20 കോടിയുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വനിധി തട്ടിപ്പ്; നടന്നത് ഉന്നതതലത്തിലെ ഗൂഡാലോചന: ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: കെ.സുരേന്ദ്രന്‍

 

ഉദുമ:20 കോടിയുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വനിധി തട്ടിപ്പില്‍ തീവെട്ടി കൊള്ളയാണ് നടന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. നടന്നത് ഉന്നതതലത്തിലെ ഗൂഡാലോചനയാണന്നും ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സമഗ്ര അന്വേഷണം വേണം സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ഉദ്യോഗസ്ഥര്‍ മാത്രമല്ല തട്ടിപ്പിന് പിന്നിലുള്ളത് ശുപാര്‍ശ നല്‍കിയ ഉന്നത രാഷ്ട്രീയ നേതാക്കളെ കണ്ടെത്തി അവരുടെ പങ്ക് കൂടി പുറത്തുകൊണ്ടുവരണം. തട്ടിപ്പിലെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കണം.സര്‍ക്കാര്‍ പാവങ്ങളുടെ പിച്ച ചട്ടിയില്‍ കൈയ്യിട്ട് വാരുകയാണ് .പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവരുടെ ശുപാര്‍ശയിലൂടെ നടന്ന തട്ടിപ്പ് അന്വേഷണ പരിധിയില്‍ വരണം.

വിജിലന്‍സ് അന്വേഷണം എവിടെയും എത്തില്ല. മുമ്പുണ്ടായ അനുഭവം അങ്ങനെയാണ്. ജുഡീഷ്യല്‍ അന്വേഷണം നടത്തണം സുരേന്ദ്രന്‍ പറഞ്ഞു. ലൈഫ് മിഷന്‍ അഴിമതിക്ക് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും സി.എം രവീന്ദ്രന്റെ പങ്ക് പുറത്ത് വന്നതോടെ മുഖ്യമന്ത്രിയുടെയും റവന്യുമന്ത്രിയുടെയും  ഓഫീസ് ആണ് അഴിമതിക്ക് പിന്നിലെന്ന് വ്യക്തമായി കഴിഞ്ഞു. ഇതും അന്വേഷണ പരിധിയില്‍ വരണം. മുഖ്യമന്ത്രിയുടെയും റവന്യുമന്ത്രിയുടെ പങ്കും അന്വേഷിക്കണം.

തെഴിലുറപ്പ് തൊഴിലാളികളെ ജോലി സമയത്ത് ഭീഷണിപ്പെടുത്തി കൊണ്ടുപോയി സി.പി.എമ്മിന്റെ പാര്‍ട്ടി ജാഥ വിജയിപ്പിക്കാന്‍ നോക്കുകയാണ്. ജാഥയ്ക്ക് പോകാത്തവര്‍ക്ക് തുടര്‍ന്ന് ജോലി കിട്ടില്ല. ജാഥയില്‍ പോയവര്‍ക്ക് ജോലിക്ക് പോകാതെ ഒപ്പിട്ട് വേതനം വാങ്ങാമെന്നാണ് പറയുന്നത്.തൊഴിലുറപ്പിലെ തട്ടിപ്പ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും കേന്ദ്രമാണ് പണം നല്‍കുന്നതെന്നും സുരേന്ദ്രന്‍ കൂട്ടി ചേര്‍ത്തു