ഹജ്ജ് തീര്‍ഥാടനം; ഇന്ത്യയില്‍ നിന്ന് ഈവര്‍ഷം 1,75,025 പേര്‍ക്ക് അവസരം

 

ജിദ്ദ: ഈവര്‍ഷം ഇന്ത്യയില്‍ നിന്ന് ഹജ്ജ് തീര്‍ഥാടനത്തിന് 1,75,025 പേര്‍ക്ക് അവസരം. സൗദി അറേബ്യയും ഇന്ത്യയും തമ്മില്‍ ഈവര്‍ഷത്തെ ഹജ്ജ് കരാറില്‍ ഒപ്പുവെച്ചു. സൗദി അറേബ്യന്‍ ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅയും ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുല്‍ ഫത്താഹ് മുശാത്തുമാണ് വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഹജ്ജ് മന്ത്രാലയപ്രതിനിധികളുമായുള്ള കരാറില്‍ ഒപ്പുവെക്കുന്നത്.

ഇന്ത്യക്കുവേണ്ടി കോണ്‍സല്‍ ജനറല്‍ ഷാഹിദ് ആലം കരാറില്‍ ഒപ്പിട്ടു. ജിദ്ദയിലെ കിങ് അബ്ദുല്ല സ്‌പോര്‍ട്സ് സിറ്റിക്ക് സമീപത്തുള്ള ജിദ്ദ ഡോമില്‍ നടക്കുന്ന എക്‌സിബിഷനില്‍വെച്ചായിരുന്നു ചടങ്ങ്. ഇതിനകം 19 രാജ്യങ്ങളുമായാണ് സൗദി അറേബ്യ ഹജ്ജ് തീര്‍ഥാടനം സംബന്ധിച്ച കരാറുകളില്‍ ഒപ്പിട്ടത്. 2019ല്‍ 1,40,000 ആയിരുന്നു ഇന്ത്യക്കനുവദിച്ച ക്വാട്ട. 2020ല്‍ ഇത് 1,24,000 ആയി കുറഞ്ഞു. കഴിഞ്ഞവര്‍ഷം 79,237 പേര്‍ക്കാണ് ഇന്ത്യയില്‍നിന്ന് ഹജ്ജിന് അവസരമുണ്ടായിരുന്നത്.