നടനും അവതാരകനുമായ മിഥുന്‍ രമേശിന് ബാധിച്ച ബെല്‍സ് പാള്‍സി എന്ന രോഗം എന്താണ് ?

 

ടനും അവതാരകനുമായ മിഥുന്‍ രമേശിന് ഇപ്പോള്‍ ആശുപത്രിയിലാണ്. അപ്രതീക്ഷിതമായ വന്ന രോഗത്തെ വിവരിച്ചുകൊണ്ട് മിഥുന്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആരാധകരോട് പറയുകയുണ്ടായി.  ബെല്‍സ് പാള്‍സി എന്ന രോഗം ബാധിച്ചതിന് പിന്നാലെയാണ് മിഥുന്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് മിഥുന്‍ അഡ്മിറ്റായത്. ചിരിക്കുന്ന സമയത്ത് മുഖത്തിന്റെ ഒരു സൈഡ് അനക്കാന്‍ പറ്റുന്നില്ലെന്നും കണ്ണുകള്‍ താനേ അടഞ്ഞുപോകുന്ന അവസ്ഥയാണുള്ളതെന്നും മിഥുന്‍ പറഞ്ഞു. ഇതോടെ എന്താണ് ബെല്‍സ് പാള്‍സി എന്നത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്.

എന്താണ് ബെല്‍സ് പാള്‍സി?

മുഖത്തിന്റെ ഒരുവശത്തെ മസിലുകള്‍ക്ക് പെട്ടെന്ന് തളര്‍ച്ച സംഭവിക്കുന്ന അവസ്ഥയാണിത്. മിക്ക രോഗികളിലും ആഴ്ച്ചകള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ ഭേദമായി രോഗം സുഖപ്പെടാറാണ് പതിവ്. ചിലരില്‍ മുഖത്തിന്റെ ഒരുവശം താഴേക്ക് തൂങ്ങിയതുപോലെ കോടിപ്പോവുകയും ചെയ്യാം. ബാധിക്കപ്പെട്ട വശത്തെ കണ്ണ് അടയ്ക്കാനോ ചിരിക്കാനോ കഴിയുകയുമില്ല.

അക്യൂട്ട് പെരിഫെറല്‍ ഫേഷ്യല്‍ പാള്‍സി എന്നും ഈ രോഗം അറിയപ്പെടുന്നു. ഏതു പ്രായത്തിലും ലക്ഷണങ്ങള്‍ കാണാം. രോഗത്തിന് പിന്നിലെ യഥാര്‍ഥ കാരണം വ്യക്തമല്ല. മുഖത്തിന്റെ ഒരുവശത്തെ മസിലുകളെ നിയന്ത്രിക്കുന്ന നാഡിയുടെ വീക്കമാകാം കാരണമെന്നും വിദഗ്ധര്‍ കരുതുന്നു. ചില വൈറല്‍ ഇന്‍ഫെക്ഷനുകള്‍ക്കു ശേഷവും ഈ അവസ്ഥ കാണപ്പെടാറുണ്ടെന്ന് വിദഗ്ധര്‍ പറയുന്നുണ്ട്.'

ആഴ്ച്ചകള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ ഭേദപ്പെടാറാണ് പതിവ്. മിക്കയാളുകളിലും ആറു മാസത്തിനുള്ളില്‍ രോഗമുക്തി നേടാം. ഒന്നിലധികം പ്രാവശ്യം രോഗം വരാനുള്ള സാധ്യതയും കുറവാണ്.

ലക്ഷണങ്ങള്‍ എന്തൊക്കെ:

*മുഖത്തിന്റെ ഒരുവശം തളര്‍ന്നുപോവുക*കണ്ണുനീരിന്റെയും തുപ്പലിന്റെയും അളവിലുള്ള വ്യത്യാസം
*വായയുടെ ഒരുവശത്തുകൂടി തുപ്പല്‍ ഒലിക്കുക
*രോഗം ബാധിച്ച വശത്തെ താടിക്ക് ചുറ്റുമോ ചെവിക്കു പിന്നിലോ വേദന അനുഭവപ്പെടുക
*കണ്ണ് അടയ്ക്കുക, ചിരിക്കുക പോലെ മുഖം കൊണ്ടുള്ള പ്രവൃത്തികള്‍ ചെയ്യാന്‍ കഴിയാതിരിക്കുക
*രുചി അനുഭവപ്പെടാതിരിക്കുക*തലവേദന

ഏതു ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാലും ഡോക്ടറുടെ വിദഗ്ധ ഉപദേശം തേടേണ്ടതാണ്. സ്‌ട്രോക്കും ബെല്‍സ് പാള്‍സിയും തമ്മില്‍ ബന്ധമില്ലെങ്കിലും രണ്ടിന്റെയും ലക്ഷണങ്ങള്‍ സമാനമായതിനാല്‍ സ്‌ട്രോക് തിരിച്ചറിയപ്പെടാതെ പോകാനും സാധ്യതയുണ്ട്.