മുഖ്യമന്ത്രിയുടെ മടിയിൽ കനം, പണമെല്ലാം പോകുന്നത് ഒരു പെട്ടിയിലേക്ക് : വി ഡി സതീശൻ

 
കോഴിക്കോട്- മുഖ്യമന്ത്രിയുടെ മടിയിൽ കനമുണ്ടെന്നും അതിനാലാണ് എ.ഐ ക്യാമറാ കരാറുകളുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടി ഇല്ലാത്തതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷ ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുകയാണ്. എ.ഐ ക്യാമറ പദ്ധതിയിലെ മൂന്ന് കമ്പനികളുടെ കൺസോർഷ്യം രൂപീകരിച്ച യോഗത്തിൽ വിദേശ വ്യവസായി ഉണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ലാഭങ്ങൾ എല്ലാം പോകുന്നത് ഒരു പെട്ടിയിലേക്കാണ്. ഉപകരാറുകൾ പലതും ഇവർക്കാണ് കിട്ടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
 ഊരാളുങ്കൽ അടക്കമുള്ള കമ്പനികൾ ഉപ കരാർ കൊടുക്കുന്നത് പ്രിസാഡിയോ എന്ന കമ്പനിക്കാണ്. സർക്കാരിൽ നിന്ന് കിട്ടുന്ന പർച്ചേസ് ഓർഡറും കമ്മീഷനും എല്ലാം കിട്ടുന്നത് ഇതേ കമ്പനിക്ക് തന്നെയാണ്. ഇതെങ്ങനെയാണ് സംഭവിക്കുന്നതെന്നതിൽ മുഖ്യമന്ത്രി ഉത്തരം പറഞ്ഞേ മതിയാകൂ. 
 ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ അഴിമതിയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ആരോപണങ്ങൾ മുഖ്യമന്ത്രിയുടെ പടിവാതിലിലാണ്. പ്രസാഡിയോ കമ്പനിക്ക് മുഖ്യമന്ത്രിയുമായുള്ള ബന്ധം എന്തെന്ന് അദ്ദേഹം വ്യക്തമാക്കണം. മുഖ്യമന്ത്രിക്ക് ഭീതിയും ഭയവുമാണ്. ഇക്കാരണത്താലാണ് അദ്ദേഹം പ്രതിപക്ഷത്തെ പരിഹസിക്കുന്നത്. ഇത്ര ഭീരുവായ മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ലെന്നും പരിഹസിച്ചു. 
പ്രധാന പ്രവൃത്തികളൊന്നും ഉപകരാർ കൊടുക്കരുതെന്ന് കരാറിലുണ്ട്. ഇത് ലംഘിച്ചാണ് നടപടികൾ നടന്നത്. എ.ഐ ക്യാമറക്ക് പിന്നിൽ വൻ കൊള്ളയെന്ന് ആവർത്തിച്ച പ്രതിപക്ഷ നേതാവ്, വിജിലൻസ് അന്വേഷണം പ്രഹസനമാണെന്നും സമഗ്രമായ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. പിണറായി സർക്കാരിന്റെ അഴിമതിക്കെതിരെ മെയ് 20ന് സെക്രട്ടേറിയറ്റ് വളഞ്ഞ് സമരം ശക്തമാക്കുമെന്നും വ്യക്തമാക്കി.
 താനും രമേശ് ചെന്നിത്തലയും ആലോചിച്ചാണ് എ.ഐ ക്യാമറ വിഷയത്തിൽ പ്രതികരണം നടത്തുന്നത്. യു.ഡി.എഫിലും ചർച്ച ചെയ്താണ് ആരോപണം ഉന്നയിക്കുന്നത്. ആരാണ് പ്രതിപക്ഷ നേതാവ് എന്ന കാര്യത്തിൽ ഞങ്ങൾ തമ്മിൽ തർക്കമില്ല. അദ്ദേഹം പ്രതിപക്ഷ നേതാവായ ഘട്ടത്തിൽ ഉണ്ടായ കാര്യങ്ങളെക്കുറിച്ചാണ് ചെന്നിത്തല പ്രതികരിച്ചത്. ഇത് ഞാനുമായി കൂടിയാലോച്ചിച്ചു തന്നെയാണ്. ഉമ്മൻചാണ്ടി പ്രതിപക്ഷ നേതാവായിരുന്നപ്പോൾ അദ്ദേഹം അന്നത്തെ ഇടത് സർക്കാറിനെതിരെ ഒരൊറ്റ അഴിമതി ആരോപണവും ഉന്നയിച്ചിരുന്നില്ല. എന്നാൽ, അന്ന് അദ്ദേഹത്തിന്റെയും പാർട്ടി-മുന്നണി തീരുമാനത്തിന്റെയും ഭാഗമായി ലോട്ടറി അടക്കമുള്ള വിഷയങ്ങളിൽ അഴിമതി ആരോപണം എം.എൽ.എയായിരുന്ന താനാണ് ഉന്നയിച്ചതെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.