കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കാത്തതില്‍ ബി ജെ പി പ്രതിഷേധം, പോലീസ് ഇടപെട്ട് പ്രദര്‍ശനം

 

തലശ്ശേരി- 'ദി കേരള സ്റ്റോറി' പ്രദര്‍ശിപ്പിക്കാന്‍ വിസമ്മതിച്ചെന്നാരോപിച്ച് തലശേരി കാര്‍ണിവല്‍ തിയറ്ററില്‍ ബി.ജെ.പി പ്രതിഷേധം. മുന്‍കൂട്ടി ടിക്കറ്റെടുത്തവര്‍ തിയറ്ററിലെത്തുകയും സിനിമ പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനു പിന്നാലെ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. തുടര്‍ന്ന് പോലീസ് കമ്മീഷണര്‍ അജിത്ത്കുമാറിന്റെയും തലശ്ശേരി എ.എസ്.പി അരുണ്‍ പവിത്രന്റെയും നേതൃത്വത്തിലെത്തിയ പോലീസ് തിയേറ്ററിന് സംരക്ഷണം ഒരുക്കുകയായിരുന്നു.
കാര്‍ണിവല്‍ തിയറ്ററില്‍ സിനിമ പ്രദര്‍ശിപ്പിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, സിനിമയ്ക്കെതിരായ പ്രതിഷേധം കണക്കിലെടുത്ത് പ്രദര്‍ശനം മാറ്റാന്‍ ഉടമകള്‍ തീരുമാനിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി പ്രതിഷേധിച്ചത്. പ്രതിഷേധക്കാരുമായും തിയറ്റര്‍ ഉടമകളുമായി പോലീസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി സിനിമ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്നലെ ഉച്ചക്ക് ഒരു മണിക്കും വൈകിട്ട് ഏഴ് മണിക്കും രണ്ട് പ്രദര്‍ശനങ്ങളാണ് മാളിലെ കാര്‍ണിവല്‍ തിയറ്ററില്‍ തീരുമാനിച്ചിരുന്നത്. പ്രതിഷേധം കണക്കിലെടുത്ത് പ്രദര്‍ശനത്തിന് ശേഷവും തിയേറ്ററിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.