'തോറ്റാല്‍ കെട്ടുംകെട്ടി മടങ്ങാം' മിശിഹായ്ക്കും കൂട്ടര്‍ക്കും ഇന്നത്തെ കളി നിര്‍ണായകം

 

ആതിര പികെ
 

ട്ടൗട്ടുകള്‍ ഉയര്‍ത്തിക്കെട്ടി, നീലയും വെള്ളയും കലര്‍ന്ന കൊടി പാറിപറത്തി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. നേരിട്ട തോല്‍വിക്കുമേല്‍ വിജയ ഗോളുകള്‍ വലകുലുക്കാന്‍. ഹൃദയമിടിപ്പിന്റെ മണിക്കുറൂകളാണ് ഇനി അര്‍ജന്റീന ആരാധകരെ കാത്തിരിക്കുന്നത്. ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്കും കളിയാക്കലുകള്‍ക്കും മറുപടികൊടുക്കാന്‍ അതിജീവനത്തിന്റെ യുദ്ധത്തിന് മിശിഹായും സംഘവും ഇന്ന് ബൂട്ടുകെട്ടി ലൂസെയില്‍ സ്റ്റേഡിയത്തില്‍ മെക്‌സിക്കോയെ നേരിടാന്‍ ഇറങ്ങുമ്പോള്‍ ആവേശത്തിനപ്പുറം ആരാധകര്‍ക്ക് നെഞ്ചിടിപ്പാണ്.

ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് നേരിട്ട കനത്ത പരാജയത്തിന് പിന്നാലെയാണ് മെസ്സിയും സംഘവും ഇന്ന് മെക്‌സികോയ്‌ക്കെതിരെ കളത്തില്‍ ഇറങ്ങുന്നത്. പ്രീ ക്വാട്ടര്‍ സാധ്യത ഉറപ്പിക്കാന്‍ അര്‍ജന്റീനയ്ക്ക് ഇന്നത്തെകളി നിര്‍ണായകമാണ്. അരയും തലയും മുറുക്കി അര്‍ജന്റീനന്‍ താരങ്ങള്‍ ഇന്ന് കളത്തില്‍ ഇറങ്ങുമ്പോള്‍ ലക്ഷ്യം ന്ന് മാത്രം വിജയം. ഇനി ഇന്നും ടീം തോല്‍വി നേരിടുകയാണെങ്കില്‍ മിശിഹായുടെ കട്ടൗട്ടുകള്‍ പതുക്കെ ഇറക്കിവയ്ക്കാം, അതല്ല വിജത്തോടെയുള്ള ഉയര്‍ത്തെഴുനേല്‍പ്പാണെങ്കില്‍ അതൊരു മധുര പ്രതികാരവുമായിരിക്കും. 

മെക്സിക്കോയോട് തോറ്റാല്‍ക്കുകയാണെങ്കില്‍ ലയണല്‍ മെസിക്കും കൂട്ടര്‍ക്കും ലോകകപ്പ് മോഹങ്ങള്‍ അവസാനിപ്പിക്കാം. ഇനി സമനിലയായാലും കുഴപ്പമാണ്. അതുകൊണ്ട് ജയംമാത്രമാണ് ഇന്ന് അര്‍ജന്റീനയുടെ ഏക പോംവഴി. സി ഗ്രൂപ്പിലെ മറ്റ് മത്സരഫലങ്ങളും നിര്‍ണായകമാകും. 

ആവേശത്തോടെയും അമിത ആത്മവിശ്വാസത്തോടെയുമായിരുന്നു ഖത്തറില്‍ അര്‍ജന്റീന താരങ്ങള്‍ വിമാനമിറങ്ങിയത്. അവസാന 36 കളിയിലും തോല്‍വി എന്തെന്ന് മെസിയും പടയാളികളും അറിഞ്ഞിരുന്നില്ല. കോപ അമേരിക്കയുടെയും ഫൈനലിസിമ ട്രോഫിയുടെയും തിളക്കവും ഉണ്ടായിരുന്നു. പക്ഷേ പ്രതീക്ഷകള്‍ അസ്ഥാനത്തായിരുന്നു. നിസ്സാരമെന്ന് കരുതിയ സൗദി അറേബ്യയുടെ താണ്ടവമായിരുന്നു ഗ്രൗണ്ടില്‍ കാണാനായത്. ഒടുവില്‍ പെനാല്‍ട്ടിയിലൂടെ നേടിയ ആശ്വാസഗോളുമായി 1-2ന് അടിയറവ് പറഞ്ഞു മടങ്ങേണ്ടിവന്നു അര്‍ജന്റീനയ്ക്ക്.

ഗ്രൂപ്പില്‍ ആദ്യറൗണ്ട് മത്സരം പൂര്‍ത്തിയായപ്പോള്‍ അര്‍ജന്റീന നാലാമതാണ്. ഒറ്റ പോയിന്റുമില്ല. സൗദിയാണ് ഒന്നാംസ്ഥാനത്ത്. മെക്സിക്കോയ്ക്കും പോളണ്ടിനും ഓരോ പോയിന്റുണ്ട്. ഇതിനാല്‍ത്തന്നെ ശേഷിക്കുന്ന കളിയില്‍ ജയമുറപ്പിച്ചില്ലെങ്കില്‍ അര്‍ജന്റീനക്ക് തലതാഴ്ത്തി മടങ്ങേണ്ടിവരും.

ആദ്യ മത്സരത്തിലെ നിറം മങ്ങിയ പ്രകടനത്തെ മറന്ന് പുത്തന്‍ ഉണര്‍വ് സമ്മാനിക്കാന്‍ എന്ത് തന്ത്രമാണ് പരിശീലകന്‍ ലയണല്‍ സ്‌കലോണി ഒരുക്കുകയെന്നതും കാത്തിരുന്ന് കാണണം. ഇതിനിടെ താരങ്ങളുടെ പരിക്ക് വില്ലനാവാനിടയുണ്ട്. 
എന്നാല്‍ ഇനി മെക്സികോയെ ചെറിയ എതിരാളികളായി കാണാന്‍ അര്‍ജന്റീന തയ്യാറാകില്ല. കൃത്യമായി പഠിച്ചുതന്നെയാകും ടീം കളത്തിലിറങ്ങുക. ഒരുതരത്തില്‍ ഫൈനല്‍ പോരാട്ടത്തിന് സമാനമാവും ഇന്നത്തെ അര്‍ജന്റീന മെക്‌സികോ മത്സരം. വിജയക്കൊടുമുടിയില്‍നിന്ന് കാല്‍വഴുതിവീണ ആഘാതത്തിലാണ് അര്‍ജന്റീനക്കാര്‍. ഇനി ആ വിജയക്കൊടുമുടി കയറാന്‍ ഇന്നത്തെ മത്സരം നിര്‍ണായകമാണ്.