ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ കേസ്; മൂന്നാം പ്രതി അറസ്റ്റിൽ

 

ഇടുക്കി: ആദിവാസി യുവാവിനെ വനംവകുപ്പ് കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ മൂന്നാം പ്രതിയെയും പോലീസ് അറസ്റ്റ് ചെയ്തു. സീനിയർ ഗ്രേഡ് ഡ്രൈവർ ജിമ്മി ജോസഫ് ആണ് അറസ്റ്റിലായത്. ഈ കേസുമായി ബന്ധപ്പെട്ട് രണ്ട് തവണ ജിമ്മി ജോസഫ് ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യഅപേക്ഷ ഫയൽ ചെയ്തിരുന്നു. ആദ്യം നൽകിയ മുൻ‌കൂർ ജാമ്യഅപേക്ഷ ഹൈക്കോടതി തള്ളി. തുടർന്ന് ജിമ്മി ജോസഫ് വീണ്ടും ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യഅപേക്ഷ സമർപ്പിക്കുകയും ചെയ്തു.

തുടർന്ന് രണ്ടാമതും ജാമ്യഅപേക്ഷ പരിഗണിച്ച ഹൈക്കോടതി വീണ്ടും ഹർജി തള്ളുകയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരാകുവാൻ നിർദേശിക്കുകയും ചെയ്തു.  ഇതെത്തുടർന്നാണ് ഉപ്പുതറ പോലീസ്  സ്റ്റേഷനിൽ എത്തിയ ജിമ്മി ജോസഫ് കീഴടങ്ങുകയായിരുന്നു. അങ്ങനെയാണ് ജിമ്മി ജോസഫിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കള്ളക്കേസിൽ പെടുത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട് ഉപ്പുതറ പൊലീസ് തന്നെയാണ് പരാതി നൽകിയത്.

പട്ടിക ജാതി പട്ടിക വർഗ പീഡന നിരോധന നിയമം ഉൾപ്പെടെ ചുമത്തിയാണ് കേസ് എടുത്തിരുന്നത്. പീരുമേട് ഡി.വൈ .എസ്.പിയാണ് ഈ കേസ് അന്വേഷിച്ചിരുന്നത്. കേസിലെ ഒന്നാം പ്രതിയായ സെഷൻസ് ഫോറെസ്റ് ഓഫീസർ അനിൽ ഉൾപ്പെടെ 3 പേരെ മുൻപുതന്നെ അറസ്റ്റ് ചെയ്ത് കഴിഞ്ഞു. ഇനി അറസ്റ്റിലാകാൻ ഉള്ളത് ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ആയിരുന്ന ബി രാഹുൽ ആണ്. ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്. സെപ്റ്റംബർ ഒൻപതിനാണ് കേസ് പരിഗണിക്കുക അതിന് ശേഷമാകും ബി രാഹുലിനെ പൊലീസിന് അറസ്റ്റ് ചെയ്യാൻ സാധ്യത.