13 പേര്‍ക്ക് കയറാവുന്ന ബോട്ടില്‍ 40 പേര്‍, കൊച്ചിയില്‍ ഉല്ലാസ ബോട്ടുകള്‍ പിടിച്ചെടുത്തു

 



കൊച്ചി- കൊച്ചി മറൈന്‍ ഡ്രൈവില്‍ നടത്തിയ പരിശോധനയില്‍ അനുവദനീയമായതിലും കൂടുതല്‍ യാത്രക്കാരെ കയറ്റിയ ഉല്ലാസബോട്ടുകള്‍ പിടിച്ചെടുത്തു. സെന്റ് മേരീസ്, സന്ധ്യ എന്നീ ബോട്ടുകളാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.  ഇരുബോട്ടിലെയും സ്രാങ്കുമാരെ അറസ്റ്റ് ചെയ്തു. ഇരുവരുടേയും ലൈസന്‍സ് റദ്ദാക്കുമെന്ന് പോലീസ് അറിയിച്ചു. സെന്റ് മേരീസ് എന്ന ബോട്ടാണ് 13 പേരെ മാത്രം കയറ്റാന്‍ അനുമതിയുള്ള സാഹചര്യത്തില്‍ 40 ലധികം ആളുകളുമായി മറൈന്‍ ഡ്രൈവില്‍ സര്‍വ്വീസ് നടത്തിയത്. പോലീസ് പരിശോധനക്കെത്തിയത് ദൂരെ നിന്ന് കണ്ട ഉടനെ സന്ധ്യ എന്ന ബോട്ട് പുറപ്പെടുകയും പകുതി ആളുകളെ ബോട്ടിലേക്ക് മാറ്റാന്‍ ശ്രമിക്കുകയും ചെയ്തു. ഈ രണ്ട് ബോട്ടുകളും തിരിച്ചെത്തിയ ഉടനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മറൈന്‍ ഡ്രൈവ് അടക്കം ബോട്ട് സര്‍വീസ് നടത്തുന്ന മേഖലകളില്‍ പോലീസ് സുരക്ഷ ശക്തമാക്കുകയും ബോട്ടില്‍ അനുവദനീയമായതില്‍ അധികം ആളുകളെ കയറ്റരുതെന്ന് ബോട്ടുടമകള്‍ക്ക് കര്‍ശനമായ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നിട്ടും കടുത്ത നിയമലംഘനമാണ് ബോട്ടുടമകളുടെ ഭാഗത്തു നിന്നുമുണ്ടായത്. താനൂരിലേത് പോലെയുള്ള അപകടങ്ങള്‍ ആവര്‍ത്തിക്കാതെയിരിക്കാന്‍ കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയ സാഹചര്യത്തിലും ബോട്ട് ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച ഗുരുതരമാണെന്നും കടുത്ത നടപടിയുണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി.