‘കാൽപ്പന്താണേ കനവൊന്നാണേ…’ ; ഫുട്ബോള്‍ ആവേശത്തിന് തിരികൊളുത്തി മലയാളികളുടെ വേൾഡ് കപ്പ് ഫുട്ബോൾ ഗാനം !

 

കൊച്ചു കുട്ടികള്‍ മുതല്‍ വയോധികര്‍ വരെയുള്ളവരുടെ കാലുകളിലൂടെ സഞ്ചരിക്കുന്ന ഒരു ഫുട്ബോളാണ് വീഡിയോയിലെ നായകന്‍

ഫുട്ബോള്‍ ആവേശത്തിന് തിരികൊളുത്താൻ ഒരുങ്ങുകയാണ് ലോകം മുഴുവനുള്ള കായിക പ്രേമികൾ. ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോളിനെ വരവേല്‍ക്കാന്‍ മലയാളിക്ക് ആവേശത്തോടെ പാടിത്തിമിർക്കാൻ ‘കാൽപ്പന്താണേ… കനവൊന്നാണേ’ എന്നു തുടങ്ങുന്ന ഒരു വേൾഡ് കപ്പ് ഫുട്ബോൾ ഗാനം പുറത്തിറക്കി മനോരമ മ്യൂസിക്.

ഷൈജു ദാമോദരന്‍റെ കമന്‍ററിയോടെ ആരംഭിക്കുന്ന വീഡിയോയിലെ ഗാനത്തിന് ഈണമൊരുക്കിയിരിക്കുന്നത് ഡിജെ സാവിയോ ആണ്. എം.സി. കൂപ്പറും സാവിയോയും ചേര്‍ന്നു വരികൾ കുറിച്ച ഗാനം ആലപിച്ചിരിക്കുന്നത് എം.സി. കൂപ്പർ, റോണി ഫിലിപ് എന്നിവരാണ്. റിയാസ് ഇരിഞ്ഞാലക്കുടയാണ് ഗാനരംഗങ്ങളുടെ സംവിധാനം നിർവഹിച്ചത്. എഡിറ്റിങ്: റെനീഷ് ഒറ്റപ്പാലം. മ്യൂസിക് അറേഞ്ച്മെന്റ്സ്: അക്ഷയ്. നിതിൻ തളിക്കുളം ആണ് ഗാനരംഗങ്ങൾ ചിത്രീകരിച്ചത്.

കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലെ കൊച്ചു കുട്ടികള്‍ മുതല്‍ വയോധികര്‍ വരെയുള്ളവരുടെ കാലുകളിലൂടെ സഞ്ചരിക്കുന്ന ഒരു ഫുട്ബോളാണ് വീഡിയോയിലെ നായകന്‍. മലയാളത്തിന്‍റെ ആവേശവുമായി അവസാനം ഖത്തറിലെ സ്റ്റേഡിയത്തില്‍ ആ കാല്‍പന്ത് എത്തുന്നതോടെ ഗാനം അവസാനിക്കുന്നു.

കോഴിക്കോട് കടപ്പുറത്തും മലപ്പുറത്തെ സെവന്‍സ് ഗ്രൗണ്ടുകളിലും ആലപ്പുഴയിലെ കെട്ടുവള്ളങ്ങള്‍ക്കിടയിലും കൊച്ചിയിലെ അഴിമുഖത്തും ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിലെ മഞ്ഞപ്പടയുടെ ആരവങ്ങളിലൂടെയുമെല്ലാം പടരുന്ന ഫുട്ബോള്‍ ആവേശമാണ് പാട്ട് ആരാധകരിലേക്കു പകരുന്നത്.