വന്ദേഭാരത് കേരളത്തിലെത്തി, പാലക്കാടും എറണാകുളത്തും വന്‍സ്വീകരണമൊരുക്കി ബി ജെ പി

 

കൊച്ചി- കൊച്ചി- കേരളം കാത്തിരുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ കേരളത്തിലെത്തി. പാലക്കാട് ഒലവക്കോട് സ്‌റ്റേഷനില്‍ നിര്‍ത്തിയ  വന്ദേ ഭാരത് എക്‌സ്പ്രസിന് പുഷ്്പ ഹാരങ്ങളും പുഷ്പവൃഷ്ടിയുമായാണ് വന്ദേഭാരതിനെ ബി ജെ പ്രവര്‍ത്തകര്‍ വരവേറ്റത്. ചെന്നൈയില്‍ നിന്ന് പുലര്‍ച്ചെ പുറപ്പെട്ട ട്രെയിന്‍ എപ്പോള്‍ എത്തുമെന്ന കാര്യം രഹസ്യമായി വെച്ചിരിക്കുകയായിരുന്നു. ഒലവക്കോട് ജംഗ്ഷന്‍ സ്‌റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതല്ല. ബി ജെ പി പ്രവര്‍ത്തകരുടെ ആവശ്യം  കണക്കിലെടുത്താണ് ട്രെയിന്‍ നിര്‍ത്താന്‍ തീരുമാനിച്ചത്. ട്രെയിന്‍ എത്തുമ്പോള്‍ ഇവിടെ ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടികൊടികളുമേന്തി വന്‍തോതില്‍ തടിച്ചു കൂടിയിരുന്നു. നരേന്ദ്രമോഡിക്ക് മുദ്രാവാക്യം മുഴക്കിയാണ് അവര്‍ ട്രെയിനിനെ വരവേറ്റത്. ട്രെയിനിലുണ്ടായിരുന്ന ലോക്കോ പൈലറ്റിനും മറ്റ് ജീവനക്കാര്‍ക്കും ഭക്ഷണപ്പൊതികളും മറ്റും നല്‍കി അവര്‍ സന്തോഷം പങ്കുവെച്ചു. മധുരപലഹാര വിതരണവും നടത്തി. 
ട്രെയിന്‍ എറണാകുളം സ്റ്റേഷനില്‍ നിര്‍ത്തിയപ്പോഴും ബി ജെ പി നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ആവേശകരമായ സ്വീകരണമാണ് ഒരുക്കിയത്. വന്ദേഭാരതിന്റെ വരവ് വന്‍ രാഷ്ട്രീയ നേട്ടമാക്കി മാറ്റാനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു സ്വീകരണ പരിപാടികള്‍.