യഥാര്‍ഥ കേരള സ്റ്റോറിയായി 2018, വിവാദ കേരള സ്‌റ്റോറിക്ക് തണുപ്പന്‍ പ്രതികരണം

 



കൊച്ചി- കേരളം ഒന്നാണെന്ന് ഉറക്കെ പറയുന്ന ജൂഡ് ആന്റണി ജോസഫിന്റെ 2018 ബോക്‌സോഫീസില്‍ വൈകാരിക വിസ്‌ഫോടനം സൃഷ്ടിക്കുമ്പോള്‍ കേരളത്തെ ഭിന്നിപ്പിക്കുന്ന പ്രമേയവുമായെത്തിയ ദി കേരള സ്റ്റോറിക്ക് തണുത്ത പ്രതികരണം. കേരളത്തെ രണ്ടറ്റങ്ങളില്‍ നിന്നു കാണുന്ന രണ്ട് ചിത്രങ്ങള്‍ ഒരുമിച്ച് റിലീസ് ചെയ്തപ്പോള്‍ ദി കേരള സ്‌റ്റോറിക്കുള്ള മറുപടിയായി മാറി പ്രേക്ഷകര്‍ നെഞ്ചേറ്റുന്ന 2018.  2018ലെ മഹാപ്രളയത്തില്‍ കേരളത്തിന്റെ ഐക്യവും പോരാട്ടവും വികാരവായ്‌പോടെ രേഖപ്പെടുത്തുന്നതാണ് ജൂഡ് ആന്റണിയുടെ ചിത്രം.  കേരളത്തില്‍ നിന്നും മതപരിവര്‍ത്തനം നടത്തി സിറിയയിലേക്ക് തീവ്രവാദ പ്രവര്‍ത്തനത്തിന് കൊണ്ടുപോകുന്ന പെണ്‍കുട്ടികളുടെ അനുഭവങ്ങളാണ് സിനിമയുടെ ദി കേരള സ്റ്റോറിയുടെ പ്രമേയം. ഇത് ഞങ്ങളുടെ കേരളമല്ല സുദപ്‌തോ സെന്‍ ഉത്തരേന്ത്യയില്‍ നിന്ന് കാണുന്ന കേരളമാണെന്നാണ് ചിത്രം കണ്ടിറങ്ങിയ പലരും അഭിപ്രായപ്പെട്ടത്.

2018നെ കൈയടികളോടെ സ്വീകരിച്ചപ്പോള്‍ ദി കേരള സ്‌റ്റോറിക്ക് തണുപ്പന്‍ പ്രതികരണമാണ് ലഭിച്ചത്.  നേരത്തെ നിശ്ചയിച്ചിരുന്ന പ്രദര്‍ശനങ്ങള്‍ പല തിയറ്ററുകളും റദ്ദാക്കി. പ്രമുഖ മള്‍ട്ടിപ്ലെക്‌സ് ശൃംഖലയായ പി.വി.ആറിന്റെ കൊച്ചി, തിരുവനന്തപുരം അടക്കമുള്ള സ്‌ക്രീനുകളില്‍ പ്രദര്‍ശനം റദ്ദാക്കിയിട്ടുണ്ട്. കേരളത്തിലെ മറ്റ് തിയറ്ററുകളിലും ചാര്‍ട്ട് ചെയ്ത ഷോകള്‍ ക്യാന്‍സല്‍ ചെയ്തതായാണ് വിവരം. പ്രേക്ഷകര്‍ കുറവായതിനെ തുടര്‍ന്നാണ് ചിലയിടങ്ങളില്‍ ഷോ റദ്ദാക്കിയത്. കേരളത്തിലെ 21 സ്‌ക്രീനുകളിലാണ് കേരള സ്റ്റോറി റിലീസിന് എത്തിയിരിക്കുന്നത്. കേരള സ്റ്റോറിക്ക് തിയറ്ററുകളില്‍ ആളെ എത്തിക്കാന്‍ സംഘപരിവാര്‍ സംഘടനകളും ബിജെപിയും ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ചിത്രം സംഘപരിവാര്‍ ഗൂഢാലോചനയാണ് എന്നാണ് ഉയരുന്ന വിമര്‍ശനം.