പട്ടാപ്പകല്‍ 27 ലക്ഷത്തിന്റെ കവര്‍ച്ച: പ്രതി പിടിയില്‍

 

കൊച്ചി-ഫോര്‍ട്ട് കൊച്ചിയില്‍ പട്ടാപ്പകല്‍ വീട് കൊള്ളയടിച്ച് 27 ലക്ഷം രൂപയോളം വില വരുന്ന ആഭരണവും പണവും ഉപകരണങ്ങളും കവര്‍ച്ച ചെയ്ത കേസിലെ  മുഖ്യപ്രതി പോലീസിന്റെ പിടിയിലായി.  മുഖ്യപ്രതിയായ കരുവേലിപ്പടി ഭാഗത്ത് വാടകയ്ക്ക് താമസിച്ചു വരുന്ന ചക്കിട്ടപറമ്പ് മുജീബ് (44) എന്നയാളെയാണ് ഫോര്‍ട്ട് കൊച്ചി പോലീസ് പിടികൂടിയത്.
ഫോര്‍ട്ടുകൊച്ചി ചിരട്ടപാലത്തുള്ള  വീട്ടില്‍ നിന്നും 26ന് രാവിലെ 7.30ന് വീട്ടുകാര്‍ കലൂര്‍ പള്ളിയില്‍ ആരാധനയ്ക്കായി പോയ സമയത്തായിരുന്നു കവര്‍ച്ച. വീടിന്റെ ഒന്നാം നിലയിലെ ഡോര്‍ കുത്തി പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കള്‍ ബെഡ്‌റൂമിലെ അലമാരയുടെ ലോക്ക് പൊളിച്ച് അതില്‍ സൂക്ഷിച്ചിരുന്ന 25 ലക്ഷം രൂപയും 2 ലക്ഷം രൂപ വില വരുന്ന സ്വര്‍ണാഭരണങ്ങളും 35000 രൂപ വില വരുന്ന ഡിജിറ്റല്‍ ക്യാമറ ഉള്‍പ്പെടെ ഇരുപത്തിയേഴര ലക്ഷം രൂപ വില വരുന്ന സാധനങ്ങളാണ് കവര്‍ച്ച ചെയ്തത്. വീട്ടുകാരുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെ 28ന് രാത്രി 9.30ന് ഫോര്‍ട്ട് കൊച്ചിയിലെ എം ഇ എസ് ക്വാട്ടേഴ്‌സ്  പരിസരത്ത് നിന്നാണ് പ്രതിപിടിയിലായത്. തോപ്പുംപടി, മട്ടാഞ്ചേരി പോലീസ് സ്റ്റേഷനുകളില്‍ നിരവധി മോഷണം, കവര്‍ച്ച കേസുകളില്‍ പ്രതിയാണിയാള്‍.