നിളയുടെ കലാകാരന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് സിനിമാലോകം

 

കഥകൾ ആത്മാവിൽ നിന്നൊഴുകുമ്പോൾ കവിതയാണെന്നാണ് എംടിയുടെ പക്ഷം. ആ അക്ഷര സുകൃതത്തിന് ഇന്ന് നവതി. മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം ടി വാസുദേവൻ നായർ ഇക്കാലമത്രയും മലയാളക്കരയുടെ നന്മയും നവോന്മേഷവും വിളിച്ചോതി. വിമല, സേതു, സുമിത്ര, ഗ്ലോറി , തങ്കമണി, സുധാകരൻ, ജാനമ്മ, അനിയൻ, ഭാഗിയുമെല്ലാം മലയാളിക്ക് അവർ തന്നെയായിരുന്നു. മനുഷ്യന്റെ മനസ്സറിഞ്ഞ മാന്ത്രികത്തൂലികയിലെ നോവലും തിരക്കഥയും ചലച്ചിത്രങ്ങളും ഭവ്യാനുഭൂതിയുടെ സമാനതകളില്ലാത്ത നേർചിത്രമായി.

എംടിയുടെ കഥാപാത്രങ്ങളായി രൂപാന്തരപ്പെട്ടത് എപ്പോഴും ചുറ്റുമുള്ള മനുഷ്യരായിരുന്നു. മലയാളി നിത്യേന കാണുകയും പരിചയപ്പെടുകയും സംസാരിക്കുകയും ചെയ്യുന്ന മനുഷ്യർ. എംടിയുടെ ഭാഷാ ശുദ്ധിയിൽ ചുറ്റും നിറഞ്ഞ നിന്ന ഈ മനുഷ്യർ തേജസുറ്റ കഥാപാത്രങ്ങളായി. നാലുകെട്ട്, മുറപ്പെണ്, കാലം, അസുരവിത്ത്, രണ്ടാമൂഴം, മഞ്ഞ് തുടങ്ങി എത്രയെത്ര അനശ്വര സൃഷ്ടികള്‍. മലയാള സാഹിത്യത്തിന് പുറമേ ചലച്ചിത്രരംഗത്തും വള്ളുവനാടൻ ഭാഷയുടെ സൗന്ദര്യം ആഴത്തിൽ പ്രതിഷ്ഠിച്ചത് എംടിയാണ്. നിളയും വള്ളുവനാടും മലയാളിക്ക് ഇത്രമേൽ പ്രിയപ്പെട്ടതാക്കിയതും ഈ സൃഷ്ടികളാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ, നടൻ മമ്മൂട്ടി ഉൾപ്പടെയുള്ള പ്രമുഖർ തുഞ്ചൻ പറമ്പിൽ നടന്ന നവതി ആഘോഷ പരിപാടികളിൽ പങ്കെടുത്ത് എം.ടിക്ക് ആശംസകൾ നേർന്നു.  വായിച്ചു തീരുമ്പോഴും ബാക്കിയാവുന്ന കഥാപാത്രങ്ങളുടെ പെരുന്തച്ചനാണ് എംടി. സാഹിത്യക്കാരൻ എന്നതിന് പുറമേ തിരക്കഥാകൃത്ത്‌, ചലച്ചിത്രസംവിധായകൻ, നാടകകൃത്ത് എന്നീ നിലകളിലും എം.ടി വ്യക്തിമുദ്ര പതിപ്പിച്ചു. സ്വന്തം കൃതിയായ മുറപ്പെണ്ണിന് തിരക്കഥയെഴുതിയാണ് എം ടി ചലച്ചിത്രലോകത്തെത്തുന്നത്. തുടര്‍ന്ന് തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ അമ്പതിലേറെ ചലച്ചിത്രങ്ങളുടെ പിന്നണിയില്‍ എംടിയുണ്ടായിരുന്നു.കേരള സാഹിത്യ അക്കാദമി അവാർഡ് , കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, മുട്ടത്തുവർക്കി അവാർഡ് , ഓടക്കുഴൽ അവാർഡ് , പത്മരാജൻ പുരസ്‌കാരം, ജ്‌ഞാനപീഠ പുരസ്‌കാരം അടക്കം നിരവധി അംഗീകാരങ്ങൾ എംടിയെ തേടിയെത്തി. എഴുത്തിലും സിനിമയിലും അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ച് രാഷ്ട്രം പത്മഭൂഷൺ നൽകി ആദരിച്ചു. രണ്ടാമൂഴത്തിന് വയലാർ അവാർഡും, വാനപ്രസ്ഥത്തിന് ഓടക്കുഴൽ അവാർഡും ലഭിച്ചു. മികച്ച തിരക്കഥയ്‌ക്ക് ആറു തവണ ദേശീയ ചലച്ചിത്ര അവാർഡ് നേടി. വായിച്ചാലും വായിച്ചാലും മതിവരാത്ത അക്ഷരവെളിച്ചത്തിന്റെ പുണ്യമാണ് എംടിയെന്ന രണ്ടക്ഷരം. മലയാളത്തിന്റെ ഇതിഹാസ കഥാകാരന്റെ രചനകൾക്കായി കാലം ഇനിയും കാത്തിരിക്കുന്നു.