ആരെ ഭയന്നാണ് മുഖ്യമന്ത്രി 40 വണ്ടികളുടെ അകമ്പടിയില്‍ യാത്ര ചെയ്യുന്നത്? ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസുകാരെ കരുതല്‍ തടങ്കലില്‍ വയ്ക്കുന്നത്? ഇതെന്താ വെള്ളരിക്കാ പട്ടണമാണോ?; വിഡി സതീശന്‍

 

കോഴിക്കോട:് മുഖ്യമന്ത്രി സഞ്ചരിക്കുന്ന വഴികളിലെല്ലാം മുന്‍കരുതല്‍ എന്ന പേരില്‍ വ്യാപകമായി കോണ്‍ഗ്രസ് യൂത്ത്, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്യുകയാണ്. കരുതല്‍തടങ്കല്‍ പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ എടുക്കുന്നത്? മുഖ്യമന്ത്രി എന്തിനാണ് ഭയപ്പെടുന്നത്? മുഖ്യമന്ത്രി രണ്ട് മണിക്കൂറിന് ശേഷം അതുവഴി പോകുന്നുണ്ടെന്ന് പറഞ്ഞാണ് പെരുമ്പാവൂരില്‍ യൂത്ത് കേണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുത്തവരെയെല്ലാം കരുതല്‍ തടങ്കലിലാക്കിയത്. യോഗം ചേരാനുള്ള അവകാശം നിഷേധിച്ചിട്ടുണ്ടോ? കരിങ്കൊടി പ്രതിഷേധം പാടില്ലെന്ന് എവിടെയാണ് പറഞ്ഞിരിക്കുന്നത്? നികുതിക്കൊള്ള അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് സമരത്തിലാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ സ്വാഭാവികമായും പ്രതിഷേധിക്കും. ഒരു കല്ല് പോലും വലിച്ചെറിഞ്ഞിട്ടില്ല. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് കല്ലെറിഞ്ഞവരാണ് സി.പി.എമ്മുകാര്‍. വഴിയരികില്‍ നിന്ന് കരിങ്കൊടി കാണിക്കുന്നതിനെ മുഖ്യമന്ത്രി എന്തിനാണ് ഭയപ്പെടുന്നത്? സത്യഗ്രഹ സമരം നടത്താന്‍ മാത്രമെ പ്രതിപക്ഷത്തിന് അറിയൂ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അങ്ങനെ സത്യഗ്രഹം മാത്രം നടത്താന്‍ അറിയുന്ന പ്രതിപക്ഷത്തെ ഭയന്ന് മുഖ്യമന്ത്രി എന്തിനാണ് 40 വണ്ടികളുടെ അകമ്പടിയില്‍ യാത്ര ചെയ്യുന്നത്?

എറണാകുളത്ത് ഒരു പെണ്‍കുട്ടിയെ പൊലീസ് ഉദ്യോഗസ്ഥന്‍ നടുറോഡിലൂടെ വലിച്ചിഴച്ചു. ഇത്തരം ധിക്കാരങ്ങളൊന്നും അനുവദിക്കാനാകില്ല. പൊലീസിനെ ഇത്തരത്തില്‍ ഉപയോഗിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെങ്കില്‍ അതേരീതിയില്‍ ഞങ്ങളും പ്രതിരോധിക്കും. ഒരു കാലത്തും ഇല്ലാത്ത രീതിയിലാണ് കേസുകളെടുക്കുന്നത്. ഭയം കൊണ്ട് ഭരിക്കുന്ന ഏകാധിപതിയായ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറിയിരിക്കുകയാണ്. കുഞ്ഞിന് മരുന്ന് വാങ്ങാന്‍ പോയ ആളെയും കട ഉടമയെയും പൊലീസ് പേടിപ്പിച്ചു. ഇതെന്താ വെള്ളരിക്കാ പട്ടണമാണോ? മുഖ്യമന്ത്രി പോയാല്‍ ഒരാളും വഴിയില്‍ കാണാന്‍ പാടില്ലെന്നാണോ? കുറെക്കാലം കറുപ്പിനോടായിരുന്നു മുഖ്യമന്ത്രിക്ക് ദേഷ്യം. ഇപ്പോള്‍ വെളുത്ത വസ്ത്രമിട്ട് വരുന്ന കോണ്‍ഗ്രസുകാരെ പിടിച്ചുകൊണ്ട് പോകുകയാണ്. ഒരാളും താന്‍ യാത്ര ചെയ്യുന്ന വഴികളില്‍ ഉണ്ടാകാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി തീരുമാനിച്ചിരിക്കുകയാണ്. ബസ് കാത്ത് പോലും ആരും നില്‍ക്കാന്‍ പാടില്ല. മുഖ്യമന്ത്രി ആരെയാണ് ഇത്രയും പോടിക്കുന്നത്?

