വിവാദ ഭൂമി ഇടപാട്; മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് വത്തിക്കാനിലെ സഭാ കോടതിയുടെ ക്ലീന്‍ചിറ്റ്

 

സിറോ മലബാര്‍ സഭയുടെ ഭൂമി ഇടപാട് കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് വത്തിക്കാന്‍ സഭാ കോടതിയുടെ ക്ലീന്‍ ചിറ്റ്. അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിനാണ് സഭാ കോടതിയുടെ ഉത്തരവ് ലഭിച്ചത്. കര്‍ദ്ദിനാള്‍ വ്യക്തിപരമായി നേട്ടമുണ്ടാക്കിയിട്ടില്ലെന്നും വത്തിക്കാന്‍ കണ്ടെത്തി. 
വിവാദ ഭൂമി ഇടപാടില്‍ കര്‍ദ്ദിനാള്‍ വ്യക്തിപരമായി നേട്ടമുണ്ടാക്കിയിട്ടില്ലെന്നാണ് വത്തിക്കാന്റെ കണ്ടെത്തല്‍. സീറോ മലബാര്‍ സഭയുടെ നഷ്ടം നികത്താന്‍ ഭൂമി വില്‍ക്കാന്‍ വത്തിക്കാന്‍ സഭാ കോടതി അനുമതിയും നല്‍കി. കോട്ടപ്പടി, ദേവികുളം എന്നിവിടങ്ങളിലെ ഭൂമി വില്‍ക്കാമെന്നാണ് നിര്‍ദ്ദേശം. അതേസമയം, ഭൂമി കൈമാറ്റത്തില്‍ കാനോനിക നിയമപ്രകാരം നടപടി എടുക്കാനും നിര്‍ദ്ദേശമുണ്ട്.
സിറോ മലബാര്‍ സഭയുടെ ഭൂമി വില്‍പ്പനയില്‍ ക്രമക്കേടുകള്‍ ആരോപിച്ചുള്ള കേസുകള്‍ റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിലുള്ള കേസുകളിലെ നടപടികള്‍ റദ്ദാക്കണമെന്നാണ് മാര്‍ ആലഞ്ചേരി സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. പള്ളിയുടെ സ്വത്ത് പൊതു ട്രസ്റ്റിന്റെ ഭാഗമായി വരുമെന്നും, ഇവ കൈമാറ്റം ചെയ്യാന്‍ ബിഷപ്പുമാര്‍ക്ക് പൂര്‍ണ അധികാരമില്ലെന്നും നേരത്തെ ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു. 
ഭൂമി ഇടപാടുകളിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ജോഷി വര്‍ഗീസാണ് ഹര്‍ജി നല്‍കിയത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കം 24 പേരാണ് കേസിലെ പ്രതികള്‍. ഇടനിലക്കാരും, ഭൂമി വാങ്ങിയവരും പ്രതിപട്ടികയിലുണ്ട്. ആധാരം വിലകുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തി ക്രമക്കേട് നടത്തിയെന്ന് കാണിച്ച് ഇഡിയും കേസെടുത്തിരുന്നു.