ടൈറ്റന്‍ സമുദ്രപേടകം നാല് ദിവസം മുമ്പ് തന്നെ സ്‌ഫോടനത്തില്‍ ഛിന്നഭിന്നമായി

അഞ്ച് പേരുടെയും അവശിഷ്ടങ്ങള്‍ പോലും ലഭിക്കില്ല
 

 

ടൈറ്റാനിക് ദുരന്താവശിഷ്ടങ്ങള്‍ കാണാനായി പുറപ്പെട്ട ടൈറ്റന്‍ ചരിത്രത്തിലെ മറ്റൊരു ദുരന്തമായി. സമുദ്രപേടകമായ ടൈറ്റന്‍ നാല് ദിവസം മുമ്പ് തന്നെ പൊട്ടിത്തെറിച്ച് യാത്രികരായ അഞ്ച് പേരുടെയും അവശിഷ്ടങ്ങള്‍ പോലും ലഭിക്കാന്‍ കഴിയാത്ത വിധം ഛിന്നഭിന്നമായതായാണ് റിപ്പോര്‍ട്ടുകള്‍. ടൈറ്റനെ നിയന്ത്രിച്ചിരുന്ന മദര്‍ഷിപ്പുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ട സമയത്ത് തന്നെ സ്‌ഫോടനം നടന്നതായാണ് അനുമാനം. പുറത്തേക്കുള്ള പൊട്ടിത്തെറി (എക്‌സ്‌പ്ലോഷന്‍) അല്ല അകത്തേക്കുള്ള പൊട്ടിത്തെറി ( കാറ്റാസ്‌ട്രോഫിക് ഇംപ്ലോഷന്‍) ആണ് നടന്നതെന്ന് വിദഗ്ധര്‍ പറയുന്നു. കടലിന്റെ അടിത്തട്ടിലെ സമ്മര്‍ദം താങ്ങാന്‍ പേടത്തിന് കഴിയാതെ പേടകം ഇംപ്ലോഡ് ചെയ്യുകയായിരുന്നു. ടൈറ്റാനിക്കിന് 1600 അടി അകലെയാണ് ടൈറ്റാന്റെ  അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇവ കാണാതായ ടൈറ്റന്റേതാണെന്ന് സ്ഥിരീകരിച്ചു. കനേഡിയന്‍ ഹൊറൈസണ്‍ ആര്‍ട്ടിക് കപ്പലില്‍ നിന്നുള്ള റിമോട്ട് വാഹനമാണ് ടൈറ്റാന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് എന്ന് കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി.

ഓഷ്യന്‍ഗേറ്റ് എക്സ്പെഡിഷന്‍സ് കപ്പലിലുണ്ടായിരുന്ന കമ്പനി സ്ഥാപകനും  ഉടമയും സിഇഒയുമായ സ്റ്റോക്ക്ടണ്‍ റഷ്,  ഷഹ്സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകന്‍ സുലൈമാന്‍ ദാവൂദ്, ഹാമിഷ് ഹാര്‍ഡിംഗ്, പോള്‍-ഹെന്റി നര്‍ഗൊലെറ്റ് എന്നിവര്‍ മരിച്ചുവെന്ന് ഓഷ്യന്‍ഗേറ്റ് വാര്‍ത്താക്കുറിപ്പില്‍ സ്ഥിരീകരിച്ചു.

21 അടി നീളമുള്ള ചെറിയ മുങ്ങി കപ്പല്‍ ഒരു മില്ലീ സെക്കന്റില്‍ പൊട്ടിത്തെറിച്ചിരിക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. മര്‍ദ്ദം താങ്ങാന്‍ സാധിക്കാതെ ലീക്ക് ഉണ്ടായി എന്നാണ് മനസ്സിലാകുന്നത് അതിനാല്‍ത്തന്നെ  ആ സ്‌ഫോടനം നാല് ദിവസം മുമ്പ് സംഭവിച്ചിരിക്കാമെന്ന് ഓഷ്യന്‍ഗേറ്റിന്റെ സ്ഥാപകരിലൊരാളായ ഗില്ലെര്‍മോ സോണ്‍ലൈന്‍ ബിബിസിയോട് പറഞ്ഞു.

അറ്റ്‌ലാന്റിക് സമുദ്ര ഉപരിതലത്തില്‍ നിന്ന് 12,500 അടി താഴെയുള്ള  വെള്ളത്തിനടിയിലെ മര്‍ദ്ദത്തെ ചെറുക്കാന്‍ കഴിയുന്ന തരത്തിലാണ് സബ്മെര്‍സിബിളുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ടൈറ്റാന്‍ സഞ്ചരിക്കുന്ന ആഴക്കടലില്‍ സമുദ്രനിരപ്പിനെക്കാള്‍ 400 മടങ്ങ് കൂടുതലാണ് മര്‍ദ്ദം. എന്നാല്‍ പേടകത്തിന്റെ പുറംചട്ടയ്ക്ക് എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍, അത് ചോര്‍ച്ചയ്ക്ക് കാരണമാകുകയും, അത് ആ തീവ്രമായ സമ്മര്‍ദ്ദത്തില്‍ പെട്ടന്ന് പൊട്ടിത്തെറിക്കുന്നതിന് കാരണമാകുകയും ചെയ്യം. കാറ്റാസ്‌ട്രോഫിരക് ഇപ്ലോഷന്‍ ഒരു ബോംബ് സ്‌ഫോടനം പോലെയാണ്. ഒരു മില്ലിസെക്കന്‍ഡിനുള്ളില്‍ പേടകം ചിന്നഭിന്നമായി തകര്‍ന്നു പോയിരിക്കാം. സ്‌ഫോടനം മില്ലിസെക്കന്‍ഡ് മാത്രം നീണ്ടുനില്‍ക്കുന്നതായിരിക്കും. 1961-ല്‍ യു.എസ്.എസ് ത്രെഷര്‍ എന്ന അന്തര്‍വാഹിനിക്ക് സമാനമായ അപകടമാണ് സംഭവിച്ചത് അതും മര്‍ദ്ദം താങ്ങാന്‍ ആകാതെ പൊട്ടിത്തെറിച്ചതായി കരുതപ്പെടുന്നു.