മല്ലു ട്രാവലർ ഷക്കീർ സുബാനെതിരെ പീഡന പരാതിയിൽ കേസെടുത്ത് പോലീസ് 

 

ബൈക്കിൽ ലോകം ചുറ്റി വ്ലോഗിലൂടെ വിവരങ്ങൾ പങ്കുവെച്ച് മലയാളികൾക്കിടയിൽ പ്രശസ്തനായ ഷക്കീർ സുബാനെതിരെ പൊലീസ് കേസെടുത്തു.  എറണാകുളം സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 13 ന് എറണാകുളത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന സൗദി പൗരയായ യുവതിയുടെ പരാതിയിലാണ് കേസെടുത്തത്. അഭിമുഖത്തിന് വേണ്ടി ക്ഷണിച്ച് ഷക്കീർ സുബാൻ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന സൗദി അറേബ്യൻ വനിതയുടെ പരാതി. 

അതേസമയം ആരോപണങ്ങൾ നൂറ് ശതമാനവും വ്യാജമാണെന്നാണ് സോഷ്യൽ മീഡിയയിലൂടെ ഷക്കീർ മറുപടി നൽകുന്നത്. “എന്റെ പേരിൽ ഒരു ഫേക്ക്‌ പരാതി വാർത്ത കണ്ടു. 100 ശതമാനം ഫേക്ക്‌ ആണ്. മതിയായ തെളിവുകൾ കൊണ്ട്‌ അതിനെ നേരിടും. എന്നോട്‌ ദേഷ്യം ഉള്ളവർക്ക്‌ ആഘോഷമാക്കാനുള്ള അവസരം ആണിതെന്ന് അറിയാം. എന്റെ ഭാഗം കൂടി കേട്ടിട്ട്‌, അഭിപ്രായം പറയണം എന്ന് അപേക്ഷിക്കുന്നു,” എന്നാണ് അദ്ദേഹം ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ കുറിച്ചത്.

ഏറെ നാളായി കൊച്ചിയിലാണ് സൗദി പൗരയായ യുവതി താമസിക്കുന്നത്. ഇവരെ അഭിമുഖം ചെയ്യുന്നതിനായാണ് മല്ലു ട്രാവലർ ഷക്കീർ സുബാൻ ഹോട്ടലിലെത്തിയത്. ഈ സമയത്ത് യുവതിയുടെ പ്രതിശ്രുത വരനും സ്ഥലത്തുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാൽ പിന്നീട് പ്രതിശ്രുത വരൻ പുറത്തേക്ക് പോയി. ഈ സമയത്ത് ഷക്കീർ സുബാൻ പീഡന ശ്രമം നടത്തിയെന്നാണ് യുവതി പരാതിയിൽ ആരോപിക്കുന്നത്. സംഭവത്തിൽ ഇന്നലെയാണ് പൊലീസ് കേസെടുത്തത്.