ഒരു മോഹന്‍ലാല്‍ ആരാധകന്റെ മനശാസ്ത്രം; 'ദി ഫനറ്റിക്' പരമ്പരയുമായി ഭാവന സ്റ്റുഡിയോസ്

 

ഫാന്‍സ്  - ആരാധകര്‍.  വ്യക്തമായ ഒരു നിര്‍വ്വചനം സാധ്യമാകാത്ത ഒന്നാണ് ആരാധകരുടെ മനഃശാസ്ത്രം. ഒരാള്‍ക്ക് മറ്റൊരു വ്യക്തിയോട് തോന്നുന്ന അതിരുകളില്ലാത്ത സ്‌നേഹത്തെ ആകാം ആരാധനയായി വ്യഖ്യാനിക്കപ്പെടുന്നത്.  പൊതുവായും സെലിബ്രിറ്റികളുടെ കൂടെച്ചേര്‍ത്തതാണ് 'ആരാധകര്‍' എന്ന വാക്ക് കൂടുതലും വായിക്കപ്പെടുന്നത്.  അത് സിനിമാ താരങ്ങളാകാം,  സ്‌പോര്‍ട്‌സ് താരങ്ങളാകാം,  സാഹിത്യകാരന്മാരോ,  സംഗീതജ്ഞരോ ആകാം.  എല്ലാ മേഖലകളിലും സെലിബ്രിറ്റികളെ ആരാധിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരുണ്ട്.  പല ആരാധകരും തന്റെ ആരാധനാപാത്രമായ വ്യക്തിയില്‍ നിന്നും വളരെ അകലെ നില്‍ക്കുന്നവരാകാം എന്നാല്‍ മനസ്സ് കൊണ്ട് അവര്‍ വളരെ വളരെ അടുത്താകും ഉണ്ടാവുക.   തനിക്ക് രക്തബന്ധം പോലുമില്ലാത്ത ഒരു മനുഷ്യനോട്,  തിരികെയൊന്നും പ്രതീക്ഷിക്കാതെ അഗാധമായ സ്‌നേഹം സൂക്ഷിക്കുക എന്നത് നിസ്സാരമല്ല. അതത്ര എളുപ്പവുമല്ല.  ജീവിതത്തിന്റെ നാനാതുറകളില്‍ പെട്ട സാധാരണക്കാക്കാരായ അത്തരം ചില ആരാധകരെ ആണ്  ദി ഫനറ്റിക് എന്ന പരിപാടിയിലൂടെ ഭാവന സ്റ്റുഡിയോസ് പരിചയപ്പെടുത്തുന്നത്.  പൊതുബോധത്തില്‍ 'വേറെ പണി ഒന്നും ഇല്ലാത്തവന്റെ പണി' ആയി വ്യാഖ്യാനിക്കപ്പെടുകയും ഏറെ പഴി കേള്‍ക്കേണ്ടി വരികയും ചെയ്യുന്ന 'ആരാധകര്‍'ക്ക് പറയാനുള്ളത് എന്താണ് എന്ന് അന്വഷിക്കുകയാണ് ദി ഫനറ്റിക് എന്ന പരമ്പര.  ഭാവന സ്റ്റുഡിയോസ് യൂ ട്യൂബ് ചാനല്‍ വഴി സംപ്രേഷണം ചെയ്യുന്ന ഈ സീരീസിന്റെ ആദ്യ എപ്പിസോഡ് മോഹന്‍ലാലിന്റെ കടുത്ത ആരാധകനായ സഫീര്‍ അഹമ്മദ് എന്ന കൊടുങ്ങല്ലൂര്‍ സ്വദേശിയെ കുറിച്ചാണ്.