വരുമാനം കുതിച്ചു, ചെലവ് ഇടിഞ്ഞു, കേരളം സാമ്പത്തിക മികവിലെന്ന് സി എ ജി

 


തിരുവനന്തപുരം-അര നൂറ്റാണ്ടിലെ മികച്ച സാമ്പത്തിക നേട്ടവുമായി സംസ്ഥാന ധനവകുപ്പ്.  കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിന്റെ റവന്യു വരുമാനം കുതിച്ചുയര്‍ന്നതായി കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍. റവന്യു ചെലവ് ഗണ്യമായി കുറച്ചു. കടമെടുപ്പില്‍ വലിയ നിയന്ത്രണം കൊണ്ടുവരാനായി. ധനക്കമ്മിയും റവന്യുക്കമ്മിയും കുത്തനെ താഴ്ന്നു. തനത് വരുമാനം, തനത് നകുതി വരുമാനം എന്നിവയിലെ നേട്ടവും ധനവകുപ്പിന് നേട്ടമായി.

കഴിഞ്ഞവര്‍ഷം ബജറ്റില്‍ പ്രഖ്യാപിച്ച തനത് വരുമാനം സംസ്ഥാനത്തിന് ലക്ഷ്യം കൈവരിക്കാന്‍ സാധിച്ചതായി സിഎജിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 1,34,098 കോടി രൂപ തനത് വരുമാനമായി ലക്ഷ്യമിട്ടു. 1,32,537 കോടി സമാഹരിച്ചു. നേട്ടം 99 ശതമാനം. മുന്‍വര്‍ഷം ഇത് 89 ശതമാനമായിരുന്നു. തനത് നകുതി വരുമാനത്തിലും റെക്കോര്‍ഡ് നേട്ടമാണ്. ബജറ്റില്‍ പ്രഖ്യാപിച്ചതില്‍ 98 ശതമാനം സമാഹരിച്ചു. 91,818 കോടി ലക്ഷ്യമിട്ടപ്പോള്‍ 90,230 കോടി ലഭിച്ചു. മുന്‍വര്‍ഷം 90 ശതമാനമായിരുന്നു. റവന്യു വരുമാനവും കുതിച്ചുയര്‍ന്നു. റവന്യു ചെലവ് ഗണ്യമായി കുറച്ചു. കടമെടുപ്പില്‍ വലിയ നിയന്ത്രണം കൊണ്ടുവരാനായതും ധനക്കമ്മിയും റവന്യുക്കമ്മിയും കുത്തനെ താഴ്ന്നതും സംസ്ഥാനത്തിന്റെ നേട്ടമായി.

സംസ്ഥാനത്തിന് പൂര്‍ണ നിയന്ത്രണമുള്ള സ്റ്റാമ്പ് ഡ്യുട്ടി, രജിസ്‌ട്രേഷന്‍ ഫീസ്, ഭൂനികുതി, വില്‍പന നികുതി, എക്‌സൈസ് നികുതി എന്നിവയെല്ലാം ലക്ഷ്യം പിന്നിട്ടു. സ്റ്റാമ്പ് ഡ്യുട്ടിയില്‍ 133 ശതമാനമാണ് വര്‍ധന. ഭൂനികുതിയില്‍ നേട്ടം141 ശതമാനം. വില്‍പന നികുതിയിലും എക്‌സൈസ് നികുതിയിലും 108 ശതമാനം വീതമാണ് വര്‍ധന. ജിഎസ്ടിയില്‍ 42,637 കോടി ലക്ഷ്യമിട്ടപ്പോള്‍ 34,642 കോടിയാണ് നേടാനായത്. ആകെ ജിഎസ്ടി വരുമാനത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനം വളര്‍ച്ചയാണുണ്ടായത്. കേന്ദ്ര നികുതി വിഹിതം കുറഞ്ഞഞ്ഞെങ്കിലും സംസ്ഥാനത്തിന്റെ നികുതിയേതര വരുമാനത്തില്‍ 128 ശതമാനമാണ് വര്‍ധനവ്. അതെസമയം, കേന്ദ്ര സഹായങ്ങളില്‍ 3225 കോടിയാണ് കുറഞ്ഞത്.

രാഷ്ട്രീയ തിരിച്ചിടികള്‍ക്കിടയില്‍ സര്‍ക്കാരിന് വലിയ നേട്ടമായി മാറുകയാണ് സി എ ജി പുറത്തുവിട്ട കണക്കുകള്‍.