പശ്ചിമകൊച്ചിക്കാര്‍ ഗതാഗത നിയന്ത്രണത്തില്‍ കുടുങ്ങും

പശ്ചിമകൊച്ചി- തേവര റോഡില്‍ വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല

 

കൊച്ചി- പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്നും നാളെയും കൊച്ചി നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പശ്ചിമ കൊച്ചിക്കാര്‍ക്ക് എറണാകുളത്തേക്കും എറണാകുളത്തു നിന്ന് തിരിച്ചും പോകണമെങ്കില്‍ വൈറ്റില വഴി ആലപ്പുഴ ദേശീയപാതയില്‍ കയറി കിലോമീറ്ററുകള്‍ ചുറ്റിക്കറങ്ങേണ്ടിവരും.
ഇന്ന് ഉച്ചക്ക് 2 മുതല്‍ രാത്രി 8 വരെ പശ്ചിമകൊച്ചി ഭാഗത്ത് നിന്നും തേവര ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. പശ്ചിമകൊച്ചി ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ തോപ്പുംപടി, തേവര ഫെറി, കുണ്ടന്നൂര്‍ , വൈറ്റില വഴിയും ഇടക്കൊച്ചി, അരൂര്‍ വഴിയും ദേശീയപാതയില്‍ പ്രവേശിച്ച് വേണം എറണാകുളം ഭാഗത്തേക്ക് വരാന്‍.തേവര ഫെറി ഭാഗത്ത് നിന്ന് തേവരയ്ക്കും തിരിച്ചും വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
എറണാകുളത്ത് നിന്നും പശ്ചിമകൊച്ചിക്ക് പോകുന്ന വലിയ വാഹനങ്ങള്‍ കുണ്ടന്നൂര്‍, അരൂര്‍ വഴി വേണം പോകാന്‍. പള്ളിമുക്ക് ഭാഗത്ത് നിന്നു തേവര ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. വാഹനങ്ങള്‍ പള്ളിമുക്കില്‍ നിന്നും തിരിഞ്ഞ് കടവന്ത്ര വഴി വൈറ്റിലയ്ക്ക് പോകണം. എറണാകുളം ഭാഗത്ത് നിന്നു പശ്ചിമകൊച്ചിയിലേക്ക് പോകുന്ന സര്‍വ്വീസ് ബസുകള്‍ പള്ളിമുക്കില്‍ നിന്നും തിരിഞ്ഞ് കടവന്ത്ര, വൈറ്റില, കുണ്ടന്നൂര്‍, അരൂര്‍ വഴി പോകണം.
ചൊവ്വ രാവിലെ 8 മുതല്‍ 10.30 വരെ തേവര ഭാഗത്ത് നിന്നും പശ്ചിമ കൊച്ചി ഐലന്‍ഡ് ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.വാഹനങ്ങള്‍ തേവര ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് തേവര ഭാഗത്തേക്ക് പോകേണ്ടതാണ്.പശ്ചിമ കൊച്ചി ഭാഗത്തുനിന്നും തേവര ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.