കൊച്ചി നഗരത്തില്‍ മയക്കുമരുന്നു പരിശോധനയുടെ പേരില്‍ നിരപരാധിക്ക് പോലീസ് മര്‍ദനം

സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഉമാ തോമസ് എം എല്‍ എ പരാതി നല്‍കി

 

കൊച്ചി- കൊച്ചി സിറ്റി പോലീസ് മയക്കുമരുന്നു വേട്ടയുടെ പേരില്‍ നിരപരാധിയെ ഉപദ്രവിച്ചതായി പരാതി. എറണാകുളം നോര്‍ത്ത് പാലത്തിന് താഴെ നില്‍ക്കുകയായിരുന്ന കാക്കനാട് സ്വദേശി റെനീഷിനെ എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലെ എസ് എച്ച് ഒ മര്‍ദിച്ചതായാണ് പരാതി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഉമാതോമസ് എം എല്‍ എ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.
ഇന്നലെ ഉച്ചക്കാണ് നോര്‍ത്ത് പാലത്തിന് താഴെ വെച്ച് പോലീസ് റെനീഷിനെ തടഞ്ഞുവെച്ചത്. ആരാണെന്നും എന്തിനാണ് ഇവിടെ നില്‍ക്കുന്നതെന്നും ചോദിച്ച പോലീസ് തിരിച്ചറിയല്‍ കാര്‍ഡും ഫോണും ആവശ്യപ്പെട്ടു. അതിനിടയില്‍ ലാത്തികൊണ്ടും മുഖത്തും പലവട്ടം അടിച്ചതായാണ് റെനീഷിന്റെ പരാതി. പോലീസ് സ്‌റ്റേഷനിലെത്തിച്ച് അവിടെ വെച്ചും മര്‍ദിച്ചു. തലകറങ്ങിയപ്പോള്‍ ആശുപത്രിയില്‍ കൊണ്ടു പോയി. അവിടെ നിന്ന് വീണ്ടും സ്‌റ്റേഷനില്‍ കൊണ്ടുവന്ന് ഇരുത്തി. വൈകീട്ട് അഞ്ചു മണിയായപ്പോള്‍ വീട്ടുകാര്‍ക്കൊപ്പമാണ് വിട്ടയച്ചത്. തന്റെ പേരില്‍ എന്തെങ്കിലും കേസുണ്ടോ എന്ന് ചോദിച്ചപ്പോള്‍ കേസൊന്നുമില്ലെന്നും നിന്നെ നിരീക്ഷിക്കാന്‍ വേണ്ടി ഇരുത്തിയതാണെന്നുമായിരുന്നു പോലീസുകാരന്റെ മറുപടിയെന്ന് റെനീഷ് പറഞ്ഞു.
എന്നാല്‍ മയക്കുമരുന്നു വില്‍പനക്കാരുടെ പ്രധാന കേന്ദ്രമായ നോര്‍ത്ത് പാലത്തിനടിയില്‍ സംശയകരമായി കണ്ട യുവാവിനോട് വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ ഇയാള്‍ വിവരം തരാതെ പോലീസിനെ ചോദ്യം ചെയ്യുകയും തട്ടിക്കയറുകയുമായിരുന്നുവെന്ന് നോര്‍ത്ത് പോലീസ് പറയുന്നു. സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായ ഇവിടെ നിരവധി കൊലപാതകങ്ങളും നടന്നിട്ടുണ്ട്. മയക്കുമരുന്നിനെതിരായ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഇവിടം പോലീസ് പ്രത്യേകം നിരീക്ഷിക്കാറുണ്ട്. കൃത്യമായി മറുപടി നല്‍കാത്തതുകൊണ്ടാണ് ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടു വന്നത്. പോലീസ് മര്‍ദിച്ചെന്ന് പരാതിപ്പെടുമെന്ന് ഇയാള്‍ ഭീഷണി മുഴക്കിയപ്പോള്‍ ആശുപത്രിയിലെത്തിച്ച് മെഡിക്കല്‍ പരിശോധന നടത്തിയിട്ടുണ്ടെന്നും ഇതിന്റെ റിപ്പോര്‍ട്ടില്‍ എല്ലാം വ്യക്തമാണെന്നും പോലീസ് പറയുന്നു.
ദേഹപരിശോധനയിലും, പോലീസ് അന്വേഷണത്തിലും ക്രിമിനല്‍ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെട്ടു എന്ന് സംശയം പോലും ഇല്ലാത്ത ഒരു യുവാവിനെ അകാരണമായി മര്‍ദ്ദിച്ചത് തികച്ചും കുറ്റകരമാണെന്ന് ഉമാതോമസ് എം എല്‍ എ പറഞ്ഞു. മര്‍ദ്ദനത്തെ തുടര്‍ന്ന് ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കാതെ മുഖം മുഴുവന്‍ നീര് വന്ന അവസ്ഥയിലാണ് നിലവിലുള്ളത്. പൊതുസ്ഥലത്ത് ഇരിക്കുവാനുള്ള അവകാശത്തെ പോലും മാനിക്കാന്‍ തയ്യാറാകാത്ത , ഇത്തരം പോലീസ് കാടത്തം അനുവദിക്കരുത്. നാട്ടുകാര്‍ക്ക് ആര്‍ക്കും യാതൊരു പരാതിയും ഇല്ലാത്ത, ജോലി ചെയ്ത കുടുബം പുലര്‍ത്തുന്ന റിനിഷിന്റെ കുടുംബാംഗങ്ങള്‍ ഭയചകിതരാണ്. ഇത്തരത്തില്‍ പോലീസ് സേനയ്ക്ക് ആകെ മാനക്കെട് വരുത്തുന്ന ക്രിമിനല്‍ പോലീസുകാരെ നിലക്കുനിര്‍ത്തണം. മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ഉമാതോമസ് ആവശ്യപ്പെട്ടു.
 പൊലീസ് നടപടിയെ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് വിമര്‍ശിച്ചു. എന്തു നീതികേടാണ് നാട്ടില്‍ നടക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.