ ഉണ്ടായിരുന്നതായും എന്നാല്‍ താന്‍ തന്റെ നിലപടുകളില്‍ ഉറച്ചുനിന്നതായും അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.  

അരനൂറ്റാണ്ടോളമായി രാഷ്ട്രീയ രംഗത്തുള്ള സികെ ശ്രീധരന്‍ ആദ്യ കാലത്ത് പ്രജാ സോഷ്യലിസ്റ്റ് പാര്‍ടിയുടെ പ്രവര്‍ത്തകനായിരുന്നു. 1977ല്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ടിയുടെ നേതൃത്വം ജനതാപാര്‍ടിയിലേക്ക് പോയപ്പോള്‍ സികെ ശ്രീധരന്‍ കോണ്‍ഗ്രസിലെത്തി. പിന്നീട് ഡിസിസി പ്രസിഡന്റ്, കെപിസിസി ഉപാധ്യക്ഷന്‍ തുടങ്ങിയ പദവികള്‍ വഹിച്ചു. ശേഷം യുഡിഎഫ് സ്ഥാനാര്‍ഥിയായി നിയമസഭയിലേക്കും മത്സരിച്ചിട്ടുണ്ട്. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ നടന്ന പുനസംഘടനയില്‍ കോണ്‍ഗ്രസ് നേതൃത്വം സികെ ശ്രീധരനെ തഴഞ്ഞു. ഇതോടെ അദ്ദേഹം പാര്‍ട്ടി നേതൃത്വവുമായി അകലുകയും ചെയ്തു. 

ഡിസിസി പ്രസിഡന്റ് ആയിരിക്കെയായിരുന്നു ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂടറായെത്തുന്നത്.  ടിപി കേസിലെ മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം അനുവദിക്കുന്നതിലേക്ക് കോടതി എത്തിയപ്പോള്‍ അദ്ദേഹം കോടതിയില്‍ നടത്തിയ ഇടപെടല്‍ ശ്രദ്ധേയമായിരുന്നു. കൂടാതെ നാല്‍പാടി വാസു, അരിയില്‍ ഷുക്കൂര്‍, ചീമേനി കൊലക്കേസുകള്‍, ഇ.പി. ജയരാജന്‍ വധശ്രമം തുടങ്ങിയ കേസുകളിലും സികെ ശ്രീധരന്‍ കോണ്‍ഗ്രസിന് വേണ്ടി കോടതികളില്‍ വാദിച്ചിരുന്നു. ഇ.പി. ജയരാജന്‍ വധശ്രമക്കേസ് നടന്നത് ചെന്നൈയിലെ കോടതിയിലായിരുന്നെങ്കിലും അന്നത്തെ എല്‍ ഡി എഫ് സര്‍ക്കാര്‍ തിരുവനന്തപുരത്ത് ഗൂഢാലോചന കേസും എടുത്തിരുന്നു. ഈ കേസില്‍ റിമാന്‍ഡിലാകാതെ സുധാകരനെ രക്ഷിച്ചതും സികെയായിരുന്നു. നാല്‍പാടി വാസു വധക്കേസില്‍ തലശ്ശേരി കോടതി സുധാകരനെ ശിക്ഷിച്ചേക്കുമെന്ന വിധി വന്നപ്പോഴും ശക്തമായ വാദങ്ങളുമായി കോടതിയില്‍ ശ്രദ്ധേയ പ്രകടനം അദ്ദേഹം കാഴ്ചവെച്ചു. ഇത്തരത്തിലുള്ള തന്നെ പാര്‍ട്ടി നേതൃത്വം തഴഞ്ഞതാണ് ശ്രീധരന്റെ അതൃപ്തിക്കുള്ള കാരണം എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

തിങ്കളാഴ്ച എന്‍സിപി സംഘടിപ്പിച്ച സിംപോസിയത്തില്‍ പങ്കെടുത്ത സികെ ശ്രീധരന്‍, കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തുടര്‍ന്നായിരുന്നു മാധ്യമങ്ങളോടും താന്‍ സിപിഎമില്‍ ചേരുമെന്ന കാര്യം അദ്ദേഹം വ്യക്തമാക്കുന്നത്. 
കോണ്‍ഗ്രസ് വിട്ട് സിപിഎമില്‍ ചേരാനുള്ള തീരുമാനം ഔദ്യോഗികമായി വ്യാഴാഴ്ച കാസര്‍കോട് പ്രസ് ക്ലബില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കുമെന്നാണ് ഇപ്പോള്‍ അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം കാഞ്ഞങ്ങാട്ട് സിപിഎം അദ്ദേഹത്തിന് വന്‍ സ്വീകരണം ഒരുക്കുമെന്നാണ് വിവരം.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളെ അടര്‍ത്തിയെടുക്കാന്‍ സമീപകാലത്ത് സി പി എമ്മിന് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ പ്രമുഖ അഭിഭാഷകന്‍ കൂടിയായ നേതാവുകൂടി സി പി എം പാളയത്തിലെത്തുമ്പോള്‍ അത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കുമെന്നുള്ളതില്‍ തര്‍ക്കമില്ലെന്നാണ് ഇപ്പോള്‍ പറയാനുള്ളത്.