സോളാര്‍, ബാര്‍ കോഴ വിവാദങ്ങളില്‍ ബി.ജെ.പിയുമായി ചേര്‍ന്ന് സമരം ചെയ്തതിന്റെ ഓര്‍മ്മയിലാണ് യു.ഡി.എഫ് ബി.ജെ.പിക്കൊപ്പം സമരം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞത്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്ന ബജറ്റിലെ നികുതി നിര്‍ദ്ദേശങ്ങള്‍ക്ക് എതിരെയാണ് യു.ഡി.എഫ് സമരം ചെയ്യുന്നത്. സംസ്ഥാനത്ത് ആത്മഹത്യകള്‍ പെരുകുകയാണ്. കടക്കെണിയില്‍ അല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നിട്ട് എന്തിനാണ് ആറ് മാസം ശമ്പളം കിട്ടാത്തതിനെ തുടര്‍ന്ന് സാക്ഷരതാ പ്രേരക് ആത്മഹത്യ ചെയ്തത്? ജപ്തി ഭയന്ന് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണ്. യു.ഡി.എഫ് സംഘടിപ്പിച്ച കര്‍ഷക സമര പ്രഖ്യാപന കണ്‍വെന്‍ഷന് ബദലായാണ് മുഖ്യമന്ത്രി കോട്ടയത്ത് പ്രസംഗിച്ചത്. കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ നല്‍കാനുള്ള 400 കോടി രൂപ നല്‍കുമെന്നും റബറിന്റെ താങ്ങ് വില 250 ആയും പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി അവിടെ തയാറാകണമെന്നാണ് യു.ഡി.എഫ് ആവശ്യപ്പെട്ടത്. എന്നാല്‍ പ്രതിപക്ഷ നേതാവ് ആസിയാന്‍ കരാര്‍ നോക്കണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ആസിയാന്‍ കരാര്‍ നോക്കിയാല്‍ കര്‍ഷകര്‍ക്കുള്ള  400 കോടിയും റബറിന്റെ 250 രൂപയെന്ന താങ്ങ് വിലയും ലഭിക്കുമോ? കാര്‍ഷിക കടാശ്വാസ തുക കിട്ടിയാലെ കര്‍ഷകര്‍ക്ക് ആധാരം ബാങ്കുകളില്‍ നിന്നും എടുക്കാന്‍ സാധിക്കൂ. സമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണം ചെയ്യുന്നവര്‍ക്കുള്ള തുകയും 14 മാസമായി വിതരണം ചെയ്തിട്ടില്ല. സംസ്ഥാനത്തിന്റെ സ്ഥിതി ഇതായിട്ടും ജനങ്ങളെ ഭയപ്പെടുത്തി കരുതല്‍ തടങ്കലും അറസ്റ്റും നടത്തുകയാണ്.

കേന്ദ്രത്തില്‍ നിന്നുള്ള ജി.എസ്.ടി കോമ്പന്‍സേഷന്‍ കോവിഡ് കാലത്ത് മാത്രമാണ് വൈകിയത്. ഇനി 750 കോടിയില്‍ മാത്രമെ കിട്ടാനുള്ളൂ. എന്നിട്ടും റവന്യൂ കമ്മിയുടെ ഗ്രാന്റ് നാലായിരം കോടിയായി വെട്ടിക്കുറച്ചെന്ന് സി.പി.എം ക്യാപ്സ്യൂള്‍ ഇറക്കിയിരിക്കുകയാണ്. റവന്യൂ കമ്മി ഗ്രാന്റ് നിശ്ചയിക്കുന്നത് ഫിനാന്‍സ് കമ്മിഷനാണ്. അത് അഞ്ച് വര്‍ഷത്തേക്ക് 53000 കോടിയായിരുന്നു. ആദ്യ വര്‍ഷങ്ങളില്‍ അത് കൂടുതലാണ്. പിന്നീടത് കുറയുമെങ്കിലും ആകെ 53000 സംസ്ഥാനത്തിന് ലഭിക്കും. എന്നിട്ടും വെട്ടിക്കുറച്ചെന്ന് പറയുന്നത് കള്ളമാണ്.

കേന്ദ്ര ധനകാര്യമന്ത്രി പറഞ്ഞത് ജി.എസ്.ടി കോമ്പന്‍സേഷന്‍ രേഖകള്‍ കേരളം സമര്‍പ്പിച്ചില്ലെന്നാണ്. യഥാര്‍ത്ഥത്തില്‍ അത് ശരിയല്ല. ഐ.ജി.എസ്.ടി പൂളില്‍ നിന്നുള്ള തുകയാണ് സംസ്ഥാനത്തിന് നഷ്ടമായത്. ഇക്കാര്യം പ്രതിപക്ഷമാണ് നിയമസഭയില്‍ ആദ്യമായി ഉന്നയിച്ചത്. നടപടി ക്രമങ്ങള്‍ പാലിക്കാത്തതു കൊണ്ടും കണക്ക് സമര്‍പ്പിക്കാത്തതും കൊണ്ട് ഒരു വര്‍ഷം 5000 കോടി രൂപയാണ് സംസ്ഥാനത്തിന് നഷ്ടമായത്. കെടുകാര്യസ്ഥതയില്‍ 5 വര്‍ഷം കൊണ്ട് 25000 കോടി രൂപയാണ് സംസ്ഥാനത്തിന് നഷ്ടമായത്. ഈ നഷ്ടം നികത്താനാണ് 4000 കോടിയുടെ അധിക നികുതി ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചത്. സ്വര്‍ണത്തില്‍ നിന്നും പതിനായിരം കോടിയെങ്കിലും നികുതി കിട്ടേണ്ട സ്ഥാനത്താണ് 340 കോടി മാത്രം കിട്ടിയത്. ബാറിന്റെ എണ്ണം കൂടിയിട്ടും ടേണ്‍ ഓവര്‍ ടാക്സ് പരിച്ചെടുത്തില്ല. പ്രതിപക്ഷം ഇക്കാര്യങ്ങളൊക്കെ ചൂണ്ടിക്കാട്ടിയപ്പോള്‍ തെറ്റാണെന്ന് ധനമന്ത്രി പറഞ്ഞിട്ടില്ല. നികുതി പരിവിലുണ്ടായ ഗൗരവതരമായ പരാജയമാണ് സംസ്ഥാന സര്‍ക്കാരിന് ഉണ്ടായിരിക്കുന്നത്. എന്നിട്ടാണ് ഇതിനെ പ്രതിരോധിക്കാന്‍ ക്യാപ്സ്യൂള്‍ ഇറക്കിയിരിക്കുന്നത്.