500 കോടി പിഴത്തുക ഉത്തരവാദികളില്‍ നിന്ന് ഈടാക്കണം

ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് നല്‍കാന്‍ അനുവദിക്കില്ലെന്ന് വി ഡി സതീശന്‍

 
കെ.കെ രമയെ ചേര്‍ത്ത് പിടിച്ച് സംരക്ഷിക്കും. രമയ്ക്ക് മേല്‍ ഒരാളും കുതിര കയറാന്‍ വരേണ്ട.

നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ കൊച്ചി നഗരസഭയ്ക്ക് ചുമത്തിയ 100 കോടി രൂപ പിഴ ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തിന് ഉത്തരവാദികളായവരില്‍ നിന്ന് ഈടാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പിഴത്തുക ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് നല്‍കാന്‍ അനുവദിക്കുകയില്ലെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ബ്രഹ്മപുരത്തെ തീപിടുത്തത്തില്‍ കുറ്റക്കാര്‍ ജനങ്ങളല്ല. ലക്ഷക്കണക്കിന് ടണ്‍  പ്ലാസ്റ്റിക് മാലിന്യം കത്തിച്ച് അന്തരീക്ഷത്തില്‍ മുഴുവന്‍ വിഷപ്പുക നിറച്ച് ഏറ്റവും അപകടകാരിയായ ഡയോക്‌സിന്‍ ജനങ്ങളുടെ ശരീരത്തില്‍ കലര്‍ന്ന് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാകുന്ന ഈ സ്ഥിതി വിശേഷത്തിന് ഉത്തരവാദികള്‍ ആരാണോ അവരാണ് ഗ്രീന്‍ ട്രൈബ്യൂണല്‍ വിധിച്ച പിഴത്തുക അടക്കേണ്ടത്. 
മാലിന്യത്തിന് പെട്രോളൊഴിച്ച് തീകൊടുത്ത കരാറുകാരെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ഇപ്പോഴും ശ്രമിക്കുന്നത്. തീപിടുത്തത്തിന്റെ കാരണത്തെക്കുറിച്ച് ഒരു പ്രാഥമിക റിപ്പോര്‍ട്ട് പോലും പോലീസ് നല്‍കിയിട്ടില്ല. മുഖ്യമന്ത്രിയുടെ കൈയിലുള്ള വിജിലന്‍സിനെ വെച്ചുകൊണ്ട് പാര്‍ട്ടി ബന്ധുക്കളായ ഈ ആളുകളെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് സതീശന്‍ വ്യക്തമാക്കി. 
നിയമസഭയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് സതീശന്‍ വ്യക്തമാക്കി.  സഭാസ്തംഭനം നീണ്ടു പോകണമെന്ന് പ്രതിപക്ഷത്തിന് ആഗ്രഹമില്ല. എന്നാല്‍ ഞങ്ങളുടെ ആവശ്യങ്ങളില്‍ നിന്ന് പിന്നോട്ടു പോകുന്ന പ്രശ്‌നമില്ല. ഒന്നാമത്തെ പ്രശ്‌നം അടിയന്തര പ്രമേയത്തിനുള്ള പ്രതിപക്ഷത്തിന്റെ അവകാശമാണ്. അത് മുഖ്യമന്ത്രിയുടെ തന്നിഷ്ടത്തില്‍ തീരുമാനിക്കാന്‍ പറ്റില്ല. അത് വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ല. അത് വിട്ടുകൊടുത്താല്‍ പിന്നെ നിയമസഭയിലേക്ക് പോയിട്ട് ആവശ്യമില്ല. പരാതിക്കാരായ എം എല്‍ എമാര്‍ക്കെതിരായി പത്തുകൊല്ലം തടവുശിക്ഷ കിട്ടുന്ന ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തിരിക്കുകയാണ്. അതിനെല്ലാം പരിഹാരമുണ്ടായാല്‍ സമവായത്തെക്കുറിച്ച് ആലോചിക്കാം.  നിയമസഭയില്‍ പോകണമെന്നും സര്‍ക്കാരിനെ സഭയില്‍ ജനകീയ വിചാരണ ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്തരുതെന്നുമാണ് ഞങ്ങളുടെ ആഗ്രഹം. ചര്‍ച്ച ചെയ്യില്ലെന്ന പിടിവാശിയില്ലെന്ന് സതീശന്‍ വ്യക്തമാക്കി. 

ചന്ദ്രശേഖരനെ 52 വെട്ട് വെട്ടി കൊന്നവര്‍ കലിയടങ്ങാതെ കെ.കെ രമയ്ക്ക് നേരെ ആക്രോശവുമായി വരികയാണ്. സമൂഹമാധ്യമങ്ങളില്‍ എം.എല്‍.എ തന്നെ രമയ്‌ക്കെതിരെ ആക്ഷേപവുമായി വരികയാണ്. പരിക്ക് പറ്റാത്തവര്‍ക്ക് പ്ലാസ്റ്റര്‍ ഇട്ട് കൊടുക്കുന്ന സ്ഥലമാണോ തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയെന്ന ചോദ്യത്തിന് ആരോഗ്യമന്ത്രിയാണ് മറുപടി നല്‍കേണ്ടത്. കെ.കെ രമയെ അധിക്ഷേപിക്കാന്‍ കിട്ടുന്ന ഒരു അവസരവും സി.പി.എം പാഴാക്കാറില്ല. രമയ്ക്ക് മേല്‍ ഒരാളും കുതിര കയറാന്‍ വരേണ്ട. ഞങ്ങള്‍ അവരെ ചേര്‍ത്ത് പിടിച്ച് സംരക്ഷിക്കും. വിധവയായ സ്ത്രീയെ അപമാനിക്കുന്നത് കേരളം കണ്ടു കൊണ്ടിരിക്കുകയാണെന്നത് മറക്കേണ്ട. പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോള്‍ ബഹളമുണ്ടാക്കാന്‍ 10 എംഎല്‍എമാരെയാണ് സി.പി.എം ചുമതലപ്പെടുത്തിയിരിക്കുന്നത്. എന്നിട്ടാണ് ജനാധിപത്യത്തെ കുറച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചുമൊക്കെ അവര്‍ ചര്‍ച്ച നടത്തുന്നത്.