നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ജൂലായ് 31 നകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി

 

ഡല്‍ഹി-നടിയെ ആക്രമിച്ച കേസില്‍ ജൂലായ് 31 നകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം. ആഗസ്റ്റ് നാലിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വിചാരണ കോടതിക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. അതേസമയം വിചാരണ അനാവശ്യമായി നീട്ടിക്കൊണ്ടുപോകുന്നത് എട്ടാം പ്രതി ദിലീപ് ആണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു..

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികള്‍ വൈകുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. വിചാരണ ജൂലായ് 31 നകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബഞ്ചിന്റെ നിര്‍ദ്ദേശം. ഇനി ആഗസ്റ്റ് നാലിനാണ് കേസ് പരിഗണിക്കുക. വിചാരണ വൈകുന്നതിലെ അതൃപ്തി കോടതി പ്രകടിപ്പിച്ചു. വിചാരണകോടതി യന്ത്രമല്ലെന്ന് നിരീക്ഷിച്ച, ജസ്റ്റിസ് ദിനേശ് മഹേശ്വരി ഓരോ തവണയും വിചാരണ കോടതി സമാനമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കുന്നത് എന്നും ചൂണ്ടിക്കാണിച്ചു.

വിചാരണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കോടതിക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതി ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിന് ഇടയിലായിരുന്നു സുപ്രീംകോടതിയുടെ പരാമര്‍ശങ്ങള്‍. അതേസമയം വിചാരണ വൈകുന്നതിന്റെ കാരണക്കാരന്‍ പ്രതി ദിലീപ് ആണെന്ന് സര്‍ക്കാര്‍ കുറ്റപ്പെടുത്തി. സാക്ഷി ബാലചന്ദ്രകുമാറിനെ 23 ദിവസമായി പ്രതിഭാഗം വിസ്തരിക്കുകയാണെന്നും സര്‍ക്കാറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജീത്ത് കുമാര്‍, സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷോങ്കര്‍ എന്നിവര്‍ കോടതിയെ ധരിപ്പിച്ചു. വിചാരണയിലെ സാങ്കേതിക പ്രശ്‌നമാണ് വിസ്താരം നീളുന്നതിന്റെ കാരണമായി പ്രതിഭാഗം കോടതിയെ അറിയിച്ചത്. 5 ദിവസത്തിനകം ബാലചന്ദ്രകുമാറിന്റെ വിസ്താരം പൂര്‍ത്തിയാക്കുമെന്ന ഉറപ്പും ദിലീപിനു വേണ്ടി ഹാജരായ അഭിഭാഷക രഞ്ജീത റോത്തഗി നല്‍കി.