ഗുസ്തി താരങ്ങളുടെ മഹിളാ മഹാപഞ്ചായത്ത്: പുതിയ പാര്‍ലമെന്റില്‍ പോലീസ് സന്നാഹം

ഡല്‍ഹിയിലേക്കുള്ള അതിര്‍ത്തികള്‍ അടച്ചു
 

ഡല്‍ഹി- പുതിയ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ ഗുസ്തി താരങ്ങള്‍ ഇന്നുച്ചക്ക് നടത്തുന്ന മഹിളാ മഹാ പഞ്ചായത്ത് തടയാന്‍ വന്‍ സന്നാഹവുമായി പൊലീസ്. താരങ്ങളെ പിന്തുണച്ച് രാജസ്ഥാന്‍, ഹരിയാന, യുപി സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന കര്‍ഷകരെയും സ്ത്രീകളെയും തടയാന്‍ ഡല്‍ഹി അതിര്‍ത്തികളെല്ലാം കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ വച്ച് അടച്ചു. രാവിലെ 11:30ന് ജന്തര്‍ മന്ദറില്‍ നിന്നും പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാര്‍ച്ച് നടത്തും. ഇതേസമയത്ത് തന്നെ തിക്രു, ഗാസിപ്പൂര്‍, സിംഘു എന്നീ അതിര്‍ത്തികളില്‍ നിന്നും ഡല്‍ഹിക്ക് അകത്തേക്കും മാര്‍ച്ച് നടത്തും. തീര്‍ത്തും സമാധാനപരമായിരിക്കും മാര്‍ച്ചെന്ന് താരങ്ങള്‍ അറിയിച്ചു.

ബ്രിജ് ഭൂഷണിനെതിരെ ഡല്‍ഹി പൊലീസ് നടപടി സ്വീകരികാത്ത സാഹചര്യത്തിലാണ് മഹാ പഞ്ചായത്ത് സംഘടിപ്പിക്കുന്നത്. മാസം ഒന്ന് പിന്നിട്ടിട്ടും ഗുസ്തി താരങ്ങളുടെ പരാതിയില്‍ പൊലീസ് പേരിന് പോലും നടപടി സ്വീകരിച്ചിട്ടില്ല. മെയ് 27 നകം ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന് ഖാപ്പ് പഞ്ചായത്ത് താക്കീതും നല്‍കി.

ഇതുവരെയും എഫ്ഐആറില്‍ തുടര്‍നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയില്‍ വലിയ പ്രക്ഷോഭത്തിനായി ഗുസ്തി താരങ്ങള്‍ ഒരുങ്ങുന്നത്. രാവിലെ പതിനൊന്ന് മണിയോടെ ജന്തര്‍ മന്ദറില്‍ നിന്നും രാജസ്ഥാനില്‍ നിന്നുള്ള കര്‍ഷകര്‍ക്ക് ഒപ്പമായിരിക്കും താരങ്ങള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുക. ഉത്തര്‍പ്രദേശില്‍ നിന്നുള്ള കര്‍ഷകര്‍ ഗാസിപ്പൂര്‍ അതിര്‍ത്തിയിലും, ഹരിയാനയില്‍ നിന്നുള്ള കര്‍ഷകര്‍ തിക്രി അതിര്‍ത്തിയിലും, പഞ്ചാബില്‍ നിന്നുള്ള കര്‍ഷകര്‍ സിംഘു അതിര്‍ത്തിയിലും ഇതേ സമയം മാര്‍ച്ച് ആരംഭിക്കും.

തങ്ങളെ പിന്തുണച്ചെത്തുന്നവരെ പൊലീസ് ഭയപ്പെന്നുവെന്ന് ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം തുടരുന്ന ഗുസ്തി താരങ്ങള്‍ ആരോപിച്ചു. പഞ്ചാബില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരുന്ന സ്ത്രീകള്‍ താമസിക്കുന്നഅംബാലയിലെ ഗുരുദ്വാരയില്‍ പൊലീസ് എത്തി പരിശോധന നടത്തുകയാണെന്നും താരങ്ങള്‍ ആരോപിച്ചു . പൊട്ടിക്കരഞ്ഞുകൊണ്ടാണ് താരങ്ങള്‍ പ്രതികരിച്ചത്. തങ്ങള്‍ക്ക് മേല്‍ വലിയ സമ്മര്‍ദ്ദമുണ്ട്. നീതി ലഭിക്കാതെ പിന്‍മാറില്ല എന്നും താരങ്ങള്‍ ആവര്‍ത്തിച്ചു. പൊലീസ് എന്ത് തടസങ്ങള്‍ സ്വഷിച്ചാലും മഹിളാ മഹാപഞ്ചായത്ത് നടത്തും. തീരുമാനത്തില്‍ നിന്നും നിന്നും പിന്‍മാറില്ലെന്ന് ഗുസ്തി താരങ്ങള്‍ അറിയിച്ചു. ഡല്‍ഹി അതിര്‍ത്തികള്‍ പൊലീസ് അടച്ചിരിക്കുകയാണ്. നീതി തേടുന്ന തങ്ങളാണ് കുറ്റക്കാര്‍ എന്ന നിലയില്‍ പ്രചരണം നടത്തുന്നു. തങ്ങള്‍ക്ക് എന്ത് സംഭവിക്കും എന്ന് അറിയില്ലെന്നും ഗുസ്തി താരം വിനേശ് ഫോഗട്ട് വ്യക്തമാക്കി.  ഡല്‍ഹിയിലേക്ക് പുറപ്പെട്ട കര്‍ഷകരെ ഹരിയാന പൊലീസ് കസ്റ്റഡിയിലെടുത്തതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

അതേസമയം പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം തടസപ്പെടുത്തരുതെന്നും ജനങ്ങള്‍ എന്തു തീരുമാനിക്കുന്നുവോ അത് അനുസരിക്കാന്‍ തയ്യാറാണെന്നും ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ പറഞ്ഞു.