വിദേശഫണ്ട് പിരിവ്; വി ഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണം

 

തിരുവനന്തപുരം- പ്രളയപുനരധിവാസത്തിന് വിദേശഫണ്ട് പിരിവ് നടത്തിയതിലെ ക്രമക്കേട് സംബന്ധിച്ച പരാതിയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ വിജിലന്‍സിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ് അന്വേഷണ ഉത്തരവില്‍ ഒപ്പുവെച്ചത്. സര്‍ക്കാര്‍ അനുമതി ലഭിച്ചതോടെ വി ഡി സതീശനെ പ്രതിയാക്കി വിജിലന്‍സ് കേസെടുത്ത് അന്വേഷണമാരംഭിക്കും.

നേരത്തെ പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കേസെടുത്ത് വിശദമായ അന്വേഷണം നടത്താന്‍ അനുമതി ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് ഫയല്‍ കൈമാറിയിരുന്നു. ഇതിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. 

2018ലെ പ്രളയത്തിന് ശേഷം തന്റെ മണ്ഡലമായ പറവൂരില്‍ വിഡി സതീശന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ പുനര്‍ജനി പദ്ധതിയിലെ ക്രമക്കേടുകളാണ് അന്വേഷിക്കുക. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശത്തു നിന്നും പദ്ധതിക്ക് വേണ്ടി പണം പിരിച്ചുവെന്നതാണ് പ്രഥാന ആരോപണം. പദ്ധതിക്ക് വേണ്ടി വിദേശത്തെ ഏത് സംഘടനയില്‍ നിന്നാണ് പണം വാങ്ങിയത്, ഈ പണം ഏത് വിധത്തിലാണ് കേരളത്തിലേക്ക് എത്തിച്ചത്, നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നോ, സര്‍ക്കാരിന്റെ അനുമതി വാങ്ങിയാണോ പണപ്പിരിവിനായി വിഡി സതീശന്‍ വിദേശത്തേക്ക് പോയത് എന്നതടക്കം നിരവധി കാര്യങ്ങള്‍ അന്വേഷണത്തിന്റെ പരിധിയില്‍ വരും. ഫണ്ട് വിനിയോഗിച്ചതിന്റെ കണക്കുകള്‍ സതീശന്‍ പുറത്തുവിടാന്‍ തയ്യാറാകുന്നില്ലെന്ന പരാതിയില്‍ ഫണ്ട് വിനിയോഗം സംബന്ധിച്ചും അന്വേഷണം നടക്കും. 

അതിനിടെ സതീശന്റെ വിദേശ ഫണ്ട് പിരിവിനെക്കുറിച്ച് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്.