'അന്വേഷിപ്പിന്‍ കണ്ടെത്തും' സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

 

കാപ്പയുടെ ശ്രദ്ധേയമായ വിജയത്തിനു ശേഷം തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു.വി. ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, എന്നിവര്‍ നിര്‍മ്മിച്ച്, നവാഗതനായ ഡാര്‍വിന്‍ കുര്യാക്കേസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രത്തിന്റെ ചിത്രീകരണം കോട്ടയത്ത് ആരംഭിച്ചു. മാര്‍ച്ച് ആറ് തിങ്കളാഴ്ച്ച്ച കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്ര സന്നിധിയില്‍ നടന്ന ലളിതമായ ചടങ്ങോടെയാണ് ചിത്രീകരണത്തിനു തുടക്കമായത്.

ചലച്ചിത്ര പ്രവര്‍ത്തകരും, അണിയറ പ്രവര്‍ത്തകരും, ബന്ധുമിത്രാദികളും പങ്കെടുത്ത ചടങ്ങില്‍ ശ്രീ.കെ.വി.കുര്യാക്കോസ് ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ആരംഭം കുറിച്ചത്.
പ്രശസ്ത സംവിധായകന്‍ ഭദ്രന്‍ സ്വിച്ചോണ്‍ കര്‍മ്മവും വൈശാഖ് ഫസ്റ്റ് ക്ലാപ്പും നല്‍കി. സംവിധായകന്‍ ജോസ് തോമസ്, ടൊവിനോ തോമസ്, ഛായാഗ്രാഹകന്‍ വിനോദ് ഇല്ലമ്പള്ളി, ,, തിരക്കഥാകൃത്ത് ദിലീഷ് നായര്‍, സന്തോഷ് വര്‍മ്മ, എന്നിവരുടെ സാന്നിദ്ധ്യവുമുണ്ടായിരുന്നു. ടൊവിനോ തോമസ്സാണ് ഈ ചിത്രത്തിലെ നായകന്‍. അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയാണ് ടൊവിനോ ഈ ചിത്രത്തില്‍ എത്തിയിരിക്കുന്നത്.

ഈ ചിത്രത്തില്‍ ടൊവിനോ അവതരിപ്പിക്കുന്ന എസ്.ഐ. ആനന് എന്ന  കഥാപാത്രത്തിന്റെ ലുക്കില്‍ ടൊവിനോ എത്തിയത് ഏറെ കൗതുകമായി. എഴുപതോളം അഭിനേതാക്കളെ അണിനിരത്തി എഴുപത്തിയഞ്ചു ദിവസത്തോളം നീണ്ടു നില്‍ക്കുന്ന ചിത്രീകരണവും അതിനുള്ള സന്നാഹങ്ങളോടെയും ഇരുപത്തിയഞ്ചു കോടിയോളം മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണിത്. സര്‍വ്വീസ്സില്‍ പുതുതായി ചുമതലയേല്‍ക്കുന്ന എസ്.ഐ.ആനന്ദ് എന്ന കഥാപാത്രത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാ വികസനം. യുവത്വത്തിന്റെ പ്രസരിപ്പും, ചടുലതയും, തുടക്കക്കാരന്റെ തിമിര്‍പ്പുമുള്ള എസ്.ഐ. ആനന്ദിന്റെ ഔദ്യോഗിക ജീവിതവും വ്യക്തി ജീവിതവും കോര്‍ത്തിണക്കി ഒരു ക്ലീന്‍ എന്റെര്‍ടൈനറായിട്ടാണ് ഈ ചിത്രത്തെ ഡാര്‍വിന്‍ കുര്യാക്കോസ് അവതരിപ്പിക്കുന്നത്.

സംഘര്‍ഷങ്ങളും, സംഘട്ടനങ്ങളും, ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളുമൊക്കെ ഈ ചിത്രത്തെ പ്രേഷകരുമായി ഏറെ ബന്ധപ്പെട്ടുത്തുന്നു. പൂര്‍ണ്ണമായും തില്ലര്‍ - ഇന്‍സ്റ്റിഗേറ്റീവ് ജോണറിലാണ് ഈ ചിത്രത്തിന്റെ കഥാ പുരോഗതി. അന്വേഷകരുടെ കഥയല്ല . അന്വേഷകരുടെ കഥയാണ് എന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രത്തിന്റെ അവതരണം. സിദിഖ്, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, ബാബുരാജ്, വിനീത് തട്ടില്‍, പ്രമോദ് വെളിയനാട് തുടങ്ങിയവര്‍ ഇതിലെ പ്രധാന താരങ്ങളാണ്. രണ്ടു നായികമാര്‍ പുതുമുഖങ്ങളാണ്. രണ്ടു ഷെഡ്യുളിലായി ചിത്രീകരണം പൂര്‍ത്തിയാകുന്ന ഈ ചിത്രത്തിലെ മറ്റഭിനേതാക്കളുടെ നിര്‍ണ്ണയം പൂര്‍ത്തിയായി വരുന്നു. തമിഴ് മികച്ച സംഗീത സംവിധായകനായ സന്തോഷ് നാരായണനാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകന്‍.
സന്തോഷ് വര്‍മ്മയുടേതാണ് വരികള്‍.