കണ്ണൂരില്‍ ട്രെയിനിന് തീപ്പിടിച്ചു; അട്ടിമറിയെന്ന് സംശയം

സംഭവത്തില്‍ പാലക്കാട്‌ എഡിആര്‍എം സക്കീര്‍ ഹുസൈനിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു
 

കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീപ്പിടിച്ചു. കണ്ണൂര്‍ ആലപ്പുഴ എക്‌സിക്യൂട്ടീവിനാണ് (16306)തീപ്പിടിച്ചത്. വ്യായാഴ്ച്ച പുലര്‍ച്ചെ 1-30 നാണ് സംഭവം. തീപ്പിടുത്തം ഏലത്തൂര്‍ ട്രെയിന്‍ ആക്രമണം നടന്ന അതേ ട്രെയിനിനാണ്. ഒരു ബോഗി പൂര്‍ണ്ണമായും കത്തി നശിച്ചു. ഇന്ധനം ഒഴിച്ച് കത്തിച്ചെന്നാണ് നിഗമനം. അട്ടിമറിയെന്ന് സംശയം. സിസിടിവി ദ്യശ്യങ്ങളില്‍ ഇരുട്ടിന്റെ മറവില്‍ ഓരാള്‍ കാനുമായി പോകുന്നത് ദ്യശ്യങ്ങളില്‍ വ്യക്തമാണ്.

പിന്‍ഭാഗത്തെ ജനറല്‍ കോച്ചിനാണ് തീവച്ചത്. യാത്രക്കാരെ ഇറക്കി രണ്ട് മണിക്കൂറിനുള്ളിലാണ് ട്രെയിനിന് തീപ്പിടുത്തം ഉണ്ടായത്. BPCLന്റെ സിസിടിവിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. തീപടര്‍ന്നത് ശ്രദ്ധയില്‍പ്പെട്ട റെയില്‍വേ അധികൃതര്‍ അഗ്നിശമനാ സേനയെ വിവരം അറിയിച്ചാണ് തീ അണച്ചത്. ഏപ്രില്‍ രണ്ടാം തീയ്യതിയാണ് ഏലത്തൂര്‍ സ്റ്റേഷനില്‍ വച്ച് ഇതേ ട്രെയിനിന് തീപ്പിടുത്തം ഉണ്ടായത്. സമാന സംഭവം ഇപ്പോള്‍ ഉണ്ടായത് ദുരൂഹത വര്‍ധിപ്പിച്ചിരിക്കുകയാണ്.  

സംഭവത്തില്‍ പാലക്കാട്‌ എഡിആര്‍എം സക്കീര്‍ ഹുസൈനിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. അന്വേഷണം പൂര്‍ത്തിയായശേഷം കൂടുതല്‍ പ്രതികരിക്കാമെന്ന് അധികൃര്‍ അറിയിച്ചു.

Content Highlights - Train caught fire in Kannur