ആശ്രമം കത്തിച്ച കേസിൽ ബി.ജെ.പി. കൗൺസിലറും  ആർ എസ് പ്രവർത്തകനും അറസ്റ്റിൽ

 

തിരുവനന്തപുരം- സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ബി.ജെ.പി. നഗരസഭാ കൗൺസിലറടക്കം രണ്ടുപേരെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. പി.ടി.പി. വാർഡ് കൗൺസിലർ വി.ജി ഗിരികുമാർ, ആർ എസ് എസ് പ്രവർത്തകനായ കണ്ടമൺ കടവ് ഇരിപ്പോട് വീട്ടിൽ ശബരി എസ് നായർ എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ആശ്രമം കത്തിച്ചത് കേസിലെ ഒന്നാം പ്രതി പരേതനായ പ്രകാശനും ശബരി എസ് നായരും ചേര്‍ന്നാണെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഗൂഡാലോചന നടത്തിയതിനാണ് കൗണ്‍സിലര്‍ വി.ജി.ഗിരികുമാറിനെ അറസ്റ്റ് ചെയ്തത്. ബി ജെ പിയുടെ തിരുവനന്തപുരത്തെ പ്രമുഖ നേതാവായ ഗിരികുമാര്‍ നഗരസഭയിലെ ബി ജെ പി പ്രക്ഷോഭങ്ങളുടെയെല്ലാം മുന്‍ നിരയിലുള്ളയാളാണ്. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കാനുള്ള പ്രേരണ പ്രതികള്‍ക്ക് നല്‍കിയത് ഇയാളാണെന്ന് ക്രൈംബ്രാഞ്ച് കരുതുന്നു. രണ്ടാം പ്രതി കൃഷ്ണകുമാര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
 ലോക്കൽ പോലീസ് അന്വേഷിച്ചിട്ടും തുമ്പുകണ്ടെത്താനാകാതെ അന്വേഷണം നീണ്ടുപോകുന്നതില്‍ സർക്കാരിന് ഏറെ പഴികേൾക്കേണ്ടി വന്നിരുന്നു. പൂജപ്പുര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആദ്യം കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറും പിന്നീട് കൺട്രോൾ റൂം അസിസ്റ്റന്റ് കമ്മീഷണറും അന്വേഷിച്ചിരുന്നു. അഞ്ച്മാസം കഴിഞ്ഞിട്ടും യാതൊരു തുമ്പും കിട്ടാതെ വന്നതോടെയാണ് കേസ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്.
ശബരിമല യുവതി പ്രവേശന വിവാദം കത്തിനിൽക്കവേയാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് മുന്നിൽ കിടന്നിരുന്ന വാഹനങ്ങൾക്ക് അക്രമികൾ തീയിട്ടത്. പ്രതികളിലൊരാളായ പ്രകാശന്റെ ആത്മഹത്യാക്കുറിപ്പിൽ നിന്നാണ് കേസിന് തുമ്പുണ്ടായത്.