ജാതിപ്പേര് വിളിച്ച് അധിക്ഷേപം; പി എം ആര്‍ഷോ വ്യാജസത്യവാങ്മൂലം നല്‍കിയെന്ന് നിമിഷാ രാജു

 

കൊച്ചി- എസ് എഫ് ഐ നേതാവ് പി എം ആര്‍ഷോ എ ഐ എസ് എഫ് നേതാവ് നിമിഷ രാജുവിനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന കേസ് വീണ്ടും ചര്‍ച്ചയാകുന്നു. കേസില്‍ നിമിഷാ രാജു പി എം ആര്‍ഷോയ്‌ക്കെതിരായ മൊഴി മാറ്റിപ്പറഞ്ഞിട്ടുണ്ടെന്ന് കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായ അഡ്വ. ആയിഷ പി ജമാല്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്ന് കേസില്‍ മൊഴിമാറ്റിയിട്ടില്ലെന്നും കേസില്‍ ഉറച്ചു നില്‍ക്കുമെന്നും വ്യക്തമാക്കി നിമിഷ രാജു രംഗത്തുവന്നു. 

നിമിഷരാജു ആര്‍ഷോയെ മിസ് ഐഡന്റിഫൈ ചെയ്തതാണെന്നും നിമിഷയ്ക്ക് പരാതിയില്ല എന്നുമുള്ള തരത്തില്‍ ഒരു വ്യാജ അഫിഡവിറ്റ് ആര്‍ഷോ കോടതിയില്‍ നല്‍കിയതായി നിമിഷ ആരോപിച്ചു. സഹപാഠിയെ വീട് കയറി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായി ജയിലില്‍ ആയിരിക്കുന്ന സമയത്ത് പരീക്ഷ എഴുതാന്‍ വേണ്ടി പി എം ആര്‍ഷോ വക്കില്‍ മുഖാന്തരം നല്‍കിയ ജാമ്യാപേക്ഷയോടൊപ്പമാണ് ഈ വ്യാജ അഫിഡവിറ്റ് കൂടി സമര്‍പ്പിച്ചത്. എന്നാല്‍ തന്റെ അഭിഭാഷകനായ അയൂബ് ഖാന്‍ ഇത് തെറ്റാണെന്ന് കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. 

നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലിട്ട് പെണ്‍കുട്ടിയായ സഹപാഠിയെ ശാരീരികമായി കയ്യേറ്റം ചെയ്യുകയും മര്‍ദ്ദിക്കുകയും ജാതി അധിക്ഷേപവും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്ത ഒരുപറ്റം ക്രിമിനല്‍ സംഘങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ഒരു ക്രിമിനല്‍ കേസ് പ്രതിക്ക് വേണ്ടിയാണോ അഡ്വ. ആയിഷ ജമാല്‍ സംസാരിക്കുന്നതെന്ന് നിമിഷ രാജു ചോദിച്ചു. പി എം ആര്‍ഷോയുടെ ഖാപ്പ് പഞ്ചായത്ത് മേധാവി എന്ന റോള്‍ ഏറ്റെടുത്ത് കളവും അസത്യവും പ്രചരിപ്പിച്ച് നേരും നെറിയോടെയും ജീവിക്കുന്ന എന്റെ ആത്മാഭിമാനത്തിനും രാഷ്ട്രീയത്തിനും ഹാനി ഉണ്ടാക്കുവാനാണ് അഡ്വ. ആയിഷ ശ്രമിച്ചത്. കോടതിയില്‍ തുടരുന്ന ഒരു ക്രിമിനല്‍ കേസിലെ പ്രതിക്ക് വേണ്ടി പൊതു സമൂഹത്തില്‍ വാദിച്ച ആയിഷ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പദവി ഉപേക്ഷിക്കണമെന്നും പോസ്റ്റ് പിന്‍വലിച്ച് മാപ്പു പറയണമെന്നും നിമിഷ രാജു ആവശ്യപ്പെട്ടു.

എന്നാല്‍ താന്‍ ആധാരമാക്കി എഴുതിയത് ഒരു ജാമ്യഉത്തരവില്‍ പരാമര്‍ശിച്ചിരിക്കുന്ന കാര്യങ്ങളാണെന്നും അത് പിന്‍വലിക്കാന്‍ ഉദ്ദേശ്യമില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടറുടെ ഉത്തരവാദിത്തം തന്നെ ഏല്‍പിച്ചത് സര്‍ക്കാരാണെന്നും അത് തുടരണോ വേണ്ടയോ എന്നത് സര്‍ക്കാരിന് മാത്രം തീരുമാനിക്കാവുന്ന ഒന്നാണെന്നും മറ്റാരും തീരുമാനിക്കേണ്ടെന്നും അഡ്വ. ആയിഷ ജമാല്‍ ഇന്ന് ഫേസ്ബുക്കിലൂടെ തന്നെ നിമിഷക്ക് മറുപടി നല്‍കി.