സോളാര്‍ കേസ് അന്വേഷിച്ച ഡിവൈ എസ് പി ഹരികൃഷ്ണന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ആരോപണ വിധേയന്‍, ഉന്നത നേതാവിന്റെ അടുപ്പക്കാരന്‍

 

കായംകുളം- സോളാര്‍ തട്ടിപ്പു കേസ് അന്വേഷിച്ച റിട്ട. ഡിവൈഎസ്പി കെ.ഹരികൃഷ്ണന്‍ കായംകുളത്ത് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. രാമപുരത്തെ റെയില്‍വേ ലെവല്‍ ക്രോസില്‍ നിന്നാണ് ഹരികൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെ മൃതദേഹം കണ്ടെത്തിയിരുന്നെങ്കിലും ആളെ തിരിച്ചറിഞ്ഞിരുന്നില്ല. ഇന്ന് രാവിലെയാണ് ഹരികൃഷ്ണനാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചത്. റെയില്‍വേ ട്രാക്കിന് സമീപം നിര്‍ത്തിയിട്ടിരുന്ന ഇദ്ദേഹത്തിന്റെ കാറില്‍ നിന്ന് ഒരു കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.
പെരുമ്പാവൂര്‍ ഡിവൈഎസ്പിയായിരുന്ന സമയത്താണ് ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ സോളാര്‍ കേസ് പ്രതി സരിത എസ് നായരെ അറസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ അദ്ദേഹം നേരിട്ടിരുന്നു.  മറ്റൊരു അന്വേഷണ സംഘം സരിതയെ കസ്റ്റഡിയില്‍ എടുക്കുന്നതിന് മുമ്പ് അര്‍ധരാത്രി തിടുക്കപ്പെട്ട് സരിതയെ അറസ്റ്റു ചെയ്തത് ഒരു ഉന്നതന്റെ നിര്‍ദേശ പ്രകാരമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സരിതയുടെ പക്കല്‍ നിന്ന് പിടിച്ചെടുത്ത നിര്‍ണായക വീഡിയോ ദൃശ്യങ്ങളടങ്ങിയ ലാപ്‌ടോപ് ഹരികൃഷ്ണന്‍ ഒരു ഉന്നത രാഷ്ട്രീയ നേതാവിന് എത്തിച്ചുകൊടുത്തുവെന്ന് അക്കാലത്ത് ആരോപണമുണ്ടായി. തന്റെ വിശ്വസ്തനായ ഉദ്യോഗസ്ഥന്‍ എത്തിച്ചു കൊടുത്ത ഈ വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് ഈ രാഷ്ട്രീയ നേതാവ് അന്നത്തെ മുഖ്യമന്ത്രിയെ സമ്മര്‍ദത്തിലാക്കി സര്‍ക്കാരില്‍ ഉന്നത പദവികള്‍ നേടുകയും മുഖ്യമന്ത്രിയെ സംശയത്തിന്റെ നിഴലിലാക്കുകയും ചെയ്തതായി ആരോപണമുണ്ടായി.
ഇതുമായി ബന്ധപ്പെട്ട് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ വിജിലന്‍സ് കേസും ഇയാള്‍ക്കെതിരെ ഉണ്ട്. ഇയാള്‍ താമസിക്കുന്ന ഫ്ളാറ്റിലും കായംകുളത്തും ഹരിപ്പാടുമുള്ള വീടുകളിലും വിജിലന്‍സ് റെയ്ഡും നടന്നിരുന്നു. സോളാര്‍ കമ്മിഷനിലും ഹരികൃഷ്ണന് വിമര്‍ശമേല്‍ക്കേണ്ടിവന്നിരുന്നു.