ഏഴ് കോടിയുടെ മയക്കുമരുന്നുമായി വിദേശവനിത കൊച്ചിയില്‍ പിടിയില്‍

 

കൊച്ചി- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഏഴ് കോടിയോളം രൂപ വിലവരുന്ന ഒരു കിലോയിലേറെ ഹെറോയിനുമായി ആഫ്രിക്കന്‍ രാജ്യമായ ബുറൂണ്ടി സ്വദേശിനി നഹിമാന യെറ്റെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സിന്റെ(ഡി.ആര്‍.ഐ) പിടിയിലായി.

ഇന്നു പുലര്‍ച്ചെ 3.15ന് നെയ്‌റോബിയില്‍ നിന്നും ഷാര്‍ജ വഴി എയര്‍ അറേബ്യ വിമാനത്തിലാണ് ഇവര്‍ നെടുമ്പാശേരിയിലെത്തിയത്. ഇവരുടെ കൈവശം മയക്കുമരുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് 4.30ഓടെ ഡി.ആര്‍.ഐ വിശദമായി നടത്തിയ പരിശോധനയില്‍ ബാഗേജിലെ രഹസ്യ അറയില്‍ നിന്നാണ് രണ്ട് പാക്കറ്റുകളിലായി ഹെറോയിന്‍ കണ്ടെത്തിയത്. ആദ്യമായാണ് കേരളത്തിലെത്തിയതെന്നാണ് ഇവര്‍ ഡി.ആര്‍.ഐക്ക് മൊഴി നല്കിയിട്ടുള്ളത്. മയക്കുമരുന്ന് ആര്‍ക്ക് കൈമാറാനാണ് ലക്ഷ്യമിട്ടിരുന്നതെന്നതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. പ്രതിയെ തുടര്‍ നടപടികള്‍ക്കായി കസ്റ്റംസിന് കൈമാറി. വിമാനം എത്തിയ സമയത്ത് വിമാനത്താവള പരിസരത്തുണ്ടായവരെ കുറിച്ചും ഡി.ആര്‍.ഐ അന്വേഷിക്കുന്നുണ്ട്.

ഡല്‍ഹി വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം ഒരു കാമറൂണ്‍ വനിതയും ഇത്തരത്തില്‍ മയക്കുമരുന്നുമായി പിടിയിലായിട്ടുണ്ട്. രാണ്ടാഴ്ച്ച മുമ്പ് നെടുമ്പാശേരി വിമാനത്താവളത്തില്‍ 40 ലക്ഷം രൂപയുടെ 325 ഗ്രാം ആംഫെറ്റമിന്‍ മയക്കുമരുന്നുമായി മാലി സ്വദേശി യൂസഫ് ഫൗലിദിന്‍ സി.ഐ.എസ്.എഫിന്റെ പിടിയിലായിരുന്നു